ടെക്‌സാസ്: ടെക്സാസിലെ 31-ാം കോണ്‍ഗ്രഷണല്‍ ജില്ലയില്‍ നിന്ന് യു എസ് ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍- അമേരിക്കന്‍ വ്യവസായിയും കര്‍ഷകനുമായ അഭിരാം ഗരപാട്ടി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കും. ടെക്സാസില്‍ മാര്‍ച്ച് 3ന് നടക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം.
നിലവില്‍ റിപ്പബ്ലിക്കന്‍ നേതാവായ ജോണ്‍ കാര്‍ട്ടര്‍ പ്രതിനിധീകരിക്കുന്ന ഈ മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ കാര്‍ട്ടറും മത്സര രംഗത്തുണ്ട്. 31-ാം ജില്ലയില്‍ നിന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ടിക്കറ്റിനായി മത്സരിക്കുന്ന 10 സ്ഥാനാര്‍ഥികളില്‍ ഒരാളാണ് ഗരപാട്ടി.
ആന്ധ്രപ്രദേശിലെ നുസ്വീദ് എന്ന പട്ടണത്തില്‍ ജനിച്ച അഭിരാം ഗരപാട്ടി 1997-ല്‍ 22-ാം വയസ്സില്‍ കൈയില്‍ 500 ഡോളര്‍ മാത്രം കരുതിയാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
2010-ല്‍ അദ്ദേഹം അമേരിക്കന്‍ പൗരത്വം നേടി. കൗബോയ് തൊപ്പി ധരിച്ച് പുല്ല് കൃഷിയും കന്നുകാലി വളര്‍ത്തലും ചെയ്യുന്ന ഗരപാട്ടിയുടെ ചിത്രങ്ങള്‍ പതിവായി കാണപ്പെടുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രം വ്യക്തമാക്കുന്നു.
ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിങ്ങില്‍ ബിരുദധാരിയായ ഗരപാട്ടി സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിക്ഷേപവുമായി ബന്ധപ്പെട്ട ഉയര്‍ന്ന പഠന കോഴ്‌സുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
1997-ല്‍ അമേരിക്കയിലെത്തിയതിനുശേഷം നിരവധി ബിസിനസ്സുകള്‍ സ്ഥാപിക്കുകയും നയിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗരപാട്ടി അവകാശപ്പെടുന്നു. 2004-ല്‍ അദ്ദേഹം സ്ഥാപിച്ച കൊമേഴ്ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപ സ്ഥാപനമായ 'ആന്റ് സേവിംഗ്‌സ്' എന്ന കമ്പനിയുടെ പ്രസിഡന്റായും നിലവില്‍ പ്രവര്‍ത്തിക്കുന്നു.
സെന്‍ട്രല്‍ ടെക്‌സാസില്‍ ആസ്ഥാനമുള്ള ആന്റ് സേവിംഗ്‌സ് മള്‍ട്ടിമില്ല്യണ്‍ ഡോളര്‍ സംരംഭമായി വളര്‍ന്നിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി ഓഫീസ് കെട്ടിടങ്ങള്‍, ആശുപത്രികള്‍, റെസ്റ്റോറന്റുകള്‍, റീട്ടെയില്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോ.
ഗരപാട്ടി ആദ്യമായല്ല രാഷ്ട്രീയ മത്സരമത്തലിറങ്ങുന്നത്. 2024-ല്‍ വിസ്‌കോണ്‍സിനിലെ മില്‍വോക്കിയില്‍ നടന്ന റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ ടെക്സാസിലെ 31-ാം കോണ്‍ഗ്രഷണല്‍ ജില്ലയെ പ്രതിനിധീകരിച്ച് അദ്ദേഹം ഡെലിഗേറ്റായും പങ്കെടുത്തിരുന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുണ നേടുന്നതിന് അദ്ദേഹം പലതവണ ശ്രമിച്ചിട്ടുണ്ട്. 2020, 2022, 2024 വര്‍ഷങ്ങളില്‍ യു എസ് കോണ്‍ഗ്രസിലേക്കുള്ള റിപ്പബ്ലിക്കന്‍ പ്രൈമറികളിലും അദ്ദേഹം മത്സരിച്ചിരുന്നു.
സ്വന്തമായി പൂര്‍ണ്ണമായും ഫണ്ട് ചെയ്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെയാണ് ഗരപാട്ടി ശ്രദ്ധ നേടുന്നത്. ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2025 ജൂലൈ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ അദ്ദേഹത്തിന്റെ പ്രചാരണത്തിനായി സ്വയം സമാഹരിച്ച ആകെ തുക 55,000 ഡോളറാണ്. വ്യക്തികളിലോ കമ്മിറ്റികളിലോ നിന്ന് സംഭാവനകള്‍ സ്വീകരിച്ചിട്ടില്ല.
ഈ തുകയില്‍ നിന്ന് 16,000 ഡോളര്‍ പ്രവര്‍ത്തന ചെലവുകള്‍ക്കായി ഉപയോഗിച്ചു. 2025 അവസാനത്തോടെ അദ്ദേഹത്തിന്റെ കൈവശം ശേഷിച്ച പണം 39,000 ഡോളറായിരുന്നു.
