നവി മുംബൈ: ഐ സി സി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക്. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പില്‍ മുത്തമിട്ടത്. ഇന്ത്യന്‍ വനിതകളുടെ ആദ്യ ഏകദിന ലോകകപ്പ് കിരീടവും ആദ്യ ഐ സി സി കിരീടവുമാണ് ഇത്.
ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിംഗ് 246 റണ്‍സില്‍ അവസാനിച്ചു.
ഷഫാലി വര്‍മയും (87) സ്മൃതി മന്ഥനയും (45) ദീപ്തി ശര്‍മയുമാണ് (58) ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്ത് പകര്‍ന്നത്. 36 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി ദീപ്തിയും 36 റണ്‍സിന് രണ്ട് വിക്കറ്റ് പിഴുത ഷഫാലിയും ബൗളിങ്ങിലും തിളങ്ങി.
മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടും തസ്മിന്‍ ബ്രിറ്റ്‌സും ചേര്‍ന്ന 51 റണ്‍സ് ഓപ്പണിങ് സഖ്യം ദക്ഷിണാഫ്രിക്കയ്ക്ക് മോശമല്ലാത്ത തുടക്കം നല്‍കി. 23 റണ്‍സെടുത്ത അപകടകാരിയായ ബ്രിറ്റ്‌സിനെ അമന്‍ജോത് കൗര്‍ റണ്ണൗട്ടാക്കിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. വണ്‍ ഡൗണായെത്തിയ അന്നിക് ബോഷ് ആറ് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെ ശ്രീചരണിയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി.
ഷഫാലിയാണ് സൂന്‍ ലൂസിനെ (25) സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി ഇന്ത്യക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ചത്. ഇതിനിടെ ലോറ വോള്‍വാര്‍ട്ട് അര്‍ധ സെഞ്ചുറി പിന്നിട്ടിരുന്നു. പിന്നാലെ, പരിചയസമ്പന്നയായ മരിസാന്‍ കാപ്പിനെ (5) ഷഫാലി വിക്കറ്റ് കീപ്പര്‍ റിച്ചയുടെ ഗ്ലൗസിലെത്തിച്ചു. സിനാലോ ജാഫ്തയെയും (16) അന്നെരി ഡെറെക്‌സനെയും (35) പുറത്താക്കിയ ദീപ്തി ശര്‍മ ഇന്ത്യയെ കൂടുതല്‍ ശക്തമായ നിലയിലെത്തിച്ചു.
98 പന്തില്‍ 101 റണ്‍സെടുത്ത ലോറയെ ദീപ്തിയുടെ പന്തില്‍ അമന്‍ജോത് കൗര്‍ ക്യാച്ചെടുത്ത് പുറത്താക്കിയതോടെയാണ് ജയം പൂര്‍ണമായും ഇന്ത്യന്‍ പക്ഷത്തേക്ക് ചാഞ്ഞത്.
ശ്രീ ചരണി എറിഞ്ഞ 45-ാം ഓവറില്‍ റണ്‍ നിരക്ക് ഉയര്‍ത്താന്‍ ക്ലോ ട്രയോണ്‍ നടത്തിയ ശ്രമം ഫലം കണ്ടെങ്കിലും അവസാന പന്തില്‍ സിംഗിള്‍ എടുക്കാനുള്ള ശ്രമം അയബോംഗ ഖാകയുടെ റണ്ണൗട്ടില്‍ കലാശിച്ചതോടെ ഒമ്പതാം വിക്കറ്റും വീഴുകയായിരുന്നു.
സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ ഐതിഹാസികമായ റണ്‍ ചേസില്‍ തോല്‍പ്പിച്ച പ്ലെയിങ് ഇലവനില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഫൈനല്‍ കളിച്ചത്. മൂന്ന് മണിക്ക് ആരംഭിക്കേണ്ട മത്സരം മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം അഞ്ച് മണിക്കാണ് ആരംഭിച്ചത്.
