കാലിഫോര്‍ണിയയിലെ സ്‌റ്റോക്ക്ടണ്‍ നഗരത്തിലെ ബാങ്ക്വറ്റ് ഹാളില്‍ ഒരു കുട്ടിയുടെ ജന്മദിനാഘോഷത്തിനിടെയുണ്ടായ വെടിവെടിവെപ്പില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് ദുരന്തം അരങ്ങേറിയത്.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് സാന്‍ ജോക്വിന്‍ കൗണ്ടി ഷെരീഫ് പാട്രിക് വിഥ്രോ അറിയിച്ചു. ലക്ഷ്യമിട്ട ആക്രമണമായിരുന്നുവെന്ന സൂചനകള്‍ ശക്തമാണെന്നും, ഒരിലധികം ആക്രമികള്‍ ഉണ്ടാകാമെന്നുമാണ് അന്വേഷണത്തില്‍ നിന്നുള്ള പ്രാഥമിക വിലയിരുത്തല്‍. ബാങ്ക്വറ്റ് ഹാളിനുള്ളില്‍ നിന്നാണ് വെടിവെപ്പ് ആരംഭിച്ചതെന്നും പിന്നീട് പുറത്തേക്കും വ്യാപിച്ചതാണെന്നും ഷെരീഫ് പറഞ്ഞു.
കൊല്ലപ്പെട്ട നാല് പേരില്‍ മൂന്ന് പേര്‍ 8, 9, 14 വയസ്സുള്ള കുട്ടികളാണ്. നാലാമത്തെ മരണം 21 കാരന്റേതാണ്. പരിക്കേറ്റ 11 പേരില്‍ ഒരു ഒന്‍പത് വയസ്സുകാരന്‍ നിലവില്‍ അപകടവസ്ഥയിലല്ലെന്ന് സ്‌റ്റോക്ക്റ്റണ്‍യിലെ സെന്റ് ജോസഫ് മെഡിക്കല്‍ സെന്റര്‍ അറിയിച്ചു. മറ്റൊരാള്‍ ഞായറാഴ്ച രാത്രി വരെ അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു.
കുട്ടിയുടെ ജന്മദിനാഘോഷത്തിനിടെയാണ് ആക്രമണമുണ്ടായതെന്ന് സ്‌റ്റോക്ക്ടണ്‍ വൈസ് മേയര്‍ ജേസണ്‍ ലീ അറിയിച്ചു. 'കുടുംബങ്ങള്‍ ഒന്നിക്കേണ്ട സമയത്ത് ഇത്തരമൊരു ദുരന്തം- അത് മനസ്സിലാക്കാന്‍പോലും പ്രയാസമാണ്,' ഷെരീഫ് ഓഫീസിന്റെ വക്താവ് ഹെതര്‍ ബ്രെന്റ് പറഞ്ഞു. രണ്ടു മുതിര്‍ന്നവരെ കൂടുതല്‍ ചികിത്സയ്ക്കായി അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലരെ മോഡസ്‌റ്റോയിലെ സട്ടര്‍ മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
'സംഭവം മന:പൂര്‍വ്വമാകാമെന്നാണ് സൂചന. പ്രധാന ലക്ഷ്യം പ്രതിയെ തിരിച്ചറിയലാണ്,' ബ്രെന്റ് വ്യക്തമാക്കി. അതേസമയം, താങ്ക്‌സ്ഗിവിംഗിനുശേഷമുള്ള ദിവസങ്ങളിലാണ് ഈ ദുരന്തമെന്ന കാര്യം ചൂണ്ടിക്കാട്ടിയ സ്‌റ്റോക്ക്ടണ്‍ മേയര്‍ ക്രിസ്റ്റീന ഫുഗാസി, സഹകരണത്തിനായി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
'ഈ നഗരത്തിന് ഇത്തരം കലാപം ചേരുന്നതല്ല. അക്രമികളെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയാമെങ്കില്‍, ദയവായി ക്രൈം സ്‌റ്റോപ്പേഴ്‌സിനെ അറിയിക്കുക,' മേയര്‍ ആവശ്യപ്പെട്ടു. കുറ്റക്കാരനെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ എല്ലാവിധ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ജില്ലാ അറ്റോര്‍ണി റോണ്‍ െ്രെഫറ്റാസ് പറഞ്ഞു.
എഫ്ബിഐയും ഏടിഎഫും ഉള്‍പ്പെടെയുള്ള ഫെഡറല്‍ ഏജന്‍സികളും അന്വേഷണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. സാക്രമെന്റോയില്‍ നിന്ന് ഏകദേശം 45 മൈല്‍ തെക്കുള്ള 3.2 ലക്ഷം ജനസംഖ്യയുള്ള നഗരമാണ് സ്‌റ്റോക്ക്ടണ്‍. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗേവിന്‍ ന്യൂസം സംഭവത്തെക്കുറിച്ച് അറിഞ്ഞതായി അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചു.
