'അമേരിക്കന്‍ ഹൊറര്‍ സ്റ്റോറി' താരം എമ്മ റോബര്‍ട്‌സ് കോഡി ജോണിനെ വിവാഹം ചെയ്തു

'അമേരിക്കന്‍ ഹൊറര്‍ സ്റ്റോറി' താരം എമ്മ റോബര്‍ട്‌സ് കോഡി ജോണിനെ വിവാഹം ചെയ്തു


സണ്‍ വാലി: ഹോളിവുഡ് നടിയും അമേരിക്കന്‍ ഹൊറര്‍ സ്റ്റോറി താരവുമായ എമ്മ റോബര്‍ട്‌സ് ദീര്‍ഘകാല പങ്കാളിയായ കോഡി ജോണിനെ വിവാഹം ചെയ്തു. ഐഡഹോയിലെ സണ്‍ വാലിയില്‍ കുടുംബ എസ്റ്റേറ്റില്‍ നടന്ന സ്വകാര്യ ഔട്ട്‌ഡോര്‍ ചടങ്ങിലായിരുന്നു വിവാഹം.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ആദ്യം ഡ്യൂസ്മോയി പങ്കുവെച്ചതും പിന്നീട് വോഗ് പ്രസിദ്ധീകരിച്ചതുമായ ചിത്രങ്ങളില്‍ വിവാഹച്ചടങ്ങിന്റെ ചില മനോഹര നിമിഷങ്ങള്‍ കാണാം.

വിവാഹത്തിനായി എമ്മ റോബര്‍ട്‌സ് പ്രശസ്ത ഡിസൈനറായ മോണിക് ലുലിയര്‍ ഒരുക്കിയ പ്രത്യേക ബ്രൈഡല്‍ ഗൗണാണ് ധരിച്ചത്. ഒഴുകുന്ന സില്‍ക്ക് ഷിഫോണ്‍ തുണി, സുതാര്യമായ ഷാള്‍, നീളമുള്ള വെയില്‍ എന്നിവയടങ്ങിയതായിരുന്നു വസ്ത്രം.

വിവാഹാനന്തര ആഘോഷത്തിനായി മോണിക് ലുലിയറിന്റെ പഴയ ശേഖരത്തില്‍ നിന്നുള്ള മറ്റൊരു വസ്ത്രവും എമ്മ ധരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

കോഡി ജോണ്‍ ബ്രൗണ്‍ നിറത്തിലുള്ള ടെയ്‌ലര്‍ ചെയ്ത സ്യൂട്ടാണ് വിവാഹത്തിന് തിരഞ്ഞെടുത്തത്. മുന്‍ പങ്കാളിയായ ഗാരറ്റ് ഹെഡ്‌ലണ്ടുമായി പങ്കിടുന്ന എമ്മയുടെ അഞ്ച് വയസുകാരനായ മകന്‍ റോഡ്‌സ് വിവാഹവേദിയിലേക്ക് അമ്മയെ കൈപിടിച്ച് കൊണ്ടുവന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അക്കാദമി അവാര്‍ഡ് ജേതാവായ എമ്മയുടെ അമ്മായി ജൂലിയ റോബര്‍ട്‌സും ഭര്‍ത്താവ് ഡാനി മോഡറും ചടങ്ങില്‍ പങ്കെടുത്തു.

വിവാഹത്തിന് മുമ്പ് തന്റെ വധുവേഷത്തെക്കുറിച്ച് എമ്മ റോബര്‍ട്‌സ് വോഗിനോട് സംസാരിച്ചിരുന്നു.

'ഒരു സിനിമയില്‍ ഞാന്‍ മുമ്പ് വിവാഹിതയായിട്ടുണ്ട്. അതിനായി അന്ന് വിവാഹവസ്ത്രങ്ങള്‍ പരീക്ഷിച്ചിരുന്നു. അത് വളരെ വിചിത്രമായൊരു അനുഭവമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് യഥാര്‍ഥ വിവാഹമാണ്,' എമ്മ പറഞ്ഞു.

പുരാതന പുസ്തകങ്ങളോടും പഴയ വസ്തുക്കള്‍ ശേഖരിക്കുന്നതിനോടുമുള്ള തന്റെ താത്പര്യം വസ്ത്രത്തില്‍ പ്രതിഫലിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

'പഴയ പുസ്തകങ്ങളും നിധികള്‍ കണ്ടെത്തുന്നതും എനിക്ക് ഇഷ്ടമാണ്. പഴയ ഓര്‍മവസ്തുക്കള്‍ ശേഖരിക്കാനും ഇഷ്ടമാണ്. അതുകൊണ്ട് ആ വികാരം വസ്ത്രത്തിലൂടെ പ്രകടമാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു,' എമ്മ വ്യക്തമാക്കി.

വെള്ള നിറത്തിലുള്ള സാധാരണ വസ്ത്രത്തിന് പകരം 'ഒരു പ്രേതത്തെപ്പോലെയോ പഴയകാലത്തെ ഒരു പ്രേത പാവയെപ്പോലെയോ' തോന്നണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു.

2022-ലാണ് എമ്മ റോബര്‍ട്‌സും കോഡി ജോണും തമ്മിലുള്ള ബന്ധം പുറത്തറിഞ്ഞത്. ഇരുവരും ചുംബിക്കുന്ന ചിത്രം കോഡി ഇന്‍സ്റ്റഗ്രാമില്‍ 'സ്വീറ്റ് സ്വീറ്റ്' എന്ന കുറിപ്പോടെ പങ്കുവെച്ചതോടെയാണ് ബന്ധം ശ്രദ്ധ നേടിയത്.

2024 ജൂലൈയിലാണ് ഇരുവരും വിവാഹനിശ്ചയം പ്രഖ്യാപിച്ചു. വിവാഹമോതിരത്തിന്റെ ചിത്രം പങ്കുവെച്ച് എമ്മ, 'അമ്മ എല്ലാവരോടും പറയുന്നതിന് മുമ്പ് ഇവിടെ ഇടുന്നു' എന്നായിരുന്നു കുറിച്ചത്.

തങ്ങളുടെ ബന്ധം പൊതുജനശ്രദ്ധയില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് ഇരുവരും ശ്രമിച്ചിരുന്നത്. ഇടയ്ക്കിടെ മാത്രമാണ് പരസ്പരമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്.

എമ്മ റോബര്‍ട്‌സിന്റെയും കോഡി ജോണിന്റെയും ആദ്യ വിവാഹമാണിത്. ഇതിന് മുമ്പ് എമ്മ നടന്‍ ഇവാന്‍ പീറ്റേഴ്‌സുമായി വിവാഹനിശ്ചയം നടത്തിയിരുന്നു. പിന്നീട് ഗാരറ്റ് ഹെഡ്‌ലണ്ടുമായി ബന്ധത്തിലായിരുന്ന എമ്മയ്ക്ക് അദ്ദേഹത്തിലൂടെയാണ് മകന്‍ റോഡ്‌സ് ജനിച്ചത്.