വാഷിംഗ്ടണ്‍: 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് താന്‍ കണ്ടതും ചെയ്തതും അനുഭവിച്ചതും സംബന്ധിച്ച് വര്‍ഷങ്ങളായി വിവിധ അവകാശവാദങ്ങള്‍ ഉന്നയിച്ചുവരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത്. ആക്രമണത്തിന്റെ 25-ാം വാര്‍ഷികം അടുത്തിരിക്കെ, വൈറ്റ് ഹൗസില്‍ രക്ഷാപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങിലാണ് ട്രംപ് പുതിയ അവകാശവാദം ഉന്നയിച്ചത്.
ആക്രമണത്തിന് പിന്നാലെ തന്റെ സ്ഥാപനത്തിലെ ജീവനക്കാരെ വേള്‍ഡ് ട്രേഡ് സെന്റര്‍ പരിസരത്തേക്ക് കൊണ്ടുപോയെന്നും സമീപത്തെ ഒരു കെട്ടിടം തകര്‍ന്നുവീഴുമെന്ന് ഭയന്ന രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ തന്നെ പിടിച്ചുയര്‍ത്തി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയെന്നുമാണ് ട്രംപ് പറഞ്ഞത്.
എന്നാല്‍, ട്രംപ് പറഞ്ഞതുപോലെ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ അദ്ദേഹത്തെ ശാരീരികമായി എടുത്തുകൊണ്ടുപോയെന്നതിന് പൊതു രേഖകളില്‍ തെളിവുകളൊന്നും ലഭ്യമല്ല. 9/11ന് പിന്നാലെ ലോവര്‍ മാന്‍ഹട്ടനില്‍ നിലനിന്നിരുന്ന ആശങ്കകളും അടിയന്തര ഒഴിപ്പിക്കലുകളും ട്രംപിന്റെ വിവരണത്തിലെ ചില ഭാഗങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം പറഞ്ഞ പ്രത്യേക സംഭവത്തിന് സ്ഥിരീകരണമില്ല.
ആക്രമണം നടക്കുമ്പോള്‍ ട്രംപ് മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ ട്രംപ് ടവറിലായിരുന്നു. വേള്‍ഡ് ട്രേഡ് സെന്ററില്‍ നിന്ന് നിരവധി മൈലുകള്‍ അകലെയായിരുന്നു ഇത്. 'യു എസ് സ്റ്റീല്‍ ബില്‍ഡിങ്' എന്ന് ട്രംപ് വിശേഷിപ്പിച്ച കെട്ടിടത്തിനുള്ളില്‍ അഗ്നിശമന സേനാംഗങ്ങള്‍ അദ്ദേഹത്തെ എടുത്തുകൊണ്ടുപോയ സമയത്ത് അദ്ദേഹം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന പൊതു രേഖകളും ലഭ്യമല്ല.
ട്രംപിന്റെ അവകാശവാദം സ്ഥിരീകരിക്കുന്ന തെളിവുകളോ കൂടുതല്‍ വിശദാംശങ്ങളോ ആവശ്യപ്പെട്ടപ്പോള്‍ വൈറ്റ് ഹൗസ് നല്‍കിയിട്ടില്ല. സംഭവസമയത്ത് ട്രംപ് സ്വകാര്യ പൗരനായിരുന്നതിനാല്‍ അദ്ദേഹം ചെയ്ത എല്ലാ കാര്യങ്ങളും രേഖപ്പെടുത്തിയിരിക്കണമെന്നില്ലെന്നായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം.
ആക്രമണസമയത്ത് ട്രംപ് വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തുണ്ടായിരുന്നില്ല
അഗ്നിശമന സേനാംഗങ്ങള്‍ തന്നെ എടുത്തുകൊണ്ടുപോയത് കൃത്യമായി എപ്പോഴാണെന്ന് ട്രംപ് വ്യക്തമാക്കിയില്ല. 'ആക്രമണം നടന്ന ഉടന്‍' താന്‍ ഗ്രൗണ്ട് സീറോയിലെത്തിയെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം സംഭവം സെപ്റ്റംബര്‍ 11ന് തന്നെയായിരുന്നുവെന്ന പ്രതീതി സൃഷ്ടിച്ചേക്കാം.
എന്നാല്‍, ലഭ്യമായ രേഖകള്‍ പ്രകാരം ആക്രമണം നടക്കുമ്പോള്‍ ട്രംപ് ടവറിലായിരുന്നു ട്രംപ്. പിന്നീട് 2016ല്‍ ട്രംപ് തന്നെ പറഞ്ഞ മറ്റൊരു പതിപ്പില്‍ അഗ്നിശമന സേനാംഗങ്ങളുമായി ബന്ധപ്പെട്ട സംഭവം ആക്രമണം നടന്ന ദിവസം അല്ല, ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണെന്ന് വ്യക്തമാക്കിയിരുന്നു.
ഈ വ്യത്യാസം പ്രധാനമാണ്. കാരണം, ആക്രമണത്തിന് പിന്നാലെ ലോവര്‍ മാന്‍ഹട്ടനിലെ തകര്‍ന്ന കെട്ടിടങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഇടയ്ക്കിടെയുള്ള ഒഴിപ്പിക്കലുകളും ശക്തമായിരുന്ന കാലയളവിലാണ് സംഭവം നടന്നതെന്ന സൂചനയാണ് അതിലൂടെ ലഭിക്കുന്നത്.
'യു എസ് സ്റ്റീല്‍ ബില്‍ഡിംഗില്‍' ട്രംപ് ഉണ്ടായിരുന്നുവെന്നതിന് തെളിവില്ല
ട്രംപ് പരാമര്‍ശിച്ച 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്റ്റീല്‍ ബില്‍ഡിംഗ്' യഥാര്‍ഥത്തില്‍ വണ്‍ ലിബര്‍ട്ടി പ്ലാസ എന്നാണ് അറിയപ്പെടുന്നത്. 2001ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ സമുച്ചയത്തിന് തൊട്ടടുത്തായിരുന്നു കെട്ടിടം.
എന്നാല്‍ അഗ്നിശമന സേനാംഗങ്ങളുമായുള്ള സംഭവം നടക്കുമ്പോള്‍ ട്രംപ് ഈ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന പൊതു രേഖകളൊന്നുമില്ല. ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം ഗ്രൗണ്ട് സീറോയുടെ സമീപത്ത് ട്രംപ് മാധ്യമങ്ങളോട് സംസാരിച്ചതിന്റെ രേഖകളുണ്ട്.
2016ലെ ട്രംപിന്റെ മുന്‍ വിവരണത്തിലും വ്യത്യാസമുണ്ട്. അന്ന് തകര്‍ന്നുവീഴാന്‍ സാധ്യതയുണ്ടെന്ന് കരുതിയ കെട്ടിടം 'തങ്ങളില്‍ നിന്ന് അധികം അകലെയല്ലായിരുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്. അതായത് അദ്ദേഹം കെട്ടിടത്തിനുള്ളിലായിരുന്നു എന്ന കാര്യം ആ വിവരണവും സ്ഥിരീകരിക്കുന്നില്ല.
വണ്‍ ലിബര്‍ട്ടി പ്ലാസയെക്കുറിച്ച് യഥാര്‍ഥ ആശങ്കകളുണ്ടായിരുന്നു
ട്രംപിന്റെ അവകാശവാദത്തിന് തെളിവില്ലെന്നത് കെട്ടിടത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉണ്ടായിരുന്നില്ലെന്ന് അര്‍ഥമാക്കുന്നില്ല. 9/11ന് ശേഷമുള്ള ദിവസങ്ങളില്‍ വണ്‍ ലിബര്‍ട്ടി പ്ലാസ തകര്‍ന്നുവീഴുമോ എന്ന ആശങ്ക യഥാര്‍ഥത്തില്‍ നിലനിന്നിരുന്നു.
കെട്ടിടം ഘടനാപരമായി സുരക്ഷിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും സെപ്റ്റംബര്‍ 12ന് രക്ഷാപ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും സുരക്ഷാ ആശങ്കകളെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു. സെപ്റ്റംബര്‍ 14നും രക്ഷാപ്രവര്‍ത്തകരെ അടിയന്തരമായി മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്.
സെപ്റ്റംബര്‍ 13ന് എന്‍ ബി സിക്ക് നല്‍കിയ അഭിമുഖത്തിലും ഗ്രൗണ്ട് സീറോയിലെ സാഹചര്യം ട്രംപ് വിവരിച്ചിരുന്നു. ഏതാനും മിനിറ്റുകള്‍ കൂടുമ്പോള്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങുകയും സമീപത്തെ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുമോ എന്ന ഭയത്തില്‍ ആളുകള്‍ ഓടിപ്പോകുകയും പിന്നീട് തിരിച്ചെത്തി ജോലി തുടരുകയും ചെയ്തിരുന്നുവെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
അതുകൊണ്ട് ഗ്രൗണ്ട് സീറോയില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് യഥാര്‍ഥത്തില്‍ വലിയ അപകടസാധ്യതയും അനിശ്ചിതത്വവും ഉണ്ടായിരുന്നുവെന്ന് വ്യക്തമാകുന്നു. അത്തരമൊരു ഭീതിജനകമായ സാഹചര്യം ട്രംപ് നേരിട്ട് അനുഭവിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എന്നാല്‍ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ അദ്ദേഹത്തെ കൈക്കീഴിലൂടെ പിടിച്ച് എടുത്തുകൊണ്ട് ഓടിയെന്ന പ്രത്യേക അവകാശവാദത്തിന് തെളിവില്ല.
ട്രംപ് ജീവനക്കാരെ രക്ഷാപ്രവര്‍ത്തനത്തിന് കൊണ്ടുപോയെന്നതിനും സ്ഥിരീകരണമില്ല
ആക്രമണത്തിന് പിന്നാലെ തന്റെ സ്ഥാപനത്തിലെ 'മുഴുവന്‍ സംഘത്തെയും' ഗ്രൗണ്ട് സീറോയിലേക്ക് കൊണ്ടുപോയെന്നാണ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞത്. എന്നാല്‍ അവര്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിലോ രക്ഷാപ്രവര്‍ത്തനങ്ങളിലോ പങ്കെടുത്തതായി അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടില്ല.
മുന്‍ വര്‍ഷങ്ങളിലും ഗ്രൗണ്ട് സീറോയിലെ രക്ഷാപ്രവര്‍ത്തനത്തിനായി താന്‍ ജീവനക്കാരെ അയച്ചിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. ഏകദേശം 100 പേരടങ്ങുന്ന സംഘത്തെ അവിടേക്ക് അയച്ചുവെന്ന അവകാശവാദവും അദ്ദേഹം നടത്തിയിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങള്‍ സ്ഥിരീകരിക്കുന്ന രേഖകളോ തെളിവുകളോ അദ്ദേഹം പരസ്യമായി പുറത്തുവിട്ടിട്ടില്ല.
9/11 സമയത്ത് ന്യൂയോര്‍ക്ക് അഗ്നനിശമനസേനയിലെ ബറ്റാലിയന്‍ ചീഫായിരുന്ന വിരമിച്ച ഉദ്യോഗസ്ഥന്‍ റിച്ചാര്‍ഡ് അല്ലെസ്, രക്ഷാപ്രവര്‍ത്തന കാലയളവില്‍ ഗ്രൗണ്ട് സീറോയില്‍ ട്രംപിനെ കണ്ടതായി ഓര്‍ക്കുന്നില്ലെന്ന് 2019ല്‍ പറഞ്ഞിരുന്നു. 100 പേരടങ്ങുന്ന ഒരു സംഘമാണ് അവിടെ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ അതിന് ഔദ്യോഗിക രേഖകള്‍ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, വേള്‍ഡ് ട്രേഡ് സെന്റര്‍ പരിസരത്ത് പൊലീസ് ഉദ്യോഗസ്ഥരുമായും സന്നദ്ധപ്രവര്‍ത്തകരുമായും ട്രംപ് ഇടപഴകിയതായി അക്കാലത്തെ മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഗ്രൗണ്ട് സീറോയിലേക്ക് പോകുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കും ട്രംപ് ഹൈ-ഫൈവ് നല്‍കിയതായി 2016ലെ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വലിയ രക്ഷാപ്രവര്‍ത്തക സംഘത്തെ ട്രംപ് സംഘടിപ്പിച്ചുവെന്ന അവകാശവാദം സ്ഥിരീകരിക്കുന്നില്ല.
'കെട്ടിടം ഇപ്പോഴും കിരുകിരുക്കുന്നു' എന്ന അവകാശവാദവും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല
താന്‍ പരാമര്‍ശിച്ച കെട്ടിടം ഇപ്പോഴും 'കിരുകിരുക്കുന്നുണ്ട്' എന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇതിനും പൊതു രേഖകളില്‍ തെളിവില്ല.
വണ്‍ ലിബര്‍ട്ടി പ്ലാസ ആക്രമണത്തിന് രണ്ട് മാസത്തില്‍ താഴെ സമയത്തിനുള്ളില്‍, 2001 ഒക്ടോബറില്‍ തന്നെ വീണ്ടും തുറന്നിരുന്നു. പിന്നീട് കെട്ടിടം ഓഫീസ് സമുച്ചയമായി പ്രവര്‍ത്തിച്ചുവരികയാണ്.
എന്താണ് യാഥാര്‍ഥ്യം?
സ്ഥിരീകരിക്കപ്പെടാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദമാണ് ട്രംപിന്റേത്.
9/11ന് പിന്നാലെ ലോവര്‍ മാന്‍ഹട്ടനില്‍ നിലനിന്നിരുന്ന അരക്ഷിതാവസ്ഥയുമായും തകര്‍ന്ന കെട്ടിടങ്ങളെക്കുറിച്ചുള്ള ഭീതിയുമായും ട്രംപിന്റെ വിവരണത്തിലെ ചില കാര്യങ്ങള്‍ പൊരുത്തപ്പെടുന്നുണ്ട്. വണ്‍ ലിബര്‍ട്ടി പ്ലാസ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളെക്കുറിച്ച് യഥാര്‍ഥ ആശങ്കകളുണ്ടായിരുന്നു. ഗ്രൗണ്ട് സീറോയിലെ രക്ഷാപ്രവര്‍ത്തകരെ പലതവണ സുരക്ഷാ കാരണങ്ങളാല്‍ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ തന്നെ കൈക്കീഴിലൂടെ പിടിച്ച് എടുത്തുകൊണ്ട് ഓടിയെന്ന ട്രംപിന്റെ പ്രത്യേക അവകാശവാദം സ്ഥിരീകരിക്കുന്ന പൊതു തെളിവുകളൊന്നുമില്ല. ആക്രമണം നടക്കുമ്പോള്‍ അദ്ദേഹം വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തുമുണ്ടായിരുന്നില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ തന്നെ മുന്‍കാല വിവരണത്തില്‍ അഗ്നിശമന സേനാംഗങ്ങളുമായി ബന്ധപ്പെട്ട സംഭവം സെപ്റ്റംബര്‍ 11ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണെന്ന് വ്യക്തമാക്കിയിരുന്നു.
അതുപോലെ, വലിയൊരു സംഘത്തെ ഗ്രൗണ്ട് സീറോയിലെ രക്ഷാപ്രവര്‍ത്തനത്തിനായി സംഘടിപ്പിച്ചെന്ന ട്രംപിന്റെ അവകാശവാദത്തിനും നിലവില്‍ പൊതു രേഖകളില്‍ സ്ഥിരീകരണമില്ല. അതിനാല്‍ ഗ്രൗണ്ട് സീറോയിലെ അപകടകരവും അനിശ്ചിതവുമായ സാഹചര്യം യാഥാര്‍ഥ്യമായിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുമ്പോഴും ട്രംപ് ഇപ്പോള്‍ പറഞ്ഞ സംഭവത്തിന്റെ നിര്‍ണായക വിശദാംശങ്ങള്‍ക്ക് സ്ഥിരീകരണമില്ല.
