ന്യൂയോര്‍ക്ക്: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും യുഎസ് സൈന്യം പിടികൂടിയ നടപടി 'ഒരു പരമാധികാര രാഷ്ട്രത്തിനെതിരായ യുദ്ധപ്രഖ്യാപനം' ആണെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്രാന്‍ മംദാനി. സംഭവത്തില്‍ എതിര്‍പ്പ് അറിയിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നേരിട്ട് വിളിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
വെനിസ്വേലയിലെ സൈനിക ഇടപെടലും മഡൂറോ ദമ്പതികളുടെ പിടികൂടിയതിനെക്കുറിച്ചും പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മേയര്‍. 'ഞാന്‍ പ്രസിഡന്റിനെ നേരിട്ട് വിളിച്ചു. ഈ നടപടിക്കെതിരായ എന്റെ ശക്തമായ എതിര്‍പ്പ് അദ്ദേഹത്തെ അറിയിച്ചു. അത്രയേ ഉണ്ടായുള്ളൂ,' മംദാനി പറഞ്ഞു. ട്രംപിന്റെ പ്രതികരണത്തെക്കുറിച്ച് അദ്ദേഹം കൂടുതല്‍ വിശദീകരണം നല്‍കിയില്ല.
ദക്ഷിണ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയില്‍ മഡൂറോയ്ക്കും ഭാര്യയ്ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും, ഇരുവരെയും ന്യൂയോര്‍ക്ക് സിറ്റിയില്‍ ഫെഡറല്‍ കസ്റ്റഡിയില്‍ എത്തിക്കുകയാണെന്നും യുഎസ് അറ്റോര്‍ണി ജനറല്‍ പമേല ബോണ്ടി 'എക്‌സ്' പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
മേയര്‍ സ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്ത് വെറും രണ്ട് ദിവസത്തിനുള്ളിലാണ് അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദം സൃഷ്ടിച്ച ഈ സംഭവത്തില്‍ മംദാനി നിലപാട് അറിയിച്ചത്. ശനിയാഴ്ച രാവിലെ തന്നെ ചീഫ് ഓഫ് സ്റ്റാഫ്, പൊലീസ് കമ്മിഷണര്‍ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് മഡൂറോയെ പിടികൂടിയതും ന്യൂയോര്‍ക്കിലെ തടങ്കലുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
'ഒരു പരമാധികാര രാജ്യത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് ഫെഡറല്‍ നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ്. ഇത് വെനിസ്വേലയെ മാത്രമല്ല, ന്യൂയോര്‍ക്കില്‍ കഴിയുന്ന പതിനായിരക്കണക്കിന് വെനിസ്വേലക്കാരെയും നേരിട്ട് ബാധിക്കും,' മംദാനി പ്രസ്താവനയില്‍ പറഞ്ഞു. 'ഈ നഗരത്തിലെ ഓരോ പൗരന്റെയും സുരക്ഷയാണ് എന്റെ മുന്‍ഗണന. സാഹചര്യം സര്‍ക്കാര്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെനിസ്വേലയിലെ യുഎസ് സൈനിക നടപടി 'യുദ്ധപ്രഖ്യാപനം'; ട്രംപിനെ നേരിട്ട് വിളിച്ച് എതിര്‍പ്പ് അറിയിച്ച് ന്യൂയോര്‍ക്ക് മേയര്‍ മംദാനി
