സ്റ്റാനിയേല്‍: ബഹാമാസില്‍ കടലില്‍ നീന്തുന്നതിനിടെ 12 കാരനായ അമേരിക്കന്‍ ബാലന് സ്രാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. സ്റ്റാനിയേല്‍ സിറ്റിയിലെ എക്‌സുമാ തീരത്താണ് സംഭവമുണ്ടായത്. റോയല്‍ ബഹാമാസ് പോലീസാണ് ഇക്കാര്യം അറിയിച്ചത്. കടലില്‍ നീന്തുകയായിരുന്ന ബാലനെ ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സ്രാവ് ആക്രമിച്ചത്. പരിക്കേറ്റ ബാലനെ ബോട്ടില്‍ ന്യൂ പ്രോവിഡന്‍സ് ദ്വീപിലേക്ക് ചികിത്സയ്ക്കായി മാറ്റിയെന്ന് പോലീസ് പറഞ്ഞു.
സഹോദരനുമായി നീന്തുന്നതിനിടെയാണ് ബാലനു നേരെ സ്രാവിന്റെ ആക്രമണമുണ്ടായത്. പരിക്കേറ്റ ബാലന്റെ വ്യക്തിഗത വിവരങ്ങൾ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ബാലന്റെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
ബഹാമാസിന്റെ കടലില്‍ 40-ല്‍ അധികം ഇനങ്ങളില്‍പെട്ട സ്രാവുകളാണുള്ളത്. സ്രാവ് സംരക്ഷണ പ്രവര്‍ത്തനങ്ങൾ കാരണം ബഹാമാസിനെ ”ലോകത്തിന്റെ സ്രാവ് ഡൈവിംഗ് തലസ്ഥാനം” എന്നും വിശേഷിപ്പിക്കാറുണ്ട്. ബഹാമസ് നാഷ്ണല്‍ ട്രസ്റ്റ് ആണ്ഈ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഫ്‌ളോറിഡ മ്യൂസിയം ഓഫ് നാഷ്ണല്‍ ഹിസ്റ്ററിയുടെ ഇന്റര്‍നാഷണല്‍ ഷാര്‍ക്ക് അറ്റാക്ക് ഫയല്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ലോകത്ത് ആകെ 105 തവണ മനുഷ്യനെ സ്രാവുകള്‍ ആക്രമിച്ചു. ഇതില്‍ 65 എണ്ണം സ്രാവിന്റെ കടിയേറ്റ സംഭവങ്ങളായിരുന്നു. ഇതില്‍ അഞ്ച് സംഭവങ്ങള്‍ ബഹാമാസിലായിരുന്നു.
കടലില്‍ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണം; 12കാരനായ അമേരിക്കന്‍ ബാലന് പരിക്ക്
