യാത്രാ ക്രമീകരണങ്ങളില്‍ പിഴവ്; ഫിഫയ്‌ക്കെതിരെ ഉറുഗ്വെ

യാത്രാ ക്രമീകരണങ്ങളില്‍ പിഴവ്; ഫിഫയ്‌ക്കെതിരെ ഉറുഗ്വെ


മിയാമി: ഫിഫ ലോകകപ്പ് 2026-ലെ ആദ്യ മത്സരത്തിന് മുന്നോടിയായി യാത്രാ ക്രമീകരണങ്ങളിലുണ്ടായ ഗുരുതര വീഴ്ചയെ തുടര്‍ന്ന് ഫിഫയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രണ്ട് തവണ ലോക ചാമ്പ്യന്മാരായ ഉറുഗ്വേ. സൗദി അറേബ്യയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി അമേരിക്കയിലെ മിയാമിയിലെത്തുന്നതില്‍ ഉറുഗ്വേന്‍ ടീമിന് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു.

മാര്‍സെലോ ബിയേല്‍സയുടെ നേതൃത്വത്തിലുള്ള ഉറുഗ്വേന്‍ സംഘം ലോകകപ്പിനായുള്ള അവസാനഘട്ട തയ്യാറെടുപ്പുകള്‍ക്കായി മെക്‌സിക്കോയിലെ കാന്‍കൂണിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ അമേരിക്കയിലേക്കുള്ള യാത്രയ്ക്കായി ഒരുക്കിയിരുന്ന വിമാനത്തിന് ആവശ്യമായ അനുമതികള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ടീം മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഉറുഗ്വേന്‍ താരങ്ങളെ മെക്‌സിക്കോയില്‍ നിന്ന് മിയാമിയിലേക്ക് കൊണ്ടുപോകാന്‍ നിശ്ചയിച്ചിരുന്ന വിമാനത്തിന്റെ രേഖാപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാതിരുന്നതിനാല്‍ കാന്‍കൂണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തടഞ്ഞുവെക്കുകയായിരുന്നു. ഇതോടെ ടീം മാനേജ്‌മെന്റും ഉറുഗ്വേ ഫുട്‌ബോള്‍ അസോസിയേഷനും ഫിഫയ്ക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

വിമാനയാത്ര വൈകിയതിനെ തുടര്‍ന്ന് ടീം കാന്‍കൂണ്‍ വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 45 മിനിറ്റ് അകലെയുള്ള മയകോബ കോംപ്ലക്‌സിലെ ഹോട്ടല്‍ റിസോര്‍ട്ടില്‍ തുടരുകയായിരുന്നു.

സംഭവത്തെക്കുറിച്ച് വിശദീകരണവുമായി ഫിഫയും രംഗത്തെത്തി. മെക്‌സിക്കോയിലെ വിമാന സര്‍വീസ് അനുമതിയുമായി ബന്ധപ്പെട്ട പിഴവാണ് യാത്ര വൈകാന്‍ കാരണമായതെന്നും ഇതിനുണ്ടായ അസൗകര്യത്തില്‍ ബന്ധപ്പെട്ട എയര്‍ലൈന്‍ ക്ഷമാപണം നടത്തിയതായും ഫിഫ പ്രസ്താവനയില്‍ അറിയിച്ചു.

താമസം നേരിട്ട മുഴുവന്‍ സമയവും ഫിഫ ഉറുഗ്വേ ദേശീയ ടീമുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും വിമാനത്താവള അധികൃതരുമായും മറ്റ് പ്രവര്‍ത്തന പങ്കാളികളുമായും സഹകരിച്ച് യാത്രാ തടസ്സങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും ഫിഫ വ്യക്തമാക്കി.

അതേസമയം, ലോകകപ്പ് മത്സരത്തിന് തൊട്ടുമുമ്പുണ്ടായ യാത്രാ പ്രതിസന്ധിക്ക് ഫിഫ തന്നെയാണ് ഉത്തരവാദിയെന്ന് ഉറുഗ്വേ ഫുട്‌ബോള്‍ അസോസിയേഷന്‍ ആരോപിച്ചു.

തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാലാണ് മെക്‌സിക്കോയില്‍ നിന്നുള്ള യാത്ര വൈകിയതെന്നും താരങ്ങള്‍ നിലവില്‍ ഹോട്ടലില്‍ വിശ്രമിക്കുകയാണെന്നും ഉറുഗ്വേ ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.