ടി20 ഫൈനലില്‍ ഇന്ത്യ

ടി20 ഫൈനലില്‍ ഇന്ത്യ


മുംബൈ: ഐ സി സി പുരുഷ ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴു റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍. ന്യൂസിലന്‍ഡാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് 7 വിക്കറ്റ് നഷ്ടത്തില്‍ 246ല്‍ അവസാനിച്ചു. 

മലയാളി ഓപ്പണര്‍ സഞ്ജു സാംസണ്‍ നല്‍കിയ വെടിക്കെട്ടു തുടക്കം ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്ത് പകര്‍ന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ഇന്ത്യയെ ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. ഇന്ത്യക്ക് അഭിഷേക് ശര്‍മയെ (9) വേഗത്തില്‍ നഷ്ടമായെങ്കിലും സഞ്ജു ആത്മവിശ്വാസത്തോടെ ബാറ്റ് വീശി.

42 പന്തില്‍ 89 റണ്‍സെടുത്ത് സഞ്ജു പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 13.1 ഓവറില്‍ 160 റണ്‍സില്‍ എത്തിയിരുന്നു. ഇഷാന്‍ കിഷനൊപ്പം 97 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ സഞ്ജു 26 പന്തിലാണ് തന്റെ അര്‍ധ സെഞ്ചുറി കണ്ടെത്തിയത്. എട്ട് ഫോറും ഏഴ് സിക്‌സും പറത്തിയ ശേഷമായിരുന്നു മടക്കം.

വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. 18 പന്തില്‍ 39 റണ്‍സുമായി കിഷന്‍ മടങ്ങിയ ശേഷം ശിവം ദുബെയാണ് ക്രീസിലെത്തിയത്. സഞ്ജുവിന്റെ വിക്കറ്റ് വീണ ശേഷം അഞ്ചാം നമ്പറിലാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റ് ചെയ്യാനെത്തിയത്.

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് 96 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. എന്നാല്‍, ഒരറ്റത്ത് പൊരുതിയ ജേക്കബ് ബഥേല്‍ ഇംഗ്ലണ്ടിനെ ജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറില്‍ റണ്ണൗട്ടായി. 48 പന്തില്‍ 105 റണ്‍സായിരുന്നു ബഥേലിന്റെ സമ്പാദ്യം. 

20 പന്തില്‍ 35 റണ്‍സെടുത്ത വില്‍ ജാക്‌സ് ആണ് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് നേടി. അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ബുംറയും പാണ്ഡ്യയും മാത്രമാണ് ഓവറില്‍ ശരാശരി പത്ത് റണ്‍സില്‍ താഴെ വിട്ടുകൊടുത്തത്.