ട്വന്റി 20യില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ട്വന്റി 20യില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്


ദുബായ്: ഐ സി സി ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകസ്ഥാന്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐ സി സി) പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും (പി സി ബി) തമ്മില്‍ നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലാണ് മത്സരവുമായി മുന്നോട്ട് പോകാന്‍ ധാരണയായത്.

ഐ സി സി പ്രതിനിധികളായ ഇമ്രാന്‍ ഖവാജയും മുബഷീര്‍ ഉസ്മാനിയും ഞായറാഴ്ച രാവിലെ ലാഹോറിലെത്തിയാണ് ചര്‍ച്ച നടത്തിയത്. ഫെബ്രുവരി 15ന് ഇന്ത്യയുമായി നിശ്ചയിച്ചിരിക്കുന്ന മത്സരം ബഹിഷ്‌കരിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കം തടയുകയായിരുന്നു ഐ സി സി പ്രതിനിധികളുടെ ലക്ഷ്യം.

പാക്കിസ്ഥാന്റെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ശ്രീലങ്കയില്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. പാക്കിസ്ഥാന്റെ തീരുമാനത്തെക്കുറിച്ച് തനിക്കറിയില്ലെന്നും മത്സരത്തിനായി തലേ ദിവസം ഇന്ത്യന്‍ ടീം ശ്രീലങ്കയിലെത്തുമെന്നും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നേരത്തെ അറിയിച്ചിരുന്നു.

ഇന്ത്യയിലെ തങ്ങളുടെ മത്സരവേദികള്‍ ശ്രീലങ്കയിലേക്കു മാറ്റണമെന്ന് ബംഗ്ലാദേശ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ കളിക്കാന്‍ തയാറല്ലെന്ന് വ്യക്തമാക്കിയതോടെ ബംഗ്ലാദേശിനു പകരം സ്‌കോട്ട്‌ലന്‍ഡിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് പാക്കിസ്ഥാന്‍ ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ആദ്യം ആലോചിച്ചത്. എന്നാല്‍, പാക്കിസ്ഥാന്‍ ബഹിഷ്‌കരിച്ചാല്‍ പകരം ആ സ്ഥാനത്ത് ബംഗ്ലാദേശിനെ ശ്രീലങ്കയില്‍ കളിപ്പിക്കാം എന്ന നിര്‍ദേശം ഉയര്‍ന്നടെ ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്‌കരിക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. 

ഇന്ത്യക്കെതിരായ മത്സരത്തിന് പാക്കിസ്ഥാന്‍ ഇറങ്ങിയില്ലെങ്കില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും പി സി ബി നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും ശ്രീലങ്കന്‍ ബോര്‍ഡ് ഔദ്യോഗികമായി കത്തെഴുതിയിരുന്നു.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടുവന്നും അതിനാല്‍ ബംഗ്ലാദേശ് താരം മുസ്താഫിസുര്‍ റഹ്മാനെ ഐ പി എല്ലില്‍ കളിപ്പിക്കരുത് എന്നാവശ്യപ്പെട്ട് തീവ്ര ഹൈന്ദവ സംഘടനകള്‍ പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. ഇതോടെ മുസ്താഫിസുറിനെ നഷ്ടപരിഹാരം പോലും നല്‍കാതെ ഐ പി എല്ലില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതെത്തുടര്‍ന്നാണ് ഇന്ത്യയില്‍ കളിക്കുന്നതില്‍ സുരക്ഷാ ഭീഷണിയുണ്ടെന്നു കാണിച്ച് ബംഗ്ലാദേശ് തങ്ങളുടെ ലോകകപ്പ് മത്സരവേദികള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടത്.