ഷിക്കാഗോയിലെ ചാത്തം മേഖലയിൽ ഏഴുവയസ്സുകാരി കുത്തേറ്റു മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പാണ് ദാരുണ സംഭവം നടന്നതെന്ന് ഷിക്കാഗോ പൊലീസ് അറിയിച്ചു. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ സമീപിച്ച സ്ത്രീ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പലതവണ പിന്നിൽ കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കോമർ ചിൽഡ്രൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുക്ക് കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് മരിച്ച കുട്ടിയെ എഡിമാരി ഹെർണാണ്ടസ് ചാക്കോൺ എന്ന് തിരിച്ചറിഞ്ഞു.
സംഭവം കണ്ടുനിന്നവർ പ്രതിയായ സ്ത്രീയെ സ്ഥലത്തുവച്ച് തന്നെ തടഞ്ഞുവെച്ചു. ഇതിനിടെ പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് പൊലീസ് അറിയിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സുരക്ഷാ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. പ്രതിക്ക് കുട്ടിയെ നേരത്തെ പരിചയമുണ്ടായിരുന്നോയെന്നും ആക്രമണം ആസൂത്രിതമായിരുന്നോ യാദൃച്ഛികമായിരുന്നോ എന്നും വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
ഷിക്കാഗോയിൽ ഏഴുവയസ്സുകാരി കുത്തേറ്റ് മരിച്ചു; പ്രതിയായ സ്ത്രീയെ നാട്ടുകാർ പിടികൂടി
