വാഷിങ്ടണ്‍: സ്പിരിറ്റ് എയര്‍ലൈന്‍സ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചതോടെ യാത്രക്കാരിലുണ്ടായ ആശങ്ക പരിഹരിക്കാന്‍ മറ്റ് എയര്‍ലൈന്‍ കമ്പനികള്‍ രംഗത്തെത്തി. സ്പിരിറ്റ് എയര്‍ലൈന്‍സ് എല്ലാ സര്‍വീസുകളും റദ്ദാക്കിയിരുന്നു.
സ്പിരിറ്റ് എയര്‍ലൈന്‍സിലെ യാത്രക്കാര്‍ക്ക് അമേരിക്കന്‍ എയര്‍ലൈന്‍സ്, ജെറ്റ്ബ്ലൂ, യുനൈറ്റഡ് എയര്‍ലൈന്‍സ് എന്നിവ ഉള്‍പ്പെടെയാണ് സഹായഹസ്തം നീട്ടിയത്. യാത്ര തടസ്സപ്പെട്ടവര്‍ക്ക് പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കുമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. തെരഞ്ഞെടുത്ത റൂട്ടുകളില്‍ മെയിന്‍ കാബിന്‍ വിഭാഗത്തില്‍ 'റസ്‌ക്യൂ ഫെയര്‍' വഴി യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ജെറ്റ്ബ്ലൂയും സമാനമായ സഹായം വാഗ്ദാനം ചെയ്തു. സ്പിരിറ്റ് എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തില്‍ യാത്രാ പദ്ധതികള്‍ തടസ്സപ്പെട്ടാല്‍ തങ്ങള്‍ സഹായത്തിനുണ്ടെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.
യുണൈറ്റഡ് എയര്‍ലൈന്‍സ്, സ്പിരിറ്റ് സര്‍വീസ് നടത്തിയിരുന്ന പല നഗരങ്ങളില്‍ നിന്നും കുറഞ്ഞ നിരക്കിലുള്ള ഏകദിശ ടിക്കറ്റുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു.
1992-ല്‍ ആരംഭിച്ച സ്പിരിറ്റ് എയര്‍ലൈന്‍സ് കുറഞ്ഞ നിരക്കിലുള്ള സേവനങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു. എന്നാല്‍, ജെറ്റ് ഇന്ധന വിലയില്‍ കുത്തനെ വര്‍ധനവുണ്ടായതോടെ കമ്പനി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെത്തുകയായിരുന്നു. വൈറ്റ് ഹൗസില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കാതിരുന്നതും പ്രതിസന്ധി രൂക്ഷമാക്കി. സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാിയ മാതൃകമ്പനി സ്പിരിറ്റ് ഏവിയേഷന്‍ ഹോള്‍ഡിംഗ്‌സ് അറിയിച്ചു.
പുനഃസംഘടനാ പദ്ധതിയിലൂടെ കമ്പനി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അടുത്തിടെയുണ്ടായ ഇന്ധനവില വര്‍ധന മൂലം അത് അസാധ്യമാവുകയായിരുന്നുവെന്ന് കമ്പനിയുടെ സി ഇ ഒ ഡേവ് ഡേവിസ് അറിയിച്ചു.
പതിനൊന്നായിരത്തിലധികം ജീവനക്കാരുള്ള സ്പിരിറ്റ് എയര്‍ലൈന്‍സ് അടച്ചുപൂട്ടല്‍ അമേരിക്കന്‍ വ്യോമയാന മേഖലയ്ക്ക് വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.
