പി.ടി ഉഷ പുറത്തേക്ക്? പ്രതിനിധി തിരഞ്ഞെടുപ്പിൽ തോറ്റു; ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനാകില്ല, അഞ്ജു ബോബി ജോർജ് ജയിച്ചു

പി.ടി ഉഷ പുറത്തേക്ക്? പ്രതിനിധി തിരഞ്ഞെടുപ്പിൽ തോറ്റു; ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനാകില്ല, അഞ്ജു ബോബി ജോർജ് ജയിച്ചു


ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി ഉഷയ്ക്ക് കനത്ത തിരിച്ചടി. അസോസിയേഷന്‍റെ 'വിശിഷ്ട കായികതാര' (സ്പോർട്സ്മാൻ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് - SOM) പ്രതിനിധികളെ കണ്ടെത്താനായി നടന്ന നിർണായക തിരഞ്ഞെടുപ്പിൽ പി.ടി ഉഷ പരാജയപ്പെട്ടു. ഇതോടെ, വരാനിരിക്കുന്ന ഐ.ഒ.എ ഭരണസമിതി തിരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് രണ്ടാമതും മത്സരിക്കാനുള്ള ഉഷയുടെ യോഗ്യത നഷ്ടമായിരിക്കുകയാണ്.

വനിതാ പ്രതിനിധികളുടെ പാനലിലേക്ക് മത്സരിച്ച ആറ് പേരിൽ നിന്ന് സൈന നേഹ്‌വാള്‍, റാണി രാംപാൽ, അഞ്ജു ബോബി ജോർജ്ജ്, ഡോള ബാനർജി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മത്സരരംഗത്തുണ്ടായിരുന്ന പി.ടി ഉഷ, അനിത പോൾ ദുരൈ എന്നിവർക്ക് ആവശ്യത്തിന് വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞില്ല. 'റൈറ്റ് 2 വോട്ട്' ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി വെർച്വലായാണ് വോട്ടെടുപ്പ് നടന്നത്. കായികതാരങ്ങളുടെ പ്രതിനിധികളാകാൻ താൽപ്പര്യം പ്രകടിപ്പിച്ച 80 മുൻ കായികതാരങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.

വനിതാ വിഭാഗത്തിൽ കടുത്ത മത്സരം നടന്നപ്പോൾ, പുരുഷന്മാരുടെ പാനലിൽ നിന്ന് നാല് പ്രതിനിധികൾ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഗഗൻ നാരംഗ്, വിജേന്ദർ സിംഗ്, യോഗേശ്വർ ദത്ത്, കമലേഷ് മേത്ത എന്നിവരാണ് പുരുഷന്മാരുടെ ക്വാട്ടയിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഇവർക്കെല്ലാം ഡിസംബർ 5-ന് നടക്കാനിരിക്കുന്ന ഐ.ഒ.എയുടെ പുതിയ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത ലഭിച്ചു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ തോതിലുള്ള പിന്മാറ്റങ്ങളാണ് കായികതാരങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എട്ട് പുരുഷന്മാരും അഞ്ച് വനിതകളും ഉൾപ്പെടെ 13 മുൻ കായികതാരങ്ങൾ അവസാന നിമിഷം മത്സരരംഗത്തുനിന്ന് പിന്മാറിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.