ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തില്‍ ഇടപെടണമെന്ന് ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അഭ്യര്‍ഥിച്ചു. വിനേഷ് ഫോഗട്ടിനെതിരെ ഇന്ത്യന്‍ റെസ്ലിംഗ് ഫെഡറേഷന്‍ (ഡബ്ല്യു എഫ് ഐ) ശാസനലംഘനവും ആന്റി-ഡോപ്പിംഗ് ചട്ടലംഘനവും ആരോപിച്ചതിനുപിന്നാലെയാണ് സാക്ഷിയുടെ പ്രതികരണം. ജൂണ്‍ അവസാനം വരെയാണ് ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിനേഷിനെ വിലക്കിയിരിക്കുന്നത്.
മത്സരരംഗത്തേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്ന വിനേഷ് ഫോഗട്ട് വനിതാ ഫ്രീസ്‌റ്റൈല്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെത്തിയെങ്കിലും അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നതോടൊപ്പം വിരമിച്ച താരങ്ങള്‍ തിരിച്ചെത്തുമ്പോള്‍ പാലിക്കേണ്ട ആറുമാസത്തെ നിര്‍ബന്ധിത നോട്ടീസ് കാലാവധി വിനേഷ് പാലിച്ചില്ലെന്നും ഡബ്ല്യു എഫ് ഐ ആരോപിച്ചു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഡബ്ല്യു എഫ് ഐയെ വിമര്‍ശിച്ച സാക്ഷി മാലിക് മറ്റ് രാജ്യങ്ങളിലെ കായിക ഫെഡറേഷനുകള്‍ അവരുടെ താരങ്ങള്‍ക്ക് നിയമങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെന്നും അമ്മയായ ശേഷവും വനിതകള്‍ രാജ്യത്തിനായി കളിച്ച് മെഡല്‍ നേടാന്‍ അവിടെയുള്ള സംവിധാനങ്ങള്‍ പിന്തുണയ്ക്കുന്നുവെന്നും എന്നാല്‍ നമ്മുടെ ഫെഡറേഷന്‍ വിനേഷിന്റെ തിരിച്ചുവരവ് തടയാനായി അവസാന നിമിഷങ്ങളില്‍ നിയമങ്ങള്‍ നടപ്പാക്കുകയാണെന്നും ആരോപിച്ചു.
വിനേഷിന് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണമെന്ന് പ്രധാനമന്ത്രിയോടും കായിക മന്ത്രിയോടും റെസ്ലിംഗ് ഫെഡറേഷനോടും അഭ്യര്‍ഥിക്കുന്നുവെന്നും അവര്‍ രാജ്യത്തിനായി വീണ്ടും മെഡലുകള്‍ നേടുകയും രാജ്യത്തിന്റെ അഭിമാനമാവുകയും ചെയ്യുമെന്നും അമ്മയായ ശേഷവും വനിതകള്‍ക്ക് രാജ്യത്തിനായി മത്സരിക്കാനും വിജയം നേടാനും കഴിയുന്ന മാതൃക സൃഷ്ടിക്കപ്പെടണമെന്നും സാക്ഷി പറഞ്ഞു.
എന്നാല്‍ ഏഷ്യന്‍ ഗെയിംസ് ട്രയല്‍സിന്റെ സമയപരിധി കഴിഞ്ഞതിനാല്‍ ഈ വര്‍ഷം ബഹ്‌റൈനിലെ മനാമയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ട്രയല്‍സില്‍ വിനേഷ് പങ്കെടുക്കുമോ എന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.
നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണെന്നും വിനേഷ് ഇവിടെ എത്തേണ്ട സാഹചര്യമില്ലായിരുന്നുവെന്നും കാരണം അവര്‍ വിലക്കിലായിരുന്നുവെന്നുമാണ് ഡബ്ല്യു എഫ് ഐ പ്രസിഡന്റ് സഞ്ജയ് സിങ് പ്രതികരിച്ചത്. എങ്കിലും അവര്‍ ഗോണ്ടയിലെത്തിയപ്പോള്‍ കാരണം കാണിക്കല്‍ നോട്ടീസിന്റെ കാരണങ്ങള്‍ വിശദീകരിച്ചതായും വിശദമായ മറുപടി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിന് ശേഷം ഡബ്ല്യു എഫ് ഐയുടെ ശാസന സമിതി 10 ദിവസത്തിനകം തീരുമാനം കൈക്കൊള്ളുമെന്നും വ്യക്തമാക്കി.
മെയ് 30നാണ് വനിതാ താരങ്ങളുടെ ഏഷ്യന്‍ ഗെയിംസ് ട്രയല്‍സെന്നതിനാല്‍ അതിന് മുമ്പ് വിനേഷ് മറുപടി നല്‍കുകയും സമിതിക്ക് തീരുമാനം എടുക്കാന്‍ സമയമുണ്ടാകുകയും ചെയ്യുമോയെന്ന് സംശയമാണെന്നും സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു. ലോക ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട തീരുമാനം അവര്‍ നല്‍കുന്ന വിശദീകരണത്തെ ആശ്രയിച്ചായിരിക്കുമെന്നും സഞ്ജയ് സിങ് പറഞ്ഞു.
