ഇറാനിലെ സൈനിക നടപടിയോട് 59% അമേരിക്കക്കാർക്കും എതിർപ്പെന്ന് സർവെകൾ

ഇറാനിലെ സൈനിക നടപടിയോട് 59% അമേരിക്കക്കാർക്കും എതിർപ്പെന്ന് സർവെകൾ


വാഷിംഗ്ടൺ: അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ സൈനിക ആക്രമണം ആരംഭിച്ചതിന് പിന്നാലെ നടത്തിയ വിവിധ സർവേകൾ പ്രകാരം ഭൂരിപക്ഷം അമേരിക്കക്കാർ ഈ നടപടിയെ പിന്തുണക്കുന്നില്ലെന്ന് കണ്ടെത്തൽ. 59 ശതമാനം പേർ ഇറാനെതിരായ ആദ്യ സൈനിക നടപടിയെ എതിർക്കുമ്പോൾ 41 ശതമാനം പേർ മാത്രമാണ് പിന്തുണച്ചത്.

സിഎൻഎൻ നടത്തിയ സർവേയിൽ ഏകദേശം 60 ശതമാനം പേർ ആക്രമണങ്ങളെ അനുകൂലിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു. റോയിട്ടേഴ്‌സ്/ഇപ്‌സോസ് സർവേയും, ദ വാഷിംഗ്ടൺ പോസ്റ്റ്  നടത്തിയ പഠനവും സമാനമായ ഫലങ്ങളാണ് പുറത്തുവിട്ടത്. അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ വേഗത്തിൽ നടത്തിയ സർവേകളാണിവ.

സർവേയിൽ പങ്കെടുത്തവരിൽ 60 ശതമാനം പേർ പ്രസിഡന്റ് ട്രംപിന് ഇറാൻ വിഷയത്തിൽ വ്യക്തമായ പദ്ധതിയില്ലെന്ന് അഭിപ്രായപ്പെട്ടു. 62 ശതമാനം പേർ ഇനി മുന്നോട്ടുള്ള സൈനിക നടപടികൾക്ക് കോൺഗ്രസിന്റെ അനുമതി തേടണം എന്ന നിലപാടിലാണ്. വെറും 27 ശതമാനം പേർ മാത്രമാണ് സൈനിക ശക്തി പ്രയോഗിക്കുന്നതിന് മുമ്പ് ഇറാനുമായി മതിയായ നയതന്ത്ര ശ്രമങ്ങൾ നടത്തിയതായി വിശ്വസിക്കുന്നത്.

ഇറാന്റെ സുപ്രീം ലീഡർ അലി ഖമനേയി ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയായിരുന്നു സർവേ നടത്തിയത്. ആറു അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടുവെന്ന വിവരം പുറത്ത് വരുന്നതിനു മുൻപാണ് ഭൂരിഭാഗം അഭിപ്രായങ്ങളും രേഖപ്പെടുത്തിയത്.

ദീർഘകാല സൈനിക സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് 56 ശതമാനം പേർ കരുതുന്നു. അതിൽ 24 ശതമാനം പേർക്ക് ഇതിന് ഏറെ സാധ്യതയുണ്ടെന്ന് തോന്നുന്നു. യുദ്ധം എത്രനാൾ നീളുമെന്ന് ചോദിച്ചപ്പോൾ 'നാലാഴ്ചയോളം നീളുമെന്നാണ് കരുതിയത്; നാം സമയക്രമത്തിൽ മുന്നിലാണ്,' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയായ രാജ്യമാണെന്ന അഭിപ്രായം മുൻ സർവേകളിൽ പോലെ ഇപ്പോഴും ശക്തമാണെങ്കിലും, ഈ സൈനിക നടപടിയിലൂടെ ആ ഭീഷണി കുറയ്ക്കുമെന്ന് വിശ്വസിക്കുന്നവർ കുറവാണ്. ആക്രമണത്തിന് ശേഷം ഇറാൻ കൂടുതൽ ഭീഷണിയായിത്തീരുമെന്നാണ് 54 ശതമാനം പേർ അഭിപ്രായപ്പെട്ടത്. വെറും 28 ശതമാനം പേർക്ക് മാത്രമാണ് ഭീഷണി കുറയുമെന്ന് വിശ്വാസം.

റിപ്പബ്ലിക്കൻ പാർട്ടിയിലാണ് സൈനിക നടപടിക്ക് ശക്തമായ പിന്തുണ. 77 ശതമാനം റിപ്പബ്ലിക്കൻ വോട്ടർമാർ നടപടി അനുകൂലിക്കുമ്പോൾ, സ്വതന്ത്രരിൽ 32 ശതമാനവും ഡെമോക്രാറ്റുകളിൽ 18 ശതമാനവും മാത്രമാണ് പിന്തുണ നൽകുന്നത്. 'മേക്ക് അമേരിക്ക ഗ്രേറ്റ് അഗെയിൻ' (MAGA) വിഭാഗത്തിൽപ്പെടുന്ന റിപ്പബ്ലിക്കൻ വോട്ടർമാർ ട്രംപിനെ കൂടുതൽ വിശ്വസിക്കുന്നതായും സർവേ വ്യക്തമാക്കുന്നു.

എന്നാൽ അമേരിക്കൻ സൈന്യത്തെ ഇറാനിലേക്കു നിലത്തിറക്കുന്നതിനെ (ഗ്രൗണ്ട് ട്രൂപ്പ്‌സ്) വെറും 12 ശതമാനം പേർ മാത്രമാണ് പിന്തുണയ്ക്കുന്നത്. 60 ശതമാനം പേർ അതിനെ എതിർക്കുന്നു.

പുരുഷന്മാർ, സ്ത്രീകൾ, വൈറ്റ്, ബ്ലാക്ക്, ലാറ്റിനോ വിഭാഗങ്ങൾ എന്നിവ ഉൾപ്പെടെ മിക്ക ജനവിഭാഗങ്ങളിലും സൈനിക നടപടിക്കെതിരെ ഭൂരിപക്ഷം അഭിപ്രായം പ്രകടിപ്പിക്കുന്നതായും സർവേ വ്യക്തമാക്കുന്നു. ഇറാൻ വിഷയത്തിൽ അമേരിക്കൻ സമൂഹം രാഷ്ട്രീയമായി വിഭജിക്കപ്പെട്ടിരിക്കുമ്പോഴും, സമഗ്രമായി നോക്കുമ്പോൾ യുദ്ധവിപുലീകരണത്തിനെതിരെ ജനാഭിപ്രായം ശക്തമാണെന്നതാണ് പുതിയ കണ്ടെത്തൽ.