ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനലിന് മുമ്പ് സ്പെയിൻ പ്രതിരോധ താരം മാർക്ക് കുകുറേയ നടത്തിയ വിചിത്രമായ ഒരു പ്രവൃത്തി മത്സരശേഷം വലിയ ചർച്ചയായി. അർജന്റീനക്കെതിരായ ഫൈനൽ തുടങ്ങുന്നതിന് തൊട്ടുമുമ്പ് കുകുറേയ തന്റെ സോക്സിൽ നിന്ന് ഒരു നാണയം എടുത്ത് പിച്ചിൽ കുഴിച്ചിടുകയും പുല്ലുകൊണ്ട് മൂടുകയും ചെയ്തിരുന്നു. പിന്നീട് ഇത് 16 വർഷം പഴക്കമുള്ള സ്പെയിന്റെ ഭാഗ്യവിശ്വാസമാണെന്ന് മുൻ താരം ജോവാൻ കാപ്ദെവില വെളിപ്പെടുത്തി.
ന്യൂയോർക്ക്-ന്യൂജഴ്സി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ എക്സ്ട്ര ടൈമിൽ ഫെറാൻ ടോറസ് നേടിയ ഗോളിൽ അർജന്റീനയെ 1-0ന് തോൽപ്പിച്ചാണ് സ്പെയിൻ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
മത്സരത്തിന് മുമ്പ് കുകുറേയ പിച്ചിലേക്ക് ഒറ്റയ്ക്ക് നടന്ന് എത്തി സോക്സിൽ സൂക്ഷിച്ചിരുന്ന ചെറിയ നാണയം മണ്ണിനടിയിൽ മറവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ടെലിവിഷൻ ക്യാമറകളിൽ പതിഞ്ഞിരുന്നു. എന്തിനാണ് താരം ഇങ്ങനെ ചെയ്തതെന്ന ആശയക്കുഴപ്പം ആരാധകർക്കിടയിൽ ഉയർന്നെങ്കിലും മത്സരശേഷമാണ് അതിന്റെ രഹസ്യം പുറത്തുവന്നത്.
2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ സ്പെയിൻ ആദ്യമായി കിരീടം നേടിയപ്പോൾ ടീമിന്റെ ഇടത് പ്രതിരോധ താരമായിരുന്ന ജോവാൻ കാപ്ദെവിലയും ഫൈനലിന് മുമ്പ് ഇതേ രീതിയിൽ ഒരു നാണയം പിച്ചിൽ കുഴിച്ചിട്ടിരുന്നുവെന്ന് വ്യക്തമാക്കി. അതേ പതിവ് ഇത്തവണയും തുടരാൻ കുകുറേയയോട് താനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
'2010ൽ ഫൈനലിന് മുമ്പ് ഞാൻ ഒരു നാണയം പിച്ചിൽ കുഴിച്ചിട്ടിരുന്നു. അതേ കാര്യം ഇത്തവണ കുകുറേയയോടും ചെയ്യാൻ പറഞ്ഞു. മാർക്ക്, നീ ലോക ചാമ്പ്യനാണ്,' എന്നാണ് കാപ്ദെവിലയുടെ കുറിപ്പ്.
ഈ 'ഭാഗ്യചടങ്ങ്' അന്ധവിശ്വാസമാണോ യാദൃച്ഛികമാണോ എന്നത് ചർച്ചയായെങ്കിലും സ്പെയിന് അത് വീണ്ടും ഭാഗ്യം കൊണ്ടുവന്നെന്നാണ് ആരാധകരുടെ വിലയിരുത്തൽ. മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ സ്പെയിൻ അധികസമയത്തിന്റെ 106ാം മിനിറ്റിൽ നിക്കോ വില്യംസിന്റെ പാസിൽ നിന്ന് ഫെറാൻ ടോറസ് നേടിയ ഗോളിലൂടെയാണ് കിരീടം ഉറപ്പിച്ചത്.
യൂറോ കപ്പ് വിജയത്തിന് പിന്നാലെ ലോകകപ്പ് കിരീട നേട്ടത്തിലും നിർണായക സാന്നിധ്യമായ കുകുറേയയുടെ പ്രകടനം ശ്രദ്ധേയമായി. മത്സരാവസാനത്തിൽ അർജന്റീന താരം എൻസോ ഫെർണാണ്ടസും പിന്നീട് ലിയാൻഡ്രോ പരെഡസും ചുവപ്പ് കാർഡ് കണ്ടതോടെ മത്സരം സംഘർഷഭരിതമായാണ് അവസാനിച്ചത്.
ലോകകപ്പ് ഫൈനലിന് മുമ്പ് പിച്ചിൽ നാണയം കുഴിച്ചിട്ടു; സ്പെയിന്റെ വിജയത്തിന് പിന്നിലെ 'ഭാഗ്യവിശ്വാസം' വെളിപ്പെടുത്തി കുകുറേയ
