വാഷിംഗ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 500 ശതമാനം വരെ തീരുവ ചുമത്തുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കിടെ, ഇന്ത്യയെ സംബന്ധിച്ച നിലപാട് വ്യക്തമാക്കി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. ട്രംപ് ഭരണകൂടം 25 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങൽ കുറച്ചെന്നും ഇപ്പോൾ അത് നിർത്തിയെന്നും ബെസന്റ് അവകാശപ്പെട്ടു.
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ കുറഞ്ഞത് 500 ശതമാനം തീരുവ ചുമത്താൻ അനുവദിക്കുന്ന 'റഷ്യ ഉപരോധ ബിൽ' സെനറ്റിൽ പരിഗണനയിലാണെന്ന് ബെസന്റ് പറഞ്ഞു. ഈ അധികാരം ട്രംപിന് സെനറ്റിന്റെ അനുമതി നിർബന്ധമല്ലെന്നും, അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം (IEPA) പ്രകാരം പ്രസിഡന്റിന് തന്നെ ഇത്തരമൊരു നടപടി സ്വീകരിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സെനറ്റ് ഈ അധികാരം നൽകാൻ താൽപര്യപ്പെടുകയാണെന്നും ബെസന്റ് കൂട്ടിച്ചേർത്തു.
ഇന്ത്യയെക്കാൾ കൂടുതൽ വിമർശനം യൂറോപ്യൻ രാജ്യങ്ങൾക്കും ചൈനയ്ക്കുമെതിരെയായിരുന്നു. 'നാലുവർഷം കഴിഞ്ഞിട്ടും യൂറോപ്പ് റഷ്യൻ എണ്ണ വാങ്ങുന്നു. അത് അവർക്കെതിരെയുള്ള യുദ്ധത്തിന് തന്നെ ധനസഹായം നൽകുന്നതിന് തുല്യമാണ്,' ബെസന്റ് പറഞ്ഞു. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയെങ്കിലും, 25 ശതമാനം തീരുവ ഏർപ്പെടുത്തിയതോടെ ഇന്ത്യ അത് കുറക്കുകയും നിർത്തുകയും ചെയ്തുവെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളിൽ ഒന്നായ ചൈനയെ വീണ്ടും ലക്ഷ്യമിട്ടും ബെസന്റ് പ്രതികരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ചൈനയ്‌ക്കെതിരെ 500 ശതമാനം വരെ തീരുവ ചുമത്താനുള്ള നീക്കമാണ് യുഎസ് ദീർഘകാലമായി പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി 8ന് ബിൽ വിശദീകരിച്ച സെനറ്റർ ലിൻസി ഗ്രഹാം, ചൈന, ഇന്ത്യ, ബ്രസീൽ പോലുള്ള രാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഈ നിയമം ട്രംപിന് വലിയ സമ്മർദ്ദ ഉപാധിയാകുമെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലും, ചൈനയ്‌ക്കെതിരെ 500 ശതമാനം വരെ തീരുവ ചുമത്താനുള്ള അധികാരം ട്രംപിന് നൽകാൻ 85 യുഎസ് സെനറ്റർമാർ തയ്യാറാണെന്ന് ബെസന്റ് പറഞ്ഞിരുന്നു.
ഇന്ത്യയുടെ പ്രതികരണം:
റഷ്യ ഉപരോധ ബില്ലിനെക്കുറിച്ച് ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബില്ലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും വികസനങ്ങളും ശ്രദ്ധയോടെ വിലയിരുത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഊർജസ്രോതസ്സുകളുടെ കാര്യത്തിൽ ഇന്ത്യയുടെ നിലപാട് മാറ്റമില്ലെന്നും, ആഗോള വിപണിയിലെ സാഹചര്യം പരിഗണിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 140 കോടി ജനങ്ങൾക്ക് 'കുറഞ്ഞ വിലയിൽ ഊർജസുരക്ഷ' ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
500% തീരുവ ഭീഷണിക്ക് പിന്നാലെ ' ഇന്ത്യ റഷ്യൻ എണ്ണ വാങ്ങൽ കുറച്ചു'' എന്ന് യുഎസ് ട്രഷറി സെക്രട്ടറി
