ബ്രൂക്ക്‌ലിനിൽ ഐസിഇക്ക് എതിരെ പ്രതിഷേധം; ഒമ്പത് പേർ കസ്റ്റഡിയിൽ, എട്ട് പേർക്കെതിരെ കേസെടുത്തു

ബ്രൂക്ക്‌ലിനിൽ ഐസിഇക്ക് എതിരെ പ്രതിഷേധം; ഒമ്പത് പേർ കസ്റ്റഡിയിൽ, എട്ട് പേർക്കെതിരെ കേസെടുത്തു


ന്യൂയോർക്ക്:  അമേരിക്കയിലെ ബ്രൂക്ലിൻ പ്രദേശത്ത് ഐസ് (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്) അറസ്റ്റ് നടപടിക്കെതിരായ പ്രതിഷേധത്തിനിടെ ഒമ്പത് പേരെ കസ്റ്റഡിയിൽ എടുത്തതായി ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ശനിയാഴ്ച രാത്രി വൈക്കോഫ് ഹൈറ്റ്‌സ് മെഡിക്കൽ സെന്ററിന് സമീപമായിരുന്നു സംഭവം നടന്നത്.

ആഭ്യന്തര സുരക്ഷാ വകുപ്പ് നൽകിയ വിവരപ്രകാരം, നൈജീരിയൻ പൗരനായ ചിഡോസീ വിൽസൺ ഒകെകെ എന്നയാളെ ഐസിഇ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ആക്രമണം, മയക്കുമരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ മുമ്പ് ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാൽ ഇതുസംബന്ധിച്ച വിവരങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അറസ്റ്റിനിടെ ഒകെകെ വാഹനം ആയുധമായി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഇടിക്കാൻ ശ്രമിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തതായി ആഭ്യന്തര സുരക്ഷാ വകുപ്പ് ആരോപിച്ചു. അറസ്റ്റ് കഴിഞ്ഞ് ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയ ഇയാളെ പരിശോധനയ്ക്കായി വൈക്കോഫ് ഹെയിറ്റ്‌സ് മെഡിക്കൽ സെന്ററിലേക്ക് മാറ്റി.

രാത്രി 10.30ഓടെ ആശുപത്രിക്ക് സമീപം വലിയ സംഘങ്ങൾ അക്രമാസക്തമായി പെരുമാറുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോൾ ഗതാഗതം തടസപ്പെടുത്തുകയും ആശുപത്രിയുടെ എമർജെൻസി കവാടങ്ങൾ തടയുകയും ചെയ്യുന്ന നിരവധി പേരെ കണ്ടതായി എൻവൈപിഡി അറിയിച്ചു.

ഐസിഇ ഉദ്യോഗസ്ഥർ ഒകെകെയുമായി ആശുപത്രിയിൽനിന്ന് പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോൾ പ്രതിഷേധക്കാർ പ്രവേശന കവാടം തടഞ്ഞു നിൽക്കുകയും പിരിഞ്ഞുപോകാൻ വിസമ്മതിക്കുകയും ചെയ്തു. ഒരാൾ ഐസിഇ വാഹനത്തിന്റെ പിൻചില്ല് തകർത്തതായും പോലീസ് പറഞ്ഞു.

പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും പ്രതിഷേധക്കാർ പിരിഞ്ഞുപോകാതിരുന്നതിനെ തുടർന്ന് ഒമ്പത് പേരെ കസ്റ്റഡിയിൽ എടുത്തു. ഇവരിൽ എട്ട് പേർക്കെതിരെ അറസ്റ്റ് തടസപ്പെടുത്തൽ, സർക്കാർ പ്രവർത്തനങ്ങൾ തടസപ്പെടുത്തൽ, അശ്രദ്ധാപരമായ അപകടസാധ്യത സൃഷ്ടിക്കൽ, സ്വത്ത് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. മറ്റൊരാളെ സമൻസ് നൽകി വിട്ടയച്ചു.

പ്രതിഷേധത്തിനിടെ ഐസിഇ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചില ഉദ്യോഗസ്ഥർക്ക് ചെറിയ പരിക്കുകൾ സംഭവിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഐസിഇ നടപടികളിൽ എൻവൈപിഡിക്ക് നേരിട്ട് പങ്കില്ലെന്നും, ഈ ഓപ്പറേഷൻ സംബന്ധിച്ച് മുൻകൂർ അറിവോ ഏകോപനമോ ഉണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

2023ൽ ടൂറിസ്റ്റ് വിസയിൽ അമേരിക്കയിലെത്തിയ ഒകെകെ, 2024 ഫെബ്രുവരി 26ന് കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുകയായിരുന്നുവെന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വിശദീകരണം.