അണ്ടര്‍-19 ലോകകപ്പ്: ഇന്ത്യക്ക് ആറാം കിരീടം

അണ്ടര്‍-19 ലോകകപ്പ്: ഇന്ത്യക്ക് ആറാം കിരീടം


ഹരാരെ: ആറാം വട്ടവും അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായി. ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിനാണ് ഇന്ത്യന്‍ കൗമാരപ്പട തകര്‍ത്തത്. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ക്യാപ്റ്റന്‍ ആയുഷ് മാത്രെയുടെ തീരുമാനം ശരിയാണെന്ന് തെളിയിച്ച് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. ഇംഗ്ലണ്ടിന്റെ മറുപടി 40.2 ഓവറില്‍ 311 റണ്‍സില്‍ അവസാനിച്ചു.

വൈഭവ് സൂര്യവംശിയുടെ സെഞ്ച്വറിയാണ് ഇന്ത്യക്ക് വന്‍ സ്‌കോര്‍ നേടാന്‍ സഹായിച്ചത്. 80 പന്തുകള്‍ നേരിട്ട താരം 15 സിക്‌സും 15 ബൗണ്ടറിയും ഉള്‍പ്പടെ 175 റണ്‍സ് അടിച്ചെടുത്തു. 

ക്യാപ്റ്റന്‍ ആയുഷ് മാത്രെ 51 പന്തില്‍ 53 റണ്‍സ് നേടി. മലയാളി ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് 9 റണ്‍സെടുത്ത് മടങ്ങി. വേദാന്ത് ത്രിവേദി 32 റണ്‍സും വിഹാന്‍ മല്‍ഹോത്ര 30 റണ്‍സും നേടി. 20 പന്തില്‍ പുറത്താകാതെ 37 റണ്‍സെടുത്ത കനിഷ്‌ക് ചൗഹാനാണ് സ്‌കോര്‍ 400 കടത്തിയത്.

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണര്‍ ബെന്‍ ഡോക്കിന്‍സും (66) വണ്‍ഡൗണ്‍ ബാറ്റര്‍ ബെന്‍ മെയസും (45) പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. ഒരു ഘട്ടത്തില്‍ 177ന് 7 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ സെഞ്ച്വറി നേടിയ അഞ്ചാം നമ്പര്‍ ബാറ്റര്‍ കാലബ് ഫാല്‍ക്കനര്‍ (67 പന്തില്‍ 115) ഏറെ നേരം ഒറ്റയ്ക്ക് മുന്നോട്ടു നയിക്കുകയായിരുന്നു. പത്താം വിക്കറ്റിന്റെ രൂപത്തിലാണ് ഫാല്‍ക്കനര്‍ പുറത്തായത്.

ഇന്ത്യക്കു വേണ്ടി ആര്‍ എസ് അംബരീഷ് മൂന്ന് വിക്കറ്റ് നേടി. ദീപേഷ് ദേവേന്ദ്രനും കനിഷ്‌ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍, ഖിലന്‍ പട്ടേലും ആയുഷ് മാത്രെയും ഓരോ വിക്കറ്റ് സ്വന്തമാക്കി. പ്ലെയര്‍ ഒഫ് ദ മാച്ച് ആയും പ്ലെയര്‍ ഒഫ് ദീ സീരീസ് ആയും വൈഭവ് സൂര്യവംശി തെരഞ്ഞെടുക്കപ്പെട്ടു.