വാഷിംഗ്ടൺ: ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ദാവോസിലേക്കു കൊണ്ടുപോയ എയർഫോഴ്‌സ് വൺ വിമാനത്തിന് യാത്രയ്ക്കിടെ അപ്രതീക്ഷിതമായി തിരിച്ചുപോകേണ്ടിവന്നു. ചൊവ്വാഴ്ച രാത്രി വിമാനത്തിൽ ചെറിയൊരു വൈദ്യുത തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനം വാഷിംഗ്ടണിലേക്കു മടങ്ങിയത്.
പറക്കുന്നതിനിടെ വിമാന ജീവനക്കാർ 'ചെറിയ ഇലക്ട്രിക്കൽ പ്രശ്‌നം' കണ്ടെത്തിയെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. അടിയന്തര സാഹചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും, അധിക സുരക്ഷ ഉറപ്പാക്കാനാണ് തിരിച്ചുപോകാനുള്ള തീരുമാനം എടുത്തതെന്നും അധികൃതർ വ്യക്തമാക്കി. തകരാറിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
യാത്രാ പദ്ധതിയിൽ വലിയ മാറ്റങ്ങളില്ലെന്നും, ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ ട്രംപ് പങ്കെടുക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. തിരികെ എത്തിയതിന് ശേഷം പകരം ഒരുക്കിയിരിക്കുന്ന മറ്റൊരു വിമാനത്തിൽ ട്രംപ് യാത്ര തുടരുമെന്നാണ് വിവരം.
നിശ്ചിത സുരക്ഷാ നടപടികൾ പാലിച്ചാണ് വിമാനത്തെ തിരിച്ചുവിട്ടതെന്ന് വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലെവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു. വിമാന ട്രാക്കിങ് വിവരങ്ങൾ പ്രകാരം, ലോങ് ഐലൻഡിന്റെ കിഴക്കേ അറ്റത്തിനടുത്തുള്ള മോണ്ടോക് പ്രദേശത്തിന് സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് എയർഫോഴ്‌സ് വൺ ദിശമാറ്റിയത്. രാത്രി 11ഓടെ വിമാനം ജോയിന്റ് ബേസ് ആൻഡ്രൂസിൽ ഇറങ്ങുമെന്നാണ് റിപ്പോർട്ട്.
ദാവോസിലേക്കുള്ള യാത്രയ്ക്കിടെ എയർഫോഴ്‌സ് വണ്ണിന് അപ്രതീക്ഷിത തിരിച്ചുപോകൽ; ചെറിയ സാങ്കേതിക തകരാർ
