വാഷിംഗ്ടണ്‍ ഡി സി: ടെക്സസില്‍ നിന്ന് 15 ആഴ്ചകള്‍ക്ക് മുമ്പ് ആരംഭിച്ച ബുദ്ധ സന്യാസിമാരുടെ സമാധാനത്തിനുള്ള യാത്ര 2,000 മൈല്‍ ദൂരം നടന്ന് വാഷിംഗ്ടണ്‍ ഡി സിയില്‍ സമാപിച്ചു.
അമേരിക്കയിലുടനീളം മാത്രമല്ല ലോകമെമ്പാടും സമാധാനം, സ്നേഹപൂര്‍വമായ കരുണ, സഹാനുഭൂതി എന്നിവയെക്കുറിച്ചുള്ള ബോധവത്ക്കരണം ലക്ഷ്യമാക്കി നടത്തിയ ദീര്‍ഘയാത്രയില്‍ സന്യാസിമാര്‍ മഴ, മഞ്ഞ്, കഠിനമായ കാലാവസ്ഥ തുടങ്ങിയ വെല്ലുവിളികള്‍ മറികടന്നാണ് മുന്നേറിയത്. യാത്ര പൊതുജനങ്ങളില്‍ വലിയ ശ്രദ്ധ നേടുകയും അവസാനഘട്ടത്തില്‍ നൂറുകണക്കിന് ആളുകള്‍ കൂട്ടുചേര്‍ന്ന് പിന്തുണ അറിയിക്കുകയും ചെയ്തു.
ക്യാപിറ്റോള്‍ ഹില്‍ മുതല്‍ ലിങ്കണ് മെമ്മോറിയല്‍ വരെ നടന്ന അവസാനഘട്ട യാത്രയില്‍ സന്യാസിമാരോടൊപ്പം നടന്ന പലരും സമാധാന സന്ദേശം പകര്‍ന്ന ഈ യാത്ര സമൂഹത്തില്‍ ശക്തമായ പ്രതികരണം സൃഷ്ടിച്ചതായി അഭിപ്രായപ്പെട്ടു.
യാത്ര സമാപിച്ചതോടെ സന്യാസിമാര്‍ ടെക്സസിലേക്ക് ബസില്‍ മടങ്ങി മഠത്തിലേക്ക് തിരിയും.
