ന്യൂഡൽഹി: സുപ്രീം കോടതിയിൽ വരെയെത്തി നിയമകുരുക്കുകളെ തോൽപ്പിച്ച ഗുസ്തിതാരത്തിന് ഗോദയിൽ അടിപതറി. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഗോദയിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് യോഗ്യതാ ട്രയൽസിന്റെ പടികടക്കാനായില്ല. വനിതകളുടെ 50 കിലോഗ്രാം വിഭാഗം സെമിഫൈനലിൽ മീനാക്ഷിയോട് 6-4 എന്ന സ്കോറിനാണ് വിനേഷ് പരാജയപ്പെട്ടത്. പാരിസ് ഒളിമ്പിക്സിന് ശേഷം വിനേഷ് പങ്കെടുക്കുന്ന ആദ്യ മത്സരമാണിത്. തോൽവിയോടെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാമെന്ന താരത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റെങ്കിലും താൻ വീണ്ടും തിരിച്ചുവരുമെന്ന് മത്സരശേഷം വിനേഷ് വ്യക്തമാക്കി.
ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ട്രയൽസിൽ മികച്ച പ്രകടനത്തോടെയാണ് വിനേഷ് തുടങ്ങിയത്. റൗണ്ട് ഓഫ് 16 മത്സരത്തിൽ ജ്യോതിയെ 7-1 എന്ന സ്കോറിന് തകർത്ത് താരം ക്വാർട്ടറിലേക്ക് മുന്നേറി. എന്നാൽ നിഷുവിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരം കടുത്ത തർക്കങ്ങൾക്കും നാടകീയ രംഗങ്ങൾക്കും സാക്ഷ്യം വഹിച്ചു. ഒരു ഘട്ടത്തിൽ 0-5 ന് പിന്നിലായിരുന്ന വിനേഷ് ശക്തമായി തിരിച്ചുവരുന്നതിനിടെ പോയിന്റ് നൽകിയതിനെച്ചൊല്ലി റഫറിമാരുമായി തർക്കമുണ്ടായി.
മത്സരത്തിനിടെ ഒഫീഷ്യൽസിന്റെ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് വിനേഷിന്റെ ഭർത്താവ് സോംവീർ രതി കോർട്ടിലേക്ക് അതിക്രമിച്ചു കയറിയത് തർക്കം രൂക്ഷമാക്കി. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് സഞ്ജയ് സിംഗും സംഘവും വിനേഷിന്റെ ക്യാമ്പുമായി വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു. എന്നാൽ ഈ നാടകീയതകൾക്കിടയിലും നിയന്ത്രണം കൈവിടാതെ കളിച്ച വിനേഷ് ഒടുവിൽ 7-6 എന്ന സ്കോറിന് നിഷുവിനെ മറികടന്ന് സെമിയിലെത്തിയെങ്കിലും മീനാക്ഷിയോട് കീഴടങ്ങുകയായിരുന്നു.
മത്സരത്തിന് മുന്നോടിയായി ഭാരപരിധിയെ ചൊല്ലി ഫെഡറേഷനുമായി ഉണ്ടായ തർക്കം നിയമ പോരാട്ടത്തിനൊടുവിൽ സുപ്രീം കോടതിയിൽ നിന്നാണ് വിനേഷ് ഫോഗട്ട് അനുകൂല വിധി നേടിയത്.
വിനേഷ് ഫോഗട്ട് പൊരുതി തോറ്റു; ഏഷ്യൻ ഗെയിംസ് യോഗ്യത മത്സരത്തിൽ നിന്ന് പുറത്ത്
