വടക്കുകിഴക്കൻ അമേരിക്കയെ ബാധിക്കാനിരിക്കുന്ന ശക്തമായ മഞ്ഞുവീഴ്ച കണക്കിലെടുത്ത് ഫെബ്രുവരി 23ന് ന്യൂയോർക്ക്, ന്യൂവർക്ക് സർവീസുകൾ എയർ ഇന്ത്യ പൂർണമായും റദ്ദാക്കി. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് യാത്രാസൗകര്യങ്ങളിൽ വലിയ തടസ്സങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് തീരുമാനം.
ഫെബ്രുവരി 22, 23 തീയതികളിൽ ന്യൂയോർക്ക്, ന്യൂജേഴ്‌സി ഉൾപ്പെടെ കിഴക്കൻ തീരപ്രദേശങ്ങളിലുടനീളം കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്. ചില ഭാഗങ്ങളിൽ രണ്ട് അടി വരെ (ഏകദേശം 61 സെന്റിമീറ്റർ) മഞ്ഞ് പെയ്യാനിടയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇതോടെ ഗതാഗതം പൂർണമായും നിലയ്ക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുൻഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു. റദ്ദാക്കിയ സർവീസുകൾ മൂലം ബാധിക്കപ്പെട്ട യാത്രക്കാർക്ക് റീബുക്കിംഗ് ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ഇതിനിടെ 'സൂപ്പർ ബോംബ്' ഹിമപാതം എന്ന പേരിലാണ് ഈ കാലാവസ്ഥാ പ്രതിഭാസം വിശേഷിപ്പിക്കപ്പെടുന്നത്. അമേരിക്കൻ ദേശീയ കാലാവസ്ഥാ സേവനം മേരിലാൻഡ് മുതൽ മസാച്യൂസെറ്റ്‌സ് വരെ കിഴക്കൻ തീരപ്രദേശങ്ങളിൽ ബ്ലിസാർഡ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, ബോസ്റ്റൺ തുടങ്ങിയ നഗരങ്ങളിൽ യാത്രാസൗകര്യങ്ങൾ താറുമാറാകാനാണ് സാധ്യത.
ജനങ്ങളോട് അനാവശ്യ യാത്രകൾ ഒഴിവാക്കി വീടുകളിലിരിക്കണമെന്ന്
ന്യൂയോർക്ക് സിറ്റി മേയർ സോഹ്രാൻ മംദാനി നിർദേശിച്ചു. ജനുവരി അവസാനം ഉണ്ടായ മഞ്ഞുവീഴ്ചയെക്കാൾ ഇത് കൂടുതൽ അപകടകാരിയായിരിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതിനോടകം തന്നെ ആയിരത്തിലധികം വിമാന സർവീസുകൾ റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്. അടുത്ത ദിവസങ്ങളിലും ഗതാഗതവൈദ്യുതി സൗകര്യങ്ങൾ ഉൾപ്പെടെ അടിസ്ഥാന സംവിധാനങ്ങൾ ശക്തമായി ബാധിക്കാനിടയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
മഞ്ഞുവീഴ്ച മുന്നറിയിപ്പ്: ന്യൂയോർക്ക്, ന്യൂവർക്ക് സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി
