കാരണം കാണിക്കല്‍ നോട്ടീസിന് വിശദമായ മറുപടി നല്‍കുമെ്‌ന് വിനേഷ് ഫോഗട്ട്

കാരണം കാണിക്കല്‍ നോട്ടീസിന് വിശദമായ മറുപടി നല്‍കുമെ്‌ന് വിനേഷ് ഫോഗട്ട്


ന്യൂഡല്‍ഹി: ഇന്ത്യന്‍ റെസ്ലിംഗ് ഫെഡറേഷന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് വിശദമായ മറുപടി നല്‍കുമെന്ന് ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട് വ്യക്തമാക്കി. താന്‍ ഇപ്പോഴും മത്സരിക്കാന്‍ അര്‍ഹയാണെന്നും ഗോണ്ടയില്‍ നടക്കുന്ന സീനിയര്‍ ഓപ്പണ്‍ റാങ്കിംഗ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് തീരുമാനം എന്നും താരം അറിയിച്ചു.

ഡബ്ല്യു എഫ് ഐയുടെ നോട്ടീസ് ലഭിച്ചതായി സ്ഥിരീകരിച്ച ഫോഗട്ട് നിയമസംഘത്തോടും ഉപദേഷ്ടാക്കളോടും ആലോചിച്ച ശേഷം നോട്ടീസിലെ ഓരോ ആരോപണത്തിനും മറുപടി നല്‍കുമെന്ന് വ്യക്തമാക്കി.

തന്റെ വിശ്രമകാലവും പരിശീലനത്തിലേക്കും മത്സരങ്ങളിലേക്കുമുള്ള മടങ്ങിവരവിന്റെ സമയക്രമവും ഡബ്ല്യു എഫ് ഐ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നും ഡബ്ല്യു എഫ് ഐ പറഞ്ഞത് പോലെ 2026 ജൂണ്‍ 26 അല്ല, 2026 ജനുവരി 1 മുതലാണ് ഔദ്യോഗിക പരിശീലനത്തിനും മത്സരങ്ങള്‍ക്കും താന്‍ അര്‍ഹയെന്ന് അംഗീകരിക്കപ്പെട്ടതെന്നും വിനേഷ് പറഞ്ഞു.

യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് നിയോഗിച്ച അന്താരാഷ്ട്ര ടെസ്റ്റിംഗ് ഏജന്‍സിയായ ഐ ടി എയില്‍ നിന്ന് ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

അതുകൊണ്ട് തന്നെ മെയ് 10 മുതല്‍ 12 വരെ ഗോണ്ടയിലെ നന്ദിനി നഗറില്‍ നടക്കുന്ന 2026 സീനിയര്‍ ഓപ്പണ്‍ റാങ്കിംഗ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താന്‍ അര്‍ഹയാണെന്ന് വിനേഷ് കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റിനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതായും മത്സരരംഗത്തേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായാണ് പങ്കെടുക്കുന്നതെന്നും അവര്‍ പറഞ്ഞു.

2024ല്‍ പട്യാലയിലെ എന്‍ ഐ എസില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ രണ്ട് വ്യത്യസ്ത ഭാരവിഭാഗങ്ങളില്‍ മത്സരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിനേഷ് തള്ളി.

2024 സെപ്റ്റംബറിലെ 'വെയര്‍എബൗട്ട്‌സ് ഫെയില്യര്‍'യും 2025 ഡിസംബറിലെ 'മിസ്ഡ് ടെസ്റ്റ്'യും സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളുമായി താന്‍ പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്നും ദേശീയ ആന്റി-ഡോപ്പിംഗ് ചട്ടങ്ങളോ വാഡ കോഡോ പ്രകാരം ഇത് നിയമലംഘനമല്ലെന്നും അവര്‍ വ്യക്തമാക്കി.

രണ്ട് ഭാരവിഭാഗങ്ങളില്‍ മത്സരിക്കാന്‍ അനുവദിച്ച സമയത്ത് അന്നത്തെ അഡ്‌ഹോക്ക് കമ്മിറ്റിക്ക് കാര്യങ്ങള്‍ പൂര്‍ണമായി അറിയാമായിരുന്നുവെന്നും എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നില്ലെന്നും വിനേഷ് പറഞ്ഞു.

14 ദിവസത്തിനുള്ളില്‍ വിശദമായ മറുപടി സമര്‍പ്പിക്കുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും വിനേഷ് വ്യക്തമാക്കി.

മത്സരരംഗത്തേക്കുള്ള തിരിച്ചുവരവിനായി തയ്യാറെടുപ്പുകള്‍ തുടരും. 2026 ഏഷ്യന്‍ ഗെയിംസിലും മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം പ്രതീക്ഷിക്കുന്നുവെന്നും താരം പറഞ്ഞു.

ഡബ്ല്യു എഫ് ഐയുടെ ഗുരുതര ആരോപണങ്ങള്‍

മെയ് 9നാണ് ഡബ്ല്യു എഫ് ഐ മൂന്ന് തവണ ഒളിമ്പ്യനുമായ വിനേഷ് ഫോഗട്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അച്ചടക്കലംഘനവും ആന്റി-ഡോപ്പിംഗ് ചട്ടലംഘനങ്ങളും ചൂണ്ടിക്കാട്ടിയ ഫെഡറേഷന്‍, ഗോണ്ടയിലെ ദേശീയ ഓപ്പണ്‍ റാങ്കിംഗ് ടൂര്‍ണമെന്റില്‍ നിന്ന് വിനേഷിനെ പുറത്താക്കുകയും ചെയ്തിരുന്നു.

പാരീസ് 2024 ഒളിമ്പിക്‌സില്‍ വനിതകളുടെ 50 കിലോഗ്രാം ഫൈനലിന് മുമ്പ് ഭാരം നിയന്ത്രണത്തില്‍ പരാജയപ്പെട്ടത് ദേശീയ നാണക്കേട് ആണെന്നും ഡബ്ല്യു എഫ് ഐ ആരോപിച്ചു.

നിശ്ചിത സമയത്തിനുള്ളില്‍ മറുപടി നല്‍കാത്ത പക്ഷം ഏകപക്ഷീയ നടപടി സ്വീകരിക്കുമെന്നും ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പാരീസ് ഒളിമ്പിക്‌സില്‍ 50 കിലോഗ്രാം ഫൈനലിലെത്തിയ വിനേഷ്, ഫൈനലിന് മുമ്പ് ഭാരം നിയന്ത്രണത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു. തുടര്‍ന്ന് താരം വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ ഡിസംബറില്‍ ആ തീരുമാനം പിന്‍വലിച്ച് ലോസ് ആഞ്ചലസ് 2028 ഒളിമ്പിക്‌സ് ലക്ഷ്യമിടുന്നതായി പ്രഖ്യാപിച്ചു.

പാരീസ് ഒളിമ്പിക്‌സില്‍ ജപ്പാന്റെ ടോക്കിയോ ചാമ്പ്യന്‍ യുയി സുസാക്കി, യുക്രെയ്‌നിന്റെ ഒക്‌സാന ലിവാച്, ക്യൂബയുടെ യൂസ്‌നെയ്‌ലിസ് ഗുസ്മാന്‍ എന്നിവരെ തോല്‍പ്പിച്ചാണ് വിനേഷ് ഫൈനലിലെത്തിയത്.

2018 ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 53 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയ താരമാണ് വിനേഷ് ഫോഗട്ട്.