ഡ്രോൺ യുദ്ധശേഷി വർധിപ്പിക്കാൻ വൻ പദ്ധതി; 54.6 ബില്യൺ ഡോളർ നിക്ഷേപത്തിന് അമേരിക്ക

ഡ്രോൺ യുദ്ധശേഷി വർധിപ്പിക്കാൻ വൻ പദ്ധതി; 54.6 ബില്യൺ ഡോളർ നിക്ഷേപത്തിന് അമേരിക്ക


വാഷിങ്ടൺ: ഭാവിയിലെ യുദ്ധങ്ങളിൽ നിർണായക ശക്തിയായി മാറുന്ന ചെലവുകുറഞ്ഞ ഡ്രോണുകളുടെ വൻ ശൃംഖല സൃഷ്ടിക്കാൻ അമേരിക്ക പദ്ധതിയിടുന്നു. പരമ്പരാഗത പ്രതിരോധ കമ്പനികളെ മാത്രം ആശ്രയിക്കാതെ, ഡ്രോൺ റേസിങ് വിദഗ്ധരും സാങ്കേതിക സ്റ്റാർട്ടപ്പുകളും ഉൾപ്പെടെയുള്ള പുതിയ കമ്പനികൾക്കാണ് ഇത്തവണ കൂടുതൽ അവസരം നൽകുന്നത്.

യുക്രെയിനിലെയും പശ്ചിമേഷ്യയിലെയും യുദ്ധങ്ങൾ ചെറുതും ചെലവു കുറഞ്ഞ തുമായ ഡ്രോണുകളുടെ പ്രാധാന്യം തെളിയിച്ചതോടെയാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് (പെന്റഗൺ) പുതിയ നീക്കവുമായി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി മികച്ച ഡ്രോൺ നിർമ്മാതാക്കളെ കണ്ടെത്താൻ 18 മാസത്തെ 'ഡ്രോൺ ഡൊമിനൻസ്' മത്സരം ആരംഭിച്ചിട്ടുണ്ട്.

മത്സരത്തിൽ വിജയിക്കുന്ന കമ്പനികൾക്ക് 3 ലക്ഷം വരെ ഡ്രോണുകൾ നിർമ്മിക്കുന്നതിനായി 1.1 ബില്യൺ ഡോളറിന്റെ കരാറുകൾ നൽകും. ഇതിന് പുറമെ അടുത്ത പ്രതിരോധ ബജറ്റിൽ ഡ്രോൺ യുദ്ധ പദ്ധതികൾ വിപുലീകരിക്കാൻ 54.6 ബില്യൺ ഡോളർ നിക്ഷേപിക്കാനും ട്രംപ് ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.

കാലിഫോർണിയ ആസ്ഥാനമായ നെറോസ്, ബ്രിട്ടനിലെ സ്‌കൈകട്ടർ തുടങ്ങിയ സ്റ്റാർട്ടപ്പുകളാണ് മത്സരത്തിൽ മുന്നിലുള്ളത്. ഡ്രോൺ റേസിങ്ങിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി വികസിപ്പിച്ചിരിക്കുന്ന ഈ ഡ്രോണുകൾ അതിവേഗത്തിൽ സഞ്ചരിക്കാനും കൃത്യമായി ലക്ഷ്യം തകർക്കാനും കഴിവുള്ളവയാണ്. ഓരോ ഡ്രോണിനും ഏകദേശം 5,000 ഡോളർ മാത്രമാണ് ചെലവ്. യുദ്ധസാഹചര്യങ്ങളിൽ നഷ്ടപ്പെടാവുന്ന തരത്തിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സൈനികർ നേരിട്ട് പരീക്ഷണങ്ങൾ നടത്തി ദീർഘദൂര ആക്രമണം മുതൽ കെട്ടിടങ്ങൾക്കുള്ളിലെ ലക്ഷ്യങ്ങൾ വരെ തകർക്കാനുള്ള ശേഷി വിലയിരുത്തിയാണ് കമ്പനികളെ തിരഞ്ഞെടുക്കുന്നത്. ജോർജിയയിലെ ഫോർട്ട് ബെനിങിൽ നടന്ന ആദ്യഘട്ട മത്സരത്തിൽ 26 കമ്പനികളാണ് പങ്കെടുത്തത്. അതിൽ സ്‌കൈകട്ടറാണ് മികച്ച പ്രകടനം കാഴ്ചവെച്ച് 2,500ലധികം ഡ്രോണുകളുടെ ആദ്യ ഓർഡർ സ്വന്തമാക്കിയത്.

ഗാരേജുകളിലും ചെറിയ വർക്ക്‌ഷോപ്പുകളിലും ആരംഭിച്ച സ്റ്റാർട്ടപ്പുകൾ പോലും ഇപ്പോൾ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക ഡ്രോൺ പദ്ധതികളിലൊന്നിൽ പങ്കാളികളാകാനുള്ള മത്സരത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭാവിയിലെ യുദ്ധങ്ങളിൽ ചെലവുകുറഞ്ഞ ഡ്രോണുകളുടെ വലിയ കൂട്ടങ്ങളാകും നിർണായക പങ്കുവഹിക്കുകയെന്ന് പെന്റഗൺ വിലയിരുത്തുന്നു.