ഫ്രാങ്ക്‌ഫോര്‍ട്ട്: അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തെ ഫ്രാങ്ക്‌ഫോര്‍ട്ടിലുള്ള കെന്റക്കി സ്‌റ്റേറ്റ് സര്‍വകലാശാലയില്‍ ചൊവ്വാഴ്ച ഉണ്ടായ വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു, മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഗവര്‍ണര്‍ ആന്‍ഡി ബെഷിയറും പ്രാദേശിക പൊലീസും അറിയിച്ചു.
വ്യക്തിപരമായ തര്‍ക്കമാണ് വെടിവെപ്പിന് കാരണം എന്നാണ് പ്രാഥമിക വിവരം. ഇത് ആസൂത്രിതമായ കൂട്ടവെടിവെപ്പോ യാദൃശ്ചികമായ ആക്രമണമോ അല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. 'ഇത് ഭീതിജനകമായ സംഭവമാണ്, എന്നാല്‍ ഇപ്പോള്‍ ക്യാംപസില്‍ യാതൊരു ഭീഷണിയുമില്ല,' ഗവര്‍ണര്‍ ബെഷിയര്‍ പറഞ്ഞു.
ക്യാംപസിലെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന വിറ്റ്‌നി എം. യംഗ് ജൂനിയര്‍ ഹാളിന് സമീപമാണ് വെടിവെപ്പ് നടന്നത്. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് ആക്രമണത്തില്‍ വെടിയേറ്റത്. ഒരാള്‍ മരണത്തിന് കീഴടങ്ങിയതായും മറ്റൊരാളെ നില ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഫ്രാങ്ക്‌ഫോര്‍ട്ട് പൊലീസ് അറിയിച്ചു.
സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയല്ലാത്ത ആള്‍ തന്നെയാണ് പ്രതിയെന്നും ക്യാംപസ് പൊലീസാണ് ഇയാളെ പിടികൂടിയതെന്നും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനിടയില്‍ മറ്റു ഭീഷണികളില്ലെന്ന് സര്‍വകലാശാല ഔദ്യോഗികമായി വ്യക്തമാക്കി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആഴ്ചയുടെ ശേഷിക്കുന്ന ദിവസങ്ങളില്‍ എല്ലാ ക്ലാസുകളും ക്യാംപസ് പ്രവര്‍ത്തനങ്ങളും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.
കെന്റക്കി സ്‌റ്റേറ്റ് സര്‍വകലാശാലയില്‍ വെടിവെപ്പ്; ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരുക്ക് -പ്രതി കസ്റ്റഡിയില്‍
