മിയാമി: മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേ മറികടന്ന് തകർന്നുവീണ ആമസോൺ കാർഗോ വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡേറ്റ റെക്കോർഡറും കോക്പിറ്റ് വോയ്‌സ് റെക്കോർഡറും അന്വേഷണ സംഘം കണ്ടെത്തി. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിന് നിർണായകമായ വിവരങ്ങൾ ഈ റെക്കോർഡറുകളിൽനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ നിലവിൽ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനാണ് മുൻഗണനയെന്ന് അമേരിക്കൻ ദേശീയ ഗതാഗത സുരക്ഷാ ബോർഡ് (NTSB) അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് തൊട്ടുമുമ്പാണ് 21 എയർ പ്രവർത്തിപ്പിച്ച ബോയിങ് 767-300 വിമാനം റൺവേ മറികടന്ന് അപകടത്തിൽപ്പെട്ടത്. പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽനിന്ന് എത്തിയ വിമാനം അന്നത്തെ മൂന്നാമത്തെ സർവീസിലായിരുന്നു. വിമാനത്തിലുണ്ടായിരുന്നത് രണ്ട് ജീവനക്കാരായിരുന്നു.
റൺവേ വിട്ട വിമാനം ആദ്യം നാവിഗേഷൻ സംവിധാനങ്ങളിലും മറ്റ് വിമാനത്താവള ഉപകരണങ്ങളിലും ഇടിച്ചു. തുടർന്ന് കരാർ ശുചീകരണ കമ്പനിയുടെ ഏഴ് ജീവനക്കാരുമായി പോയിരുന്ന വെള്ള നിറത്തിലുള്ള ഫോർഡ് വാനിലിടിച്ചു. പിന്നീട് മൂന്ന് യാത്രക്കാരുണ്ടായിരുന്ന ടൊയോട്ട കൊറോളയിലും ഇടിച്ച വിമാനം റൺവേയിൽനിന്ന് ഏകദേശം 1,300 അടി അകലെയാണ് ഒടുവിൽ നിന്നത്.
അപകടത്തിൽ അഞ്ച് പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
'ദുരന്തത്തിന്റെ വ്യാപ്തി വലുതാണ്'
അപകടസ്ഥലം അതീവ ദാരുണമാണെന്ന് NTSB ചെയർവുമൺ ജെന്നിഫർ ഹോമെൻഡി പറഞ്ഞു. വിമാനത്തിന്റെയും വാഹനങ്ങളുടെയും വിമാനത്താവള വേലിയുടെയും അവശിഷ്ടങ്ങൾ പ്രദേശമാകെ ചിതറിക്കിടക്കുകയാണ്. രക്ഷാപ്രവർത്തകർക്കും മൃതദേഹങ്ങൾ വീണ്ടെടുക്കുന്ന സംഘങ്ങൾക്കും ഇത് ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യമാണെന്നും അവർ വ്യക്തമാക്കി.
'അന്വേഷണവും വിമാനത്തിലേക്കുള്ള പ്രവേശനവും തെളിവുകളുടെ പരിശോധനയും കാത്തിരിക്കാം; ഇപ്പോഴത്തെ മുൻഗണന ഇരകളെ വീണ്ടെടുക്കലാണ്' എന്നായിരുന്നു ഹോമെൻഡിയുടെ നിലപാട്.
അപകടത്തിന്റെ കാരണം സംബന്ധിച്ച് ഇപ്പോൾ യാതൊരു നിഗമനത്തിലും എത്താൻ കഴിയില്ലെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ചഠടആ വ്യക്തമാക്കി.
ബ്ലാക്ക് ബോക്‌സിൽനിന്ന് നിർണായക വിവരങ്ങൾ
വീണ്ടെടുത്ത രണ്ട് ഫ്‌ളൈറ്റ് റെക്കോർഡറുകളും വിശദമായ പരിശോധനയ്ക്കായി NTSB ആസ്ഥാനത്തേക്ക് മാറ്റും. വിമാനം അപകടത്തിന് മുമ്പ് എങ്ങനെ പ്രവർത്തിച്ചു, പൈലറ്റുമാർ എടുത്ത തീരുമാനങ്ങൾ, വിമാനത്തിന്റെ വേഗതയും ഉയരവും തുടങ്ങിയ വിവരങ്ങൾ ഫ്‌ളൈറ്റ് ഡേറ്റ റെക്കോർഡറിൽനിന്ന് ലഭിക്കും. കോക്പിറ്റ് വോയ്‌സ് റെക്കോർഡർ അപകടത്തിന് മുമ്പുള്ള പൈലറ്റുമാരുടെ സംഭാഷണങ്ങളും മുന്നറിയിപ്പ് ശബ്ദങ്ങളും വ്യക്തമാക്കാൻ സഹായിക്കും.
ഇതിന് പുറമെ പൈലറ്റുമാരുടെ പരിചയവും പരിശീലനവും, റഡാർ വിവരങ്ങളും വിമാനത്തിന്റെ സാങ്കേതിക പ്രകടനവും പരിശോധിക്കും. വിമാനത്തിന്റെ എൻജിനുകളും വിവിധ സംവിധാനങ്ങളും പരിശോധിക്കാൻ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. അപകടസമയത്തെ കാലാവസ്ഥയും പ്രത്യേകമായി വിലയിരുത്തും.
ഇഎംഎഎസ് ഉണ്ടായിരുന്നോ എന്നതും നിർണായകം
അപകടത്തിന്റെ മറ്റൊരു പ്രധാന ചോദ്യം റൺവേയിൽ എൻജിനിയേർഡ് മെറ്റീരിയൽസ് അറസ്റ്റിംഗ് സിസ്റ്റം (EMAS) എന്ന സുരക്ഷാ സംവിധാനം സ്ഥാപിക്കേണ്ടതുണ്ടായിരുന്നോ എന്നതാണ്.
റൺവേയിൽനിന്ന് വിമാനം പുറത്തേക്ക് പോകുന്ന സാഹചര്യത്തിൽ വേഗത കുറച്ച് വിമാനം നിർത്താൻ സഹായിക്കുന്ന പ്രത്യേക സംവിധാനമാണിത്. മിയാമി വിമാനത്താവളത്തിലെ ഈ റൺവേയിൽ ഇഎംഎഎസ് ആവശ്യമായിരുന്നോ, ഉണ്ടായിരുന്നെങ്കിൽ അപകടത്തിന്റെ ആഘാതം കുറയ്ക്കാൻ അതിന് കഴിയുമായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും.
കാരണം കണ്ടെത്താൻ നിരവധി ചോദ്യങ്ങൾ
വിമാനം എന്തുകൊണ്ടാണ് റൺവേ മറികടന്നത് എന്നതാണ് അന്വേഷണത്തിന്റെ കേന്ദ്രചോദ്യം. വിമാനം റൺവേയിൽ കൃത്യമായ ഭാഗത്താണോ നിലത്തിറങ്ങിയത്, ലാൻഡിങ്ങിനുശേഷം വേഗത നിയന്ത്രിക്കാൻ കഴിഞ്ഞോ, ബ്രേക്കിങ് സംവിധാനങ്ങൾ ശരിയായി പ്രവർത്തിച്ചോ, കാലാവസ്ഥയ്ക്ക് പങ്കുണ്ടായിരുന്നോ, വിമാനത്തിന്റെ സാങ്കേതിക സംവിധാനങ്ങളിൽ തകരാറുണ്ടായിരുന്നോ, പൈലറ്റുമാരുടെ തീരുമാനങ്ങളിൽ പിഴവുണ്ടായോ തുടങ്ങിയ ചോദ്യങ്ങൾക്ക് അന്വേഷണത്തിലൂടെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
ഫ്‌ളൈറ്റ് റെക്കോർഡറുകളിൽനിന്നുള്ള വിവരങ്ങൾ, വിമാനത്തിന്റെ സാങ്കേതിക പരിശോധന, റഡാർകാലാവസ്ഥാ വിവരങ്ങൾ, ദൃക്‌സാക്ഷികളുടെ മൊഴികൾ എന്നിവ ഒരുമിച്ച് പരിശോധിച്ച ശേഷമേ അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ.
അതുകൊണ്ട് തന്നെ, നിലവിലെ ഘട്ടത്തിൽ ഏതെങ്കിലും ഒരു കാരണത്തെ അപകടത്തിന്റെ ഉത്തരവാദിയായി ചൂണ്ടിക്കാണിക്കുന്നത് നേരത്തെയാണെന്ന് ചഠടആ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനേക്കാൾ മുമ്പ് തെളിവുകൾ സുരക്ഷിതമാക്കുകയും ഇരകളെ വീണ്ടെടുക്കുകയും ചെയ്യുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ദൗത്യം.
മിയാമി ആമസോൺ കാർഗോ വിമാന ദുരന്തം: ഫ്‌ളൈറ്റ് റെക്കോർഡറുകൾ കണ്ടെത്തി; ഇരകളുടെ മൃതദേഹങ്ങൾ വീണ്ടെടുക്കൽ ആദ്യം
