വാഷിംഗ്ടണ്‍: അമേരിക്കന്‍ ഗതാഗത വകുപ്പ് (DOT) രേഖപ്പെടുത്തിയ ഏറ്റവും വലിയ എയര്‍ലൈന്‍ പിഴയായ 140 മില്യണ്‍ ഡോളര്‍ ശിക്ഷയിലെ അവസാന ഘട്ടമായ 11 മില്യണ്‍ ഡോളര്‍ സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് ഇനി അടയ്‌ക്കേണ്ടതില്ല. 2022ലെ അവധി കാലത്തെ വലിയ പ്രവര്‍ത്തന തകരാറിനുശേഷം ഏര്‍പ്പെടുത്തിയ ശിക്ഷയിലാണ് ഈ ഇളവ്.
എയര്‍ലൈന്‍സ് 112.4 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് നെറ്റ്‌വര്‍ക്ക് ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ (NOC) സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയതും, സമയബന്ധിത സര്‍വീസുകളും റദ്ദാക്കലുകളില്‍ വന്‍ കുറവും സാധ്യമാക്കിയതുമാണ് ഈ ഇളവിന് DOT ചൂണ്ടിക്കാട്ടുന്ന കാരണം. എയര്‍ലൈന്‍സിന്റെ നിക്ഷേപങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഗുണം ചെയ്യുന്ന രീതിയില്‍ പ്രോത്സാഹനം നല്‍കാനാണ് ഇത്തരം ക്രെഡിറ്റ് സംവിധാനമെന്ന് അമേരിക്കന്‍ ഗതാഗത വകുപ്പ് വ്യക്തമാക്കി.
ബൈഡന്‍ ഭരണകൂടം 2023ല്‍ ഏര്‍പ്പെടുത്തിയ 140 മില്യണ്‍ ഡോളര്‍ പിഴയില്‍ 35 മില്യണ്‍ ഡോളര്‍ അമേരിക്കന്‍ ട്രഷറിയിലേക്കായി രണ്ട് തവണ 12 മില്യണ്‍ ഡോളറും, അവസാനതായി 11 മില്യണും എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി അടയ്‌ക്കേണ്ടതുണ്ടായിരുന്നു. ജനുവരി 31ന് അടയ്‌ക്കേണ്ട ഈ അവസാന ക്വാട്ടയാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്.
'മോഡേണ്‍ സാങ്കേതികവിദ്യയില്‍ ഞങ്ങള്‍ നടത്തിയ മഹത്തായ നിക്ഷേപങ്ങളെ ഡിഒടി അംഗീകരിച്ചതിന് സൗത്ത്‌വെസ്റ്റ് നന്ദി അറിയിച്ചതായി എബിസി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ വിജയകരമായി 'ഓപ്പറേഷണല്‍ ടേണ്‍അറൗണ്ട്' നേടുകയും വ്യവസായത്തിലെ മികച്ച സമയ നിരക്കിലും കുറഞ്ഞ റദ്ദാക്കലുകളിലും എത്തിച്ചേരുകയുമാണെന്ന് എയര്‍ലൈന്‍സ് വ്യക്തമാക്കി.
2022ലെ ശക്തമായ ശൈത്യകാല കൊടുങ്കാറ്റിനിടെ 16,900ത്തിലധികം സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയും 20 ലക്ഷത്തില്‍പ്പരം യാത്രക്കാര്‍ കുടുങ്ങിപ്പോകുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡിഒടി ഈ നടപടികള്‍ സ്വീകരിച്ചത്. ഇതിന് പുറമെ ഉപഭോക്താക്കള്‍ക്ക് 600 മില്യണ്‍ ഡോളറിലധികം റീഫണ്ടും നഷ്ടപരിഹാരവും നല്‍കാനും സൗത്ത്‌വെസ്റ്റ് സമ്മതിച്ചിരുന്നു.
സൗത്ത്‌വെസ്റ്റിന് ആശ്വാസം: 11 മില്യണ്‍ ഡോളര്‍ പിഴ ഡിഒടി ഒഴിവാക്കി
