ബൂട്ടഴിച്ചു; റൊണാള്‍ഡോ

ബൂട്ടഴിച്ചു; റൊണാള്‍ഡോ


പോര്‍ച്ചുഗല്‍: ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 23 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനാണ് 41-കാരനായ താരം വൈകാരികമായ വിടവാങ്ങല്‍ സന്ദേശത്തിലൂടെ വിരാമമിട്ടത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പോര്‍ച്ചുഗല്‍ ദേശീയ ടീമിനായുള്ള തന്റെ യാത്ര അവസാനിപ്പിക്കുന്നതായി റൊണാള്‍ഡോ അറിയിച്ചത്.


2003ല്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച റൊണാള്‍ഡോ, രാജ്യത്തിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ നിരവധി റെക്കോര്‍ഡുകളും കിരീടങ്ങളും അവിസ്മരണീയ പ്രകടനങ്ങളും സ്വന്തമാക്കിയ ശേഷമാണ് പടിയിറങ്ങുന്നത്.

പോര്‍ച്ചുഗല്‍ ആരാധകരോടുള്ള വിടവാങ്ങല്‍ സന്ദേശത്തില്‍, വിരമിക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്ന് റൊണാള്‍ഡോ വ്യക്തമാക്കി. രാജ്യത്തിനായി കളിക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അനുഭവങ്ങളിലൊന്നാണെന്നും കരിയറിലുടനീളം പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും താരം പറഞ്ഞു.

'ദേശീയ ടീമിനൊപ്പമുള്ള എന്റെ കളിക്കളത്തിലെ യാത്രയ്ക്ക് ഇന്ന് വിരാമമാകുകയാണ്. അഭിമാനത്തോടെയാണ് ഞാന്‍ മടങ്ങുന്നത്. പിന്നിട്ട വഴികളില്‍ അഭിമാനമുണ്ട്. പോര്‍ച്ചുഗലിനായി എന്റെ കഴിവിന്റെ പരമാവധി നല്‍കിയെന്ന ബോധ്യവും എനിക്കുണ്ട്.

ഏഴാം നമ്പര്‍ ജേഴ്‌സി ഇവിടെത്തന്നെയുണ്ടാകും. അത് അണിഞ്ഞതിന്റെ അഭിമാനം എന്നും എന്റേതായിരിക്കും. പോര്‍ച്ചുഗല്‍ എക്കാലവും എന്നിലുണ്ടാകും. എന്നും സ്‌നേഹത്തോടെ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ,' താരം കുറിച്ചു.

കഴിഞ്ഞ ഒക്ടോബറില്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ പരിശീലന ക്യാമ്പില്‍നിന്ന് റൊണാള്‍ഡോ മടങ്ങിയത് താരത്തിന്റെ രാജ്യാന്തര ഭാവിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. ടീമിലെ തന്റെ പങ്കിനെച്ചൊല്ലി പരിശീലകന്‍ ജോര്‍ജ് ജീസസുമായി അഭിപ്രായവ്യത്യാസമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

നേഷന്‍സ് ലീഗില്‍ നോര്‍വേയ്ക്കെതിരായ പോര്‍ച്ചുഗലിന്റെ വിജയമത്സരത്തില്‍ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെ ബെഞ്ചിലിരുത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നാണ് വിവരം. മത്സരത്തില്‍ 30 മിനിറ്റ് കളിക്കാന്‍ അവസരം നല്‍കാമെന്ന് പരിശീലകന്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റിയെന്ന് റൊണാള്‍ഡോ ആരോപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് വിശ്വാസവഞ്ചനയായാണ് താരം കണ്ടതെന്നും സൂചനയുണ്ട്.

ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തിന് മുന്നോടിയായി താരം പരിശീലന ക്യാമ്പ് വിടുകയും ചെയ്തു. എന്നാല്‍ റൊണാള്‍ഡോയുമായി യാതൊരുവിധ തര്‍ക്കവുമുണ്ടായിട്ടില്ലെന്ന് പരിശീലകന്‍ ജോര്‍ജ് ജീസസ് പിന്നീട് വ്യക്തമാക്കി. ടീമിന്റെ അന്തിമ ഇലവനെ തzരഞ്ഞെടുക്കാനുള്ള അധികാരം പരിശീലകനാണെന്നും അദ്ദേഹം പ്രതികരിച്ചു.

തുടര്‍ന്ന് പരിശീലന ക്യാമ്പ് വിട്ടതില്‍ സഹതാരങ്ങളോടും ആരാധകരോടും റൊണാള്‍ഡോ ഖേദം പ്രകടിപ്പിച്ചു. വിഷയത്തില്‍ നടപടിയെടുക്കാന്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന് അവകാശമുണ്ടെന്നും താരം അംഗീകരിച്ചിരുന്നു.

ഇതോടെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട റൊണാള്‍ഡോയുടെ രാജ്യാന്തര കരിയറിന് അവസാനമായി. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് അദ്ദേഹം രാജ്യാന്തര ഫുട്‌ബോളിനോട് വിടപറയുന്നത്.

പുരുഷ രാജ്യാന്തര ഫുട്‌ബോളില്‍ പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോയുടെ പേരിലാണ്. 234 മത്സരങ്ങളില്‍നിന്നായി 146 ഗോളുകളാണ് താരം രാജ്യത്തിനായി നേടിയത്.

പോര്‍ച്ചുഗലിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ റൊണാള്‍ഡോയുടെ രാജ്യാന്തര യാത്രയ്ക്ക് ഇതോടെ തിരശ്ശീല വീഴുകയാണ്.