അമേരിക്കന്‍ വ്യോമഗതാഗതം താറുമാറായി; ഉത്തരവാദിത്തം ആര്‍ക്കെന്ന് ചോദ്യം; പഴിചാരി ട്രംപ്

അമേരിക്കന്‍ വ്യോമഗതാഗതം താറുമാറായി; ഉത്തരവാദിത്തം ആര്‍ക്കെന്ന് ചോദ്യം; പഴിചാരി ട്രംപ്


വാഷിംഗ്ടണ്‍: അമേരിക്കയുടെ വ്യോമഗതാഗത സംവിധാനം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നിനെ അഭിമുഖീകരിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. നിരവധി യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയുടെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഗുരുതരമായ തകരാറുകള്‍ക്ക് മുന്നില്‍ എത്രത്തോളം ദുര്‍ബലമാണെന്ന് പ്രതിസന്ധി തുറന്നുകാട്ടി.

എന്നാല്‍ പ്രതിസന്ധി കൈകാര്യം ചെയ്തതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വവും ഉത്തരവാദിത്തവും സംബന്ധിച്ച ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.

വെള്ളിയാഴ്ച രാജ്യവ്യാപകമായി വിമാനങ്ങള്‍ നിലത്തിറക്കേണ്ട സാഹചര്യം ഉണ്ടായിട്ടും ഒരു ദിവസത്തിലേറെ ട്രംപ് പരസ്യമായി പ്രതികരിച്ചില്ല. ഒടുവില്‍ പ്രതികരിച്ചപ്പോള്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയും കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തു.

അമേരിക്കയുടെ വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിലെ വലിയൊരു ഭാഗത്തിനും 50 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് ട്രംപ് സമ്മതിക്കുകയും ചെയ്തു. ഈ വെളിപ്പെടുത്തല്‍ ഗൗരവമായ പരിശോധന അര്‍ഹിക്കുന്നതാണ്.

സംവിധാനം ഇത്രയേറെ കാലപ്പഴക്കമുള്ളതായിരുന്നെങ്കില്‍ നിലവിലെ ഭരണകൂടം എന്ത് മുന്‍കരുതലുകളാണ് സ്വീകരിച്ചത്? ഏതെല്ലാം സാങ്കേതിക ദൗര്‍ബല്യങ്ങളാണ് നേരത്തേ കണ്ടെത്തിയത്? സാധാരണ ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ രാജ്യത്തിന്റെ വലിയൊരു ഭാഗത്തെ വിമാന സര്‍വീസുകളെ എങ്ങനെ ബാധിച്ചു? ഇത്തരം ചോദ്യങ്ങള്‍ക്ക് ഭരണകൂടം മറുപടി നല്‍കേണ്ടതുണ്ട്.

ഗതാഗത സെക്രട്ടറി സീന്‍ ഡഫിയുടെ പ്രതികരണവും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. പ്രതിസന്ധി തന്റെ ഭരണകാലത്താണ് ഉണ്ടായതെന്ന് സമ്മതിച്ചിട്ടും അദ്ദേഹം മാപ്പുപറയാന്‍ തയ്യാറായില്ല. പതിറ്റാണ്ടുകളായി ആവശ്യത്തിന് നിക്ഷേപം നടത്താത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

അമേരിക്കയുടെ വ്യോമഗതാഗത അടിസ്ഥാന സൗകര്യങ്ങളിലെ പ്രശ്‌നങ്ങള്‍ ട്രംപിന്റെ ഭരണത്തിന് മുമ്പേ നിലനിന്നിരുന്നതാണ് എന്ന വാദത്തില്‍ കഴമ്പുണ്ട്. എന്നാല്‍ മുന്‍കാലങ്ങളില്‍ തുടങ്ങിയ പ്രശ്‌നങ്ങളാണെന്ന കാരണത്താല്‍ നിലവിലെ ഭരണകൂടത്തിന് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല.

2025-ല്‍ വ്യോമഗതാഗത നിയന്ത്രണ സംവിധാനങ്ങളുടെ നവീകരണത്തിനായി കോണ്‍ഗ്രസ് 12.5 ബില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്നു. ഇപ്പോള്‍ 50 ബില്യണ്‍ ഡോളര്‍ കൂടി വേണമെന്നാണ് ഭരണകൂടത്തിന്റെ ആവശ്യം. പുതിയ സാമ്പത്തിക സഹായം അനുവദിക്കുന്നതിന് മുമ്പ് നിലവില്‍ അനുവദിച്ച തുക എങ്ങനെ വിനിയോഗിച്ചുവെന്നും പുതിയ തുക എന്തിനൊക്കെയാണ് ചെലവഴിക്കുകയെന്നും വീണ്ടും സമാനമായ പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ എന്ത് സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കുന്നതെന്നും ജനങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം ലഭിക്കണം.

തിങ്കളാഴ്ച പുറത്തുവന്ന സി ബി എസ് ന്യൂസിന്റെ അന്വേഷണ റിപ്പോര്‍ട്ടും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കാലപ്പഴക്കം ചെന്ന സാങ്കേതിക സംവിധാനങ്ങള്‍, കരാര്‍ നടപടികളിലെ കാലതാമസം, ചെലവേറിയ നവീകരണ പദ്ധതികളിലെ പരാജയങ്ങള്‍ എന്നിവയെക്കുറിച്ച് ഫെഡറല്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളും കോണ്‍ഗ്രസ് സമിതികള്‍ക്കു മുന്നിലെ മൊഴികളും വര്‍ഷങ്ങളായി മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, ഉപകരണ നവീകരണവുമായി ബന്ധപ്പെട്ട റൂട്ടറുകളുടെ പ്രവര്‍ത്തനവും അന്വേഷണവിധേയമാണ്. പ്രതിസന്ധിയുടെ കൃത്യമായ സാങ്കേതിക കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം തുടരുകയാണ്.

സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ വിമാനങ്ങള്‍ നിലത്തിറക്കാനുള്ള ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ (എഫ് എ എ) തീരുമാനം അനിവാര്യമായിരുന്നു. വിമാനങ്ങള്‍ സുരക്ഷിതമായി നിലത്തിറക്കുന്നതില്‍ പൈലറ്റുമാരും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമികവ് ഭരണപരമായ ഉത്തരവാദിത്തത്തിന് പകരമാവില്ല.

എല്ലാ പ്രതിസന്ധികള്‍ക്കും മുന്‍ പ്രസിഡന്റ് ബൈഡനെ കുറ്റപ്പെടുത്തി ട്രംപിന് എക്കാലവും മുന്നോട്ടുപോകാനാവില്ല. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ഗതാഗത സെക്രട്ടറിക്കും മാറിനില്‍ക്കാനാവില്ല. എന്താണ് തകരാറിലായത്, ഭരണകൂടത്തിന് എന്തൊക്കെ വിവരങ്ങള്‍ നേരത്തേ ലഭിച്ചിരുന്നു, അമേരിക്കയുടെ ആകാശപാതകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇനി എന്ത് നടപടികളാണ് സ്വീകരിക്കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ വിശദീകരണം നല്‍കണം.