വാഷിംഗ്ടൺ: ചൈനയിലെ മൂന്ന് എഐ ഗവേഷണ സ്ഥാപനങ്ങൾ തങ്ങളുടെ മോഡൽ
അനധികൃതമായി പകർത്തിയതായി അമേരിക്കൻ എഐ സ്ഥാപനമായ ആന്ത്രോപിക് ആരോപിച്ചു.
ഡീപ്‌സീക്, മൂൺഷോട്ട്, മിനിമാക്‌സ് എന്നീ സ്ഥാപനങ്ങൾ വ്യാജ അക്കൗണ്ടുകൾ
ഉപയോഗിച്ച് വൻതോതിൽ ഡേറ്റ ചോർത്തി സ്വന്തം മോഡലുകൾ മെച്ചപ്പെടുത്തിയെന്നാണ്
ആരോപണം.
കമ്പനിയുടെ വിശദീകരണം പ്രകാരം, ആയിരക്കണക്കിന് വ്യാജ
ഉപയോക്തൃ അക്കൗണ്ടുകൾ സൃഷ്ടിച്ച് ലക്ഷക്കണക്കിന് സംവാദങ്ങൾ നടത്തി
മോഡലിന്റെ കഴിവുകൾ പുറത്തെടുത്തതാണ് സംഭവത്തിന് പിന്നിൽ. ചെറുതും കുറഞ്ഞ
ശേഷിയുള്ളതുമായ മോഡലുകളെ ശക്തമായ മോഡലുകളുടെ ഫലങ്ങൾ ഉപയോഗിച്ച്
പരിശീലിപ്പിക്കുന്ന രീതിയാണ് ഇതിന് ഉപയോഗിച്ചതെന്ന് കമ്പനി അറിയിച്ചു.
സാധാരണ പരിശീലനരീതിയായിരുന്നാലും, മത്സരസ്ഥാപനങ്ങൾ അനധികൃതമായി
ഉപയോഗിക്കുമ്പോൾ ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഇത്തരത്തിലുള്ള
ആക്രമണങ്ങൾ ശക്തവും സങ്കീർണ്ണവുമായി മാറുകയാണെന്നും, തടയാനുള്ള സമയം
കുറയുകയാണെന്നും ആന്ത്രോപിക് വ്യക്തമാക്കി. ഇത് ഒരു സ്ഥാപനത്തിന്റെ മാത്രം
പ്രശ്‌നമല്ലെന്നും, വ്യവസായ മേഖലയും നയരൂപീകരകരും ചേർന്ന് അടിയന്തര നടപടി
സ്വീകരിക്കേണ്ട സാഹചര്യമാണെന്നും കമ്പനി ആവശ്യപ്പെട്ടു.
അനധികൃതമായി
പകർത്തിയ മോഡലുകൾ രാജ്യസുരക്ഷയ്ക്കും ഭീഷണിയാണെന്ന് കമ്പനി പറഞ്ഞു.
സുരക്ഷാ നിയന്ത്രണങ്ങളില്ലാതെ ഇത്തരം മോഡലുകൾ സൈനിക- രഹസ്യാന്വേഷണ-നിരീക്ഷണ
സംവിധാനങ്ങളിലേക്കും എത്താൻ സാധ്യതയുണ്ടെന്നും കമ്പനി മുന്നറിയിപ്പ് നൽകി.
അമേരിക്കൻ സാങ്കേതിക വിദ്യകൾ പകർത്തി വിദേശ രാജ്യങ്ങൾ ആക്രമണ
പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സാഹചര്യം ഇതിലൂടെ ഉണ്ടാകാമെന്നും
ആന്ത്രോപിക് ആരോപിച്ചു.
ഇതേസമയം, അമേരിക്കൻ വ്യവസായ പ്രമുഖനായ ഇലോൺ
മസ്‌ക് ശക്തമായ എതിർവാദവുമായി രംഗത്തെത്തി. ആന്ത്രോപിക് തന്നെ വൻതോതിൽ
അനധികൃത പരിശീലന വിവരങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും, അതിന് ബഹുകോടികളുടെ
നഷ്ടപരിഹാരം നൽകേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ
വർഷം എഴുത്തുകാരുമായി നടന്ന പകർപ്പവകാശ കേസിൽ ആന്ത്രോപിക് വലിയ തുക നൽകി
ഒത്തുതീർപ്പുണ്ടാക്കിയിരുന്നു. എഴുത്തുകാരുടെ അനുമതിയില്ലാതെ പുസ്തകങ്ങൾ
ഉൾപ്പെടെ വലിയ തോതിൽ ഉള്ളടക്കം ഉപയോഗിച്ചുവെന്നാണ് കേസ്. ഇത്തരത്തിൽ മിക്ക
എഐ സ്ഥാപനങ്ങളും പൊതുഇന്റർനെറ്റ് വിവരങ്ങൾ അനുമതിയില്ലാതെ
ഉപയോഗിക്കുന്നുണ്ടെന്നും, അതിനാൽ ആന്ത്രോപിക്കിന്റെ ആരോപണം നൈതികമായി
ദുർബലമാണെന്നും എലോൺ മസ്‌ക് വിമർശിച്ചു.
ചൈനീസ് സ്ഥാപനങ്ങൾക്കെതിരെ
ആന്ത്രോപിക് ആരോപണം ഉന്നയിച്ച അതേ ദിവസമാണ്, അമേരിക്കൻ പ്രതിരോധ
മന്ത്രാലയം കമ്പനിയുടെ മേധാവിയെ വിളിച്ചുവരുത്തിയെന്ന റിപ്പോർട്ടും
പുറത്തുവന്നത്. സൈനിക ആവശ്യങ്ങൾക്കായി അവരുടെ മോഡൽ ഉപയോഗിക്കാനുള്ള
സമ്മർദ്ദം നിലനിൽക്കുന്നതായും റിപ്പോർട്ടുണ്ട്.
ചൈനീസ്
സ്ഥാപനങ്ങൾക്കെതിരായ ആരോപണങ്ങൾ യാഥാർത്ഥ്യമാകാമെങ്കിലും, ദേശീയ സുരക്ഷയും
സർക്കാർ പിന്തുണയും ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത് ശക്തമായി
ഉന്നയിക്കപ്പെടുന്നതെന്ന വിലയിരുത്തലും ശക്തമാണ്.
ചൈനീസ് എഐ ലാബുകൾ മോഡൽ പകർത്തിയെന്ന് ആന്ത്രോപിക്; എതിർവാദവുമായി ഇലോൺ മസ്‌ക്
