എഐ ഓട്ടത്തിന് ബ്രേക്ക് വേണം; മുന്നറിയിപ്പുമായി മുൻ ഓപ്പൺഎഐ-ആന്ത്രോപിക് ഗവേഷകൻ

എഐ ഓട്ടത്തിന് ബ്രേക്ക് വേണം; മുന്നറിയിപ്പുമായി മുൻ ഓപ്പൺഎഐ-ആന്ത്രോപിക് ഗവേഷകൻ


'സ്വയം മെച്ചപ്പെടുന്ന സൂപ്പർ ഇന്റലിജൻസിലേക്ക് കുതിപ്പ്; മനുഷ്യജീവൻ പന്തയത്തിലാക്കുന്നു'

വാഷിങ്ടൺ : നിർമിതബുദ്ധിയുടെ (എഐ) വികസനം അതിവേഗം മുന്നേറുന്നതിനിടെ നിയന്ത്രണത്തിനും സുരക്ഷയ്ക്കുമായി വേഗത കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആന്ത്രോപിക്, ഓപ്പൺ എഐ സ്ഥാപനങ്ങളിൽ സുരക്ഷാ ഗവേഷകനായി പ്രവർത്തിച്ച ജേക്കബ് കോക്‌സണാണ് എഐ വികസനത്തിന്റെ നിലവിലെ വേഗതയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

എഐ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളെത്തുടർന്ന് കഴിഞ്ഞയാഴ്ച ആന്ത്രോപിക്കിൽനിന്ന് രാജിവച്ച കോക്‌സൺ, ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയിയുടെ വികസന വേഗത കുറയ്ക്കണമെന്ന ആഹ്വാനത്തെ സ്വാഗതം ചെയ്തു. വിവിധ എഐ കമ്പനികൾ തമ്മിലുള്ള കടുത്ത മത്സരം നിയന്ത്രിക്കാനും സുരക്ഷാ പരിശോധനകൾക്ക് ആവശ്യമായ സമയം ലഭിക്കാനും ഒരു 'വേഗത കുറയ്ക്കൽ' അനിവാര്യമാണെന്നാണ് കോക്‌സന്റെ നിലപാട്.

ശനിയാഴ്ച 'We Must Pace the Frontier' എന്ന തലക്കെട്ടിൽ പുറത്തിറക്കിയ കത്തിൽ എഐ വികസനത്തിന്റെ വേഗത കുറയക്കേണ്ടതിന്റെ ആവശ്യകത അമോഡെയിയും ചൂണ്ടിക്കാട്ടിയിരുന്നു. 'മനുഷ്യരാശിയോട് നമുക്കുള്ള ഉത്തരവാദിത്തം കണക്കിലെടുത്ത് അതിന് ശ്രമിക്കണം' എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.

'ജീവൻ പന്തയത്തിലാക്കുന്നു'

ആന്ത്രോപിക്കിൽനിന്നുള്ള രാജി പ്രഖ്യാപിച്ചുകൊണ്ട് സമൂഹമാധ്യമമായ എക്‌സിൽ കോക്‌സൺ നടത്തിയ പ്രതികരണം എഐ വ്യവസായത്തിൽ വലിയ ചർച്ചയ്ക്കാണ് വഴിവച്ചത്. ആന്ത്രോപിക്കും ഓപ്പൺഎഐയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നില്ലെന്നും സ്വയം മെച്ചപ്പെടുന്ന സൂപ്പർഇന്റലിജൻസിലേക്കുള്ള മത്സരത്തിൽ മനുഷ്യജീവൻ പന്തയത്തിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എഐ വികസനത്തിൽ പ്രവർത്തിക്കുന്നവർക്ക് തന്നെയും ഈ സാങ്കേതികവിദ്യ നിയന്ത്രണം വിട്ടാൽ മനുഷ്യരാശിക്ക് വലിയ ഭീഷണിയാകുമെന്ന ആശങ്കയുണ്ടെന്ന് കോക്‌സൺ പറഞ്ഞു. ഈ ദശകത്തിന്റെ അവസാനത്തോടെ എഐ മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകാമെന്ന് വ്യവസായത്തിലെ ചിലർ ആത്മാർഥമായി വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ സമൂഹമാധ്യമ പോസ്റ്റിന് ലഭിച്ച വലിയ പ്രതികരണം അപ്രതീക്ഷിതമായിരുന്നെന്നും കോക്‌സൺ പറഞ്ഞു. എന്നാൽ ലഭിച്ച പ്രതികരണം എഐ സുരക്ഷയെക്കുറിച്ചുള്ള ഗൗരവമായ പൊതുചർച്ചയ്ക്ക് സമൂഹം തയ്യാറായിക്കഴിഞ്ഞതിന്റെ സൂചനയാണെന്നും അദ്ദേഹം വിലയിരുത്തി.

കമ്പനികൾക്കുള്ളിലും ആശങ്ക

എഐ സാങ്കേതികവിദ്യ നിയന്ത്രിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാകുകയാണെന്ന തോന്നൽ താൻ ജോലി ചെയ്ത സ്ഥാപനങ്ങളിലുണ്ടായിരുന്നോ എന്ന ചോദ്യത്തിനും കോക്‌സൺ മറുപടി നൽകി. അപകടസാധ്യതകളെക്കുറിച്ച് നിരന്തരം ചർച്ച ചെയ്യാൻ ആവശ്യമായ സമയം പലപ്പോഴും ലഭിക്കുന്നില്ലെങ്കിലും, അടുത്ത മാസങ്ങളിൽ ഇത്തരം ആശങ്കകൾ കൂടുതൽ പതിവായി ഉയർന്നുവരുന്നതായി അദ്ദേഹം പറഞ്ഞു.

കമ്പനിയിലെ ഏത് വിഭാഗത്തിലായാലും ആഴ്ചയിൽ ഒന്നിലധികം തവണ എഐയുടെ വലിയ അപകടസാധ്യതകളെക്കുറിച്ച് ചർച്ചകൾ നടക്കാറുണ്ടെന്നും കോക്‌സൺ വ്യക്തമാക്കി.

വേഗതയോ സുരക്ഷയോ?

എഐ രംഗത്ത് ആന്ത്രോപിക്, ഓപ്പൺഎഐ തുടങ്ങിയ കമ്പനികൾ അത്യാധുനിക മോഡലുകൾ വികസിപ്പിക്കുന്നതിനായി നടത്തുന്ന മത്സരം ശക്തമായിരിക്കെയാണ് സുരക്ഷാ മുന്നറിയിപ്പുകൾ ഉയരുന്നത്. കൂടുതൽ ശേഷിയുള്ള എഐ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ നിന്ന് പിന്നോട്ടുപോകുന്നത് വിപണിയിൽ തിരിച്ചടിയാകുമെന്ന ആശങ്കയും കമ്പനികൾക്കുണ്ട്.

എന്നാൽ സാങ്കേതിക ശേഷി അതിവേഗം ഉയരുമ്പോൾ സുരക്ഷാ സംവിധാനങ്ങൾ അതേ വേഗത്തിൽ വികസിക്കുന്നില്ലെങ്കിൽ അപകടസാധ്യത കൂടുമെന്നതാണ് കോക്‌സണും അമോഡെയിയും ഉയർത്തുന്ന പ്രധാന ചോദ്യം.

എഐയുടെ ഭാവി എത്ര വേഗത്തിൽ എത്തിക്കണമെന്നതിലല്ല, അത് എത്രത്തോളം സുരക്ഷിതമായി മനുഷ്യരുടെ നിയന്ത്രണത്തിൽ നിലനിർത്താനാകുമെന്നതിലാണ് നിർണായക ചർച്ച ഇപ്പോൾ കേന്ദ്രീകരിക്കുന്നത്. വികസനമത്സരത്തിന് ബ്രേക്ക് വേണമെന്ന വ്യവസായത്തിനുള്ളിൽനിന്നുള്ള ശബ്ദം കൂടുതൽ ശക്തമാകുന്നതും ഇതിന്റെ സൂചനയാണ്.