വനിതാ പ്രീമിയര്‍ ലീഗ് കിരീടം റോയല്‍ ചലഞ്ചേഴ്‌സിന്

വനിതാ പ്രീമിയര്‍ ലീഗ് കിരീടം റോയല്‍ ചലഞ്ചേഴ്‌സിന്


ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗ് കിരീടം റോയല്‍ ചലഞ്ചേഴ്സിന്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് സ്മൃതി മന്ദാനയും സംഘവും ആദ്യ ഐ പി എല്‍ കിരീടം സ്വന്തമാക്കിയത്. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 18.3 ഓവറില്‍ 113 റണ്‍സിന് എല്ലാവരും പുറത്തായി. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച റോയല്‍ ചലഞ്ചേഴ്സ് 19.3 ഓവറില്‍ ലക്ഷ്യം കണ്ടു.

മത്സരത്തില്‍ മികച്ച തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. ഷഫാലി വര്‍മ്മ ആടിത്തകര്‍ത്തപ്പോള്‍ മെഗ് ലാന്നിങ് പിന്തുണ നല്‍കി. 27 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സും സഹിതം 44 റണ്‍സെടുത്ത് ഷഫാലി മടങ്ങി. ഒപ്പം ഡല്‍ഹിയുടെ ബാറ്റിംഗ് തകര്‍ച്ചയും തുടങ്ങി. ജമീമ റോഡ്രിഗ്സിനെയും അലീസ് ക്യാപ്സിയെയും പൂജ്യരായി മടക്കി സോഫി മോളിനക്സ് ആഞ്ഞടിച്ചു. ഷഫാലിയുടേത് ഉള്‍പ്പെടെ എട്ടാം ഓവറില്‍ സോഫി മൂന്ന് വിക്കറ്റ് വീഴ്ത്തി.

23 റണ്‍സുമാായി മെഗ് ലാന്നിങ് വീണതോടെ റോയല്‍ ചലഞ്ചേഴ്സ് പിടിമുറുക്കി. പിന്നീട് വന്നവരില്‍ 12 റണ്‍സെടുത്ത രാധാ യാദവിനും 10 റണ്‍സെടുത്ത അരുന്ധതി റെഡ്ഡിക്കും മാത്രമാണ് രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. റോയല്‍ ചലഞ്ചേഴ്സിനായി ശ്രേയങ്ക പാട്ടീല്‍ നാലും സോഫി മോളിനക്സ് മൂന്നും ശോഭന ആശ രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് കരുതലോടെ ബാറ്റുചെയ്തു. വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ റണ്‍റേറ്റില്‍ ശ്രദ്ധിച്ച് സ്‌കോര്‍ ഉയര്‍ത്തി. 39 പന്ത് നേരിട്ടാണ് സ്മൃതി മന്ദാന 31 റണ്‍സ് നേടിയത്. സോഫി ഡിവൈന്‍ 27 പന്തില്‍ 32 റണ്‍സെടുത്തു. ഇരുവരുടെയും വിക്കറ്റുകളാണ് റോയല്‍ ചലഞ്ചേഴ്സിന് നഷ്ടമായത്. എങ്കിലും എല്ലീസ് പെറി 37 പന്തില്‍ 35, റിച്ച ഘോഷ് 14 പന്തില്‍ 17 എന്നിവരുടെ പ്രകടനം റോയല്‍ ചലഞ്ചേഴ്സിന് കന്നികിരീടം നേടിക്കൊടുത്തു.