വാഷിംഗ്ടണ്‍: അന്യഗ്രഹ ജീവികളെന്നത് യാഥാര്‍ഥ്യമാണെന്നും എന്നാല്‍ താനവയെ കണ്ടിട്ടില്ലെന്നും യു എസ് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ഫെബ്രുവരി 14ന് പുറത്തിറങ്ങിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ഭൂമിക്ക് പുറത്തുള്ള ജീവികളുടെ ചലനത്തെക്കുറിച്ചും ഏരിയ 51നെ ചുറ്റിപ്പറ്റിയ ഗൂഢാലോചന സിദ്ധാന്തങ്ങളെയും അദ്ദേഹം പരാമര്‍ശിച്ചു. യൂട്യൂബര്‍ ബ്രയാന്‍ ടൈലര്‍ കോവനുമായുള്ള അഭിമുഖത്തില്‍ അന്യഗ്ര ജീവികള്‍ യഥാര്‍ഥമാണോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഒബാമ.
നെവാഡയിലെ രഹസ്യ യു എസ് എയര്‍ഫോഴ്‌സ് കേന്ദ്രമായ ഏരിയ 51നെ കുറിച്ച് സംസാരിക്കുമ്പോള്‍ അന്യഗ്രഹ ജീവികളെ അവിടെ സൂക്ഷിച്ചിട്ടില്ലെന്നും അവിടെ ഭൂഗര്‍ഭ സൗകര്യങ്ങളൊന്നുമില്ലെന്നും പറഞ്ഞ ഒബാമ ഒരു വന്‍ ഗൂഢാലോചന ഉണ്ടെങ്കില്‍ മാത്രമേ അതുണ്ടാകൂ എന്നും അതും യു എസ് പ്രസിഡന്റില്‍ നിന്ന് പോലും മറച്ചുവച്ചിരിക്കണമെന്നും പറഞ്ഞു.
പ്രസിഡന്റായതിന് ശേഷം ആദ്യമായി ഉത്തരം തേടിയ ചോദ്യം എന്താണെന്ന ചോദ്യത്തിന് അന്യഗ്രഹ ജീവികള്‍ എവിടെയാണ് എന്നായിരുന്നു തന്റെ ആദ്യ കൗതുകമെന്ന് ഒബാമ ചിരിച്ചുകൊണ്ട് മറുപടി നല്‍കി.
ഇതാദ്യമായല്ല ഒബാമ അന്യഗ്രഹ ജീവികളെ കുറിച്ച് പരാമര്‍ശിക്കുന്നത്. 2021ല്‍ ദി ലേറ്റ് ലേറ്റ് ഷോ വിത്ത് ജെയിംസ് കോര്‍ഡന്‍ പരിപാടിയില്‍ അവതാരകനായ ജയിംസ് കോര്‍ഡനുമായുള്ള അഭിമുഖത്തില്‍ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംപ്രേഷണത്തില്‍ പറയാന്‍ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പിന്നീട്, തിരിച്ചറിയാത്ത ആകാശവസ്തുക്കള്‍ സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും യഥാര്‍ഥമാണെന്നും അവയുടെ ഉറവിടമോ ഗതിമാര്‍ഗമോ വ്യക്തമാക്കാന്‍ യു എസ് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ആകാശത്തില്‍ എന്താണെന്ന് നമുക്ക് കൃത്യമായി അറിയാത്ത വസ്തുക്കളുടെ ദൃശ്യങ്ങളും രേഖകളും ഉണ്ട് എന്നാണ് ഒബാമ പറഞ്ഞത്.
യു എസ് സൈന്യത്തിന്റെ അതീവ രഹസ്യ കേന്ദ്രമായി നെവാഡ സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്നതാണ് ഏരിയ 51. പതിറ്റാണ്ടുകളായി ഈ കേന്ദ്രത്തെ ചുറ്റിപ്പറ്റി നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. യു എസ് സര്‍ക്കാര്‍ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യ അവിടെ ഒളിപ്പിച്ചുവെക്കുന്നുവെന്നതാണ് പ്രധാന ആരോപണം.
തിരിച്ചറിയാത്ത പറക്കുന്ന വസ്തുക്കളെ അല്ലെങ്കില്‍ തിരിച്ചറിയാത്ത അനോമലസ് പ്രതിഭാസങ്ങളെ ഏരിയ 51 പ്രദേശത്ത് കണ്ടതായി പലരും അവകാശപ്പെട്ടിട്ടുണ്ട്. അടുത്തകാലത്ത് യു എസ് സര്‍ക്കാര്‍ തിരിച്ചറിയാത്ത വിമാനദൃശ്യങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടതോടെ പൊതുജനങ്ങളില്‍ കൗതുകം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.
