ടി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്‌ക്കരിക്കുമെന്ന് പാകിസ്ഥാന്റെ പ്രഖ്യാപനം

ടി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്‌ക്കരിക്കുമെന്ന് പാകിസ്ഥാന്റെ പ്രഖ്യാപനം


ഇസ്ലാമാബാദ്: ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നിന് ഞായറാഴ്ച വൈകുന്നേരമാണ് നിര്‍ണായക തീരുമാനം പുറത്തുവന്നത്. പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി മുഹ്‌സിന്‍ നഖ്വി പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ ഫെബ്രുവരി 15ന് കൊളംബോയില്‍ നടക്കാനിരുന്ന മത്സരത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായി.

ഐ സി സി വേള്‍ഡ് ടി20 2026-ല്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ടെങ്കിലും ഫെബ്രുവരി 15-ന് ഇന്ത്യയ്ക്കെതിരേ നിശ്ചയിച്ച മത്സരത്തില്‍ പാകിസ്ഥാന്‍ ടീം കളത്തിലിറങ്ങില്ലെന്ന് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയില്‍ പര്യടനം നടത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഐ സി സി ഒഴിവാക്കിയതായി പ്രഖ്യാപിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും  സര്‍ക്കാരും ശ്രീലങ്കയില്‍ നടക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തെ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു.

മത്സരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇന്ത്യയെപ്പോലെ തന്നെ നെതര്‍ലാന്‍ഡ്‌സ്, യു എസ്എ, നമീബിയ എന്നിവര്‍ക്കെതിരെയാണ് പാകിസ്ഥാന്റെ മറ്റു മത്സരങ്ങള്‍. ബി സി സി െഎ, പി സി ബി, ഐ സി സി എന്നിവ തമ്മിലുള്ള ധാരണ പ്രകാരം പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയില്‍ തന്നെയാണ് നടക്കുന്നത്.

പാക്കിസ്ഥാന്റെ തീരുമാനം പുറത്തുവന്നതോടെ ഐ സി സി ഇനി നിര്‍ണായക തീരുമാനം സ്വീകരിക്കേണ്ടി വരും. ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്‌കരിക്കരുതെന്ന് ആവശ്യപ്പെട്ട് ഐ സി സി പാകിസ്ഥാനോട് ഔപചാരികമായി അഭ്യര്‍ഥന നടത്താന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ മത്സരം ഫോര്‍ഫീറ്റ് ചെയ്ത് ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുക, അതുമല്ലെങ്കില്‍ പാകിസ്ഥാന്റെ ഗ്രൂപ്പ് മാറ്റം ഉള്‍പ്പെടെയുള്ള മറ്റ് മാര്‍ഗങ്ങളും ഐ സി സിയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന.