വാഷിങ്ടണ്‍: എല്ലാ വര്‍ഷവും ജൂലൈ 4-ന് അമേരിക്ക സ്വാതന്ത്ര്യദിനം ആഘോഷിക്കാറുണ്ട്. ഇത്തവണ രാജ്യം സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികമാണ് ആഘോഷിക്കുന്നത്. സെമിക്വിന്‍സെന്റീനിയല്‍ എന്നറിയപ്പെടുന്ന ഈ നാഴികക്കല്ലിനോടനുബന്ധിച്ച് രാജ്യത്തുടനീളം പരേഡുകള്‍, വെടിക്കെട്ടുകള്‍, ആഘോഷപരിപാടികള്‍ എന്നിവ അരങ്ങേറുകയാണ്.
എന്നാല്‍, 1776 ജൂലൈ 4-ന് യഥാര്‍ഥത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പൊതുധാരണകളില്‍ പലതും ചരിത്രപരമായി കൃത്യമല്ലെന്നാണ് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നത്.
സാധാരണയായി കരുതുന്നതുപോലെ അമേരിക്ക ജൂലൈ 4ന് അല്ല ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ വോട്ട് ചെയ്തത്. യഥാര്‍ഥത്തില്‍, 1776 ജൂലൈ 2-ന് ഫിലഡല്‍ഫിയയില്‍ ചേര്‍ന്ന രണ്ടാം കോണ്‍ടിനെന്റല്‍ കോണ്‍ഗ്രസ്, വെര്‍ജീനിയ പ്രതിനിധിയായ റിച്ചാര്‍ഡ് ഹെന്റി ലീ അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ബ്രിട്ടനില്‍ നിന്ന് കോളനികള്‍ നിയമപരമായി വേര്‍പിരിഞ്ഞത്.
സ്വാതന്ത്ര്യത്തിനായുള്ള പ്രമേയം പാസായതിന് ശേഷം തോമസ് ജെഫേഴ്‌സണ്‍ തയ്യാറാക്കിയ സ്വാതന്ത്ര്യ പ്രഖ്യാപനരേഖ കോണ്‍ഗ്രസ് വിശദമായി പരിശോധിക്കുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്തു. രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം 1776 ജൂലൈ 4-ന് അന്തിമ രൂപം നല്‍കിയ രേഖ കോണ്‍ഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചു.
ഈ രേഖയുടെ മുകളില്‍ രേഖപ്പെടുത്തിയ തിയ്യതി ജൂലായ് 4 1776 ആയിരുന്നതിനാലാണ് പിന്നീട് ജൂലൈ 4 അമേരിക്കയുടെ സ്വാതന്ത്ര്യദിനമായി ചരിത്രത്തില്‍ ഇടംപിടിച്ചത്.
അമേരിക്കന്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ ജോണ്‍ ട്രംബുള്‍ വരച്ച പ്രശസ്തമായ ചിത്രത്തില്‍ സ്ഥാപക നേതാക്കള്‍ എല്ലാവരും ജൂലൈ 4-ന് ഒരുമിച്ച് സ്വാതന്ത്ര്യ പ്രഖ്യാപനരേഖയില്‍ ഒപ്പുവെക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ അത് ചരിത്രവസ്തുതയല്ല.
1776 ജൂലൈ 4-ന് രേഖയില്‍ ഒപ്പുവെച്ചത് കോണ്‍ടിനെന്റല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജോണ്‍ ഹാന്‍കോക്കും സെക്രട്ടറി ചാള്‍സ് തോംസണും മാത്രമാണ്.
ഇന്ന് അമേരിക്കന്‍ നാഷണല്‍ ആര്‍കൈവ്‌സില്‍ സൂക്ഷിച്ചിരിക്കുന്ന ഔദ്യോഗിക രേഖ കടലാസില്‍ കൈയെഴുത്തായി തയ്യാറാക്കിയതിന് ശേഷമാണ് ഭൂരിഭാഗം പ്രതിനിധികളും 1776 ഓഗസ്റ്റ് 2-ന് ഒപ്പുവെച്ചത്. ആകെ 56 പ്രതിനിധികളില്‍ ചിലര്‍ മാസങ്ങള്‍ക്കുശേഷമാണ് രേഖയില്‍ തങ്ങളുടെ ഒപ്പ് രേഖപ്പെടുത്തിയത്.
