അമേരിക്കയിലെ ഐഡഹോ സംസ്ഥാനത്തെ മൗണ്ടൻ ഹോം എയർ ഫോഴ്‌സ് ബേസിൽ നടന്ന വ്യോമപ്രകടനത്തിനിടെ രണ്ട് യുദ്ധവിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് തകർന്നു വീണു. ഞായറാഴ്ച നടന്ന അപകടത്തെ തുടർന്ന് എയർബേസ് അടച്ചിടുകയും അടിയന്തര രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
'ഗൺഫൈറ്റർ സ്‌കൈസ് എയർ ഷോ'യുടെ രണ്ടാം ദിവസത്തെ പരിപാടിക്കിടെയായിരുന്നു സംഭവം. ബേസിൽ നിന്ന് ഏകദേശം രണ്ട് മൈൽ വടക്കുപടിഞ്ഞാറ് ഭാഗത്താണ് വിമാനങ്ങൾ കൂട്ടിയിടിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന് പിന്നാലെ കനത്ത കറുത്ത പുക ഉയരുകയും നിരവധി അടിയന്തരസേനാംഗങ്ങൾ സ്ഥലത്തെത്തുകയും ചെയ്തു.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ, രണ്ട് യുദ്ധവിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുന്നതും തുടർന്ന് തീപിടിത്തമുണ്ടാകുന്നതുമാണ് കാണുന്നത്. അപകടത്തിന് പിന്നാലെ നാല് പാരഷൂട്ടുകൾ തുറന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതോടെ പൈലറ്റുമാർ രക്ഷപ്പെട്ടോയെന്ന കാര്യത്തിൽ പ്രതീക്ഷ ഉയർന്നിട്ടുണ്ട്. എന്നാൽ അവരുടെ നില സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടിട്ടില്ല.
സംഭവത്തിന് പിന്നാലെ മൗണ്ടൻ ഹോം എയർ ഫോഴ്‌സ് ബേസ് പൂർണമായും ലോക്ക്ഡൗൺ ചെയ്തു. പൊതുജനങ്ങൾ ബേസലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൊലീസ് നിർദേശം നൽകി. അപകടത്തെ തുടർന്ന് എയർ ഷോയും റദ്ദാക്കി.
അമേരിക്കൻ വ്യോമസേനയുടെ 366ാം ഫൈറ്റർ വിങ് പ്രവർത്തിക്കുന്ന പ്രധാന കേന്ദ്രമാണ് മൗണ്ടൻ ഹോം എയർ ഫോഴ്‌സ് ബേസ്. എട്ട് വർഷങ്ങൾക്ക് ശേഷമാണ് 'ഗൺഫൈറ്റർ സ്‌കൈസ് എയർ ഷോ' വീണ്ടും സംഘടിപ്പിച്ചിരുന്നത്. ആയിരക്കണക്കിന് ആളുകൾ പരിപാടി കാണാൻ എത്തിയിരുന്നു.
അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി എയർ ഫോഴ്‌സ് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അവർ വ്യക്തമാക്കി.
വ്യോമപ്രകടനത്തിനിടെ അമേരിക്കൻ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു; ഐഡഹോ എയർബേസ് അടച്ചു
