'വന്‍ ആക്രമണം വരുന്നു... അല്ല, ചര്‍ച്ച മതി'; അമേരിക്കയുടെ 'നാടക നയതന്ത്രത്തെ' പരിഹസിച്ച് ഇറാന്‍

'വന്‍ ആക്രമണം വരുന്നു... അല്ല, ചര്‍ച്ച മതി'; അമേരിക്കയുടെ 'നാടക നയതന്ത്രത്തെ' പരിഹസിച്ച് ഇറാന്‍


തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്‍- യു എസ് ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍. അമേരിക്ക പിന്തുടരുന്നത് 'നാടക നയതന്ത്രം' ആണെന്ന് ആരോപിച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചാ പ്രതിനിധിയുമായ മുഹമ്മദ് ബാഘര്‍ ഗാലിബഫ് രംഗത്തെത്തി.

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ ശക്തമായ പ്രതികരണം.

സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഗാലിബഫ് അമേരിക്കന്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചത്.

'വന്‍ ആക്രമണം വരുന്നു... ഒരു നിമിഷം, വേണ്ട, അവര്‍ക്ക് ചര്‍ച്ച വേണം. ഇതാണ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന നാടക നയതന്ത്രം,' അദ്ദേഹം പരിഹസിച്ചു.

ഭീഷണിപ്പെടുത്തലും പാലിക്കാത്ത വാഗ്ദാനങ്ങളും വ്യാജവാര്‍ത്തകളും സമ്മര്‍ദായുധമായി ഉപയോഗിക്കുന്ന തന്ത്രം പരാജയപ്പെട്ടതാണെന്നും യാഥാര്‍ഥ്യം അംഗീകരിച്ച് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ ആക്ടിങ് പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ മജീദ് ഇബ്ന്‍-എ-റേസയും സമാന നിലപാട് ആവര്‍ത്തിച്ചു. രാജ്യത്തിന് നേരെയുള്ള ഏത് ഭീഷണിയെയും നേരിടാന്‍ സായുധ സേന പൂര്‍ണ സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ ആര്‍ എന്‍ എയുടെ റിപ്പോര്‍ട്ട് പ്രകാരം, വിദേശ ആയുധങ്ങളെ ആശ്രയിച്ചല്ല ഇറാന്റെ പ്രതിരോധശേഷി വളര്‍ന്നതെന്നും ആഭ്യന്തര പ്രതിരോധ വ്യവസായത്തിന്റെ കരുത്താണ് രാജ്യത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

'ശത്രുവിന്റെ ശക്തി ദിനംപ്രതി ക്ഷയിക്കുന്നതിന്റെ തെളിവുകള്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ആഭ്യന്തര പ്രതിരോധ വ്യവസായത്തിന്റെ പിന്തുണയോടെ ഏത് ഭീഷണിയെയും നേരിടാന്‍ നമ്മുടെ സായുധ സേന പൂര്‍ണ സജ്ജമാണ്,' അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങി ആശ്രയിക്കുന്ന രാജ്യങ്ങള്‍ വൈകാതെ തന്നെ ഇറാന്റെ ആഭ്യന്തര പ്രതിരോധ സാങ്കേതികവിദ്യ മേഖലയില്‍ മറ്റ് പ്രാദേശിക രാജ്യങ്ങളെ മറികടന്നതായി തിരിച്ചറിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഹോര്‍മുസ് കടലിടുക്ക് 'വളരെ വേഗം' തുറന്നില്ലെങ്കില്‍ ഇറാനെതിരെ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനുമായി 'വളരെ നല്ല ചര്‍ച്ചകള്‍' പുരോഗമിക്കുകയാണെന്നും ചര്‍ച്ചയ്ക്കായി തെഹ്‌റാനാണ് സമീപിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാരപാതകളിലൊന്നാണ് ഹോര്‍മുസ് കടലിടുക്ക്. ആഗോള എണ്ണയുടെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും വലിയൊരു വിഹിതം ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.

നിലവില്‍ അമേരിക്കയുമായി യാതൊരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഈ വ്യക്തമാക്കി. വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി ഇറാഖില്‍ തീര്‍ഥാടന യാത്രയിലാണെന്നും ബാക്കിയുള്ള നയതന്ത്രസംഘം തെഹ്‌റാനിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, ചര്‍ച്ചകള്‍ നടന്നാല്‍ പോലും അവ എളുപ്പമാകില്ലെന്ന് സമ്മതിച്ചു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇറാന്‍ ഭരണനേതൃത്വത്തിനുള്ളില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്നും ചര്‍ച്ചകള്‍ സങ്കീര്‍ണവും ദീര്‍ഘകാലം നീളുന്നതുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാന് ആണവായുധം സ്വന്തമാക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന അമേരിക്കയുടെ നിലപാട് ആവര്‍ത്തിച്ച വാന്‍സ്, സൈനിക, സാമ്പത്തിക, നയതന്ത്ര സമ്മര്‍ദങ്ങള്‍ തുടരുമെന്നും വ്യക്തമാക്കി.