ഗോഹട്ടി: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് ജയം. നിശ്ചിത 20 ഓവറില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 10 ഓവറില്‍ 8 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഇതോടെ ആദ്യ മൂന്നു മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര ഉറപ്പിച്ചു. 20 പന്തില്‍ 7 ബൗണ്ടറിയും 5 സിക്‌സറുകളും ഉള്‍പ്പെടെ 68 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അഭിഷേകിനു പുറമെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 26 പന്തില്‍ 57 റണ്‍സ് നേടി പുറത്താവാതെ നിന്നു.
ജനുവരി 28ന് വിശാഖപട്ടണത്തും ജനുവരി 30ന് തിരുവനന്തപുരത്തുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍.
വിജയലക്ഷ്യം മറികടക്കാന്‍ ബാറ്റേന്തിയ ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. മാറ്റ് ഹെന്റി എറിഞ്ഞ ഔട്ട് സ്വിങ്ങറില്‍ സഞ്ജുവിന്റെ വിക്കറ്റ് തെറിച്ചാണ് കളി ആരംഭിച്ചത്. പിന്നാലെയെത്തിയ ഇഷാന്‍ കിഷന്‍ മാറ്റ് ഹെന്റിയുടെ ഓവറില്‍ 16 റണ്‍സാണ് അടിച്ചെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് അടിച്ചെടുത്തത്. 40 പന്തുകള്‍ നേരിട്ട് 48 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്പ്‌സാണ് ന്യൂസിലന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍. ഗ്ലെന്‍ ഫിലിപ്പ്‌സിനു പുറമെ മാര്‍ക്ക് ചാപ്മാന്‍ (32) ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ (26) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഓപ്പണിങ് ബാറ്റര്‍ ഡെവോണ്‍ കോണ്‍വേ (1), ടിം സെയ്‌ഫെര്‍ട്ട് (12) രച്ചിന്‍ രവീന്ദ്ര (4) ഡാരി മിച്ചല്‍ (14) അടക്കമുള്ള താരങ്ങള്‍ നിരാശപ്പെടുത്തി.
ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറ മൂന്നും ഹാര്‍ദിക് പാണ്ഡ്യ. രവി ബിഷ്‌ണോയി എന്നിവര്‍ രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി. കുല്‍ദീപ് യാദവ് മൂന്ന് ഓവറും ഷിവം ദുബെ രണ്ട് ഓവറും പന്തെറിഞ്ഞെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിനു മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ രണ്ടു റണ്‍സ് ചേര്‍ക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. ഡെവോണ്‍ കോണ്‍വേയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഹര്‍ഷിത് റാണ എറിഞ്ഞ പന്തില്‍ ഹാര്‍ദികിന് ക്യാച്ച് നല്‍കിയാണ് കോണ്‍വേയുടെ മടങ്ങിയത്.
