ക്രിക്കറ്റ് കാനഡയ്ക്ക് ഐ സി സിയുടെ സാമ്പത്തിക വിലക്ക്; നടപടി അഴിമതിയും ഭരണ വീഴ്ചകളും ചൂണ്ടിക്കാട്ടി

ക്രിക്കറ്റ് കാനഡയ്ക്ക് ഐ സി സിയുടെ സാമ്പത്തിക വിലക്ക്; നടപടി അഴിമതിയും ഭരണ വീഴ്ചകളും ചൂണ്ടിക്കാട്ടി


ടൊറന്റോ: ക്രിക്കറ്റ് കാനഡയ്ക്ക് തിരിച്ചടിയായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം താത്കാലികമായി നിര്‍ത്തിവെച്ചു. ക്രിക്കറ്റ് കാനഡയുടെ വാര്‍ഷിക പൊതുയോഗം ചേര്‍ന്ന് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു നടപടി. 

കഴിഞ്ഞ മാസം പുറത്തുവന്ന 'ഫിഫ്ത് എസ്റ്റേറ്റ്' അന്വേഷണ റിപ്പോര്‍ട്ടിലാണ് ക്രിക്കറ്റ് കാനഡയില്‍ അഴിമതി, സാമ്പത്തിക ക്രമക്കേട്, മത്സരഫലം സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ എന്നിവ സംബന്ധിച്ച ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നത്. ആരോപണവിധേയരായവര്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

ക്രിക്കറ്റ് കാനഡയുടെ പ്രധാന ധനസ്രോതസ്സാണ് ഐ സി സി. 2024ലെ സാമ്പത്തിക റിപ്പോര്‍ട്ടുപ്രകാരം സംഘടനയ്ക്ക് ഐ സി സിയില്‍ നിന്ന് 3.6 മില്യണ്‍ ഡോളറിലധികം ലഭിച്ചിരുന്നു. ഇത് ആ വര്‍ഷത്തെ ആകെ വരുമാനത്തിന്റെ 63 ശതമാനമാണ്.

ലഭ്യമായ വിവരങ്ങള്‍ പ്രകാരം ക്രിക്കറ്റ് കാനഡയോട് ആറുമാസത്തിനകം ഭരണപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഐ സി സി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതില്‍ പരാജയപ്പെട്ടാല്‍ ഫണ്ടിംഗ് സ്ഥിരമായി നഷ്ടപ്പെടാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

നിലവിലെ ഭരണസമിതി പഴയ പ്രശ്‌നങ്ങളാണ് ഏറ്റെടുത്തിരിക്കുന്നതെന്നും ഭരണപരമായും സാമ്പത്തിക നിയന്ത്രണങ്ങളിലുമുള്ള എല്ലാ വീഴ്ചകളും പരിഹരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ക്രിക്കറ്റ് കാനഡ മീഡിയ മാനേജര്‍ ജിമ്മി ശര്‍മ പ്രസ്താവനയില്‍ പറഞ്ഞു.

ബുധനാഴ്ച ബ്രാംപ്ടണില്‍ നടന്ന ചടങ്ങില്‍ പുതിയ വൈസ് പ്രസിഡന്റ് രഞ്ജിത് ചൗധരി ഐ സി സിയുടെ കത്ത് സംബന്ധിച്ച് അറിവുണ്ടെങ്കിലും അത് നേരിട്ട് കണ്ടിട്ടില്ലെന്ന് പറഞ്ഞു.

ഭരണപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും സാമ്പത്തിക ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കുമെന്നും എന്നാല്‍ അത് ദുരുപയോഗമല്ല, ശരിയായ രീതിയില്‍ അക്കൗണ്ടില്‍ രേഖപ്പെടുത്താത്തതാകാമെന്നും അദ്ദേഹം പറഞ്ഞു.

ഐ സി സിയുടെ വിലക്കിന് പ്രധാന കാരണം സംഘടനയുടെ ഭരണപരമായ വീഴ്ചകളും സാമ്പത്തിക മേല്‍നോട്ടത്തിന്റെ അഭാവവുമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്‌പോര്‍ട്സ് കാനഡയില്‍ നിന്നുള്ള ഫണ്ടിംഗ് നിര്‍ത്തലാക്കിയിട്ടും അത് ഇപ്പോഴും ലഭിക്കുന്നതായി ബജറ്റില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായും ഐ സി സി ആരോപിച്ചു.

കൂടാതെ നിയമച്ചെലവ് 25,000 ഡോളറിന് താഴെയാണെന്ന് കാണിച്ചിരുന്നുവെങ്കിലും ബ്രിട്ടീഷ് കൊളംബിയ കോടതിയിലെ പുതിയ വിധിപ്രകാരം അത് ഏകദേശം 4.6 ലക്ഷം ഡോളറിലെത്താമെന്നാണ് സൂചന.

ക്രിക്കറ്റ് കാനഡയും പ്രവിശ്യാ അസോസിയേഷനുകളും തമ്മിലുള്ള ആഭ്യന്തര തര്‍ക്കങ്ങളും വ്യക്തിപരമായ അധികാരമോഹവുമാണ് സംഘടനയെ പ്രതിസന്ധിയിലാക്കിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതും ഐ സി സി ചൂണ്ടിക്കാട്ടി.

മുന്‍ സി ഇ ഒ സല്‍മാന്‍ ഖാനെ പുറത്താക്കിയതിന് ശേഷം പുതിയ ജനറല്‍ മാനേജരെയും സി ഇ ഒയെയും നിയമിക്കാന്‍ സുതാര്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന ഫെഡറല്‍ കായിക മന്ത്രാലയത്തിന്റെ ആശങ്കകളും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഐ സി സി വ്യക്തമാക്കി.

മിസിസാഗയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഇടക്കാല പ്രസിഡന്റായിരുന്ന അര്‍വിന്ദര്‍ ഖോസയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇതിന് ആറാഴ്ച മുമ്പ് കോടതി നിര്‍ദേശപ്രകാരം ചേര്‍ന്ന പ്രത്യേക പൊതുയോഗത്തിലാണ് ഖോസ ഇടക്കാല പ്രസിഡന്റായത്.

കഴിഞ്ഞ വര്‍ഷം ഖോസയുടെ നേതൃത്വത്തില്‍ ചില പ്രവിശ്യാ ക്രിക്കറ്റ് അസോസിയേഷനുകള്‍ ബി സി സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഭരണപരമായ ആശങ്കകളും സാമ്പത്തിക നിയന്ത്രണങ്ങളിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി അന്നത്തെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ഉള്‍പ്പെടെ നാല് ഡയറക്ടര്‍മാരെ പുറത്താക്കണമെന്നായിരുന്നു ആവശ്യം.

മാര്‍ച്ചില്‍ കോടതി പ്രവിശ്യകളുടെ വാദം അംഗീകരിച്ചതോടെ വോട്ടെടുപ്പ് നടത്താന്‍ ഉത്തരവായി. ഇതോടെയാണ് ഖോസ പ്രസിഡന്റാകുകയും മുന്‍ പ്രസിഡന്റ് അംജദ് ബജ്വ പുറത്താകുകയും ചെയ്തത്.


ക്രിക്കറ്റ് കാനഡയ്ക്ക് ഐ സി സിയുടെ സാമ്പത്തിക വിലക്ക്; നടപടി അഴിമതിയും ഭരണ വീഴ്ചകളും ചൂണ്ടിക്കാട്ടി

അതേസമയം, 'ഫിഫ്ത് എസ്റ്റേറ്റ്' അന്വേഷണത്തില്‍ ഖോസയ്ക്ക് ബിഷ്നോയ് ഗ്യാങുമായി ബന്ധമുണ്ടെന്നാരോപിക്കുന്ന ചില താരങ്ങളുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. 2025ല്‍ ദേശീയ ടീമിലെ ഒരു താരത്തെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പില്‍ ദില്‍പ്രീത് ബജ്വയെ കാനഡയുടെ ക്യാപ്റ്റനാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 17ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലെ സംശയാസ്പദ പ്രകടനത്തെ തുടര്‍ന്ന് ദില്‍പ്രീത് ബജ്വ ഇപ്പോള്‍ ഐ സി സിയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ അന്വേഷണത്തിലാണ്.

ഇടക്കാല പ്രസിഡന്റാകുന്നതിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ ഖോസ എല്ലാ ആരോപണങ്ങളും നിഷേധിച്ചിരുന്നു. തനിക്കെതിരെയുള്ളത് രാഷ്ട്രീയ പ്രചാരണമാണെന്നും ഇത്തരത്തിലുള്ള കാര്യങ്ങളില്‍ താന്‍ ഒരിക്കലും പങ്കാളിയല്ലെന്നുമാണ് ഖോസ പ്രതികരിച്ചത്. 

പുതിയ പ്രസിഡന്റിനെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് പുതിയ ഭരണസമിതി വിശദമായി ചര്‍ച്ച ചെയ്തതായി വൈസ് പ്രസിഡന്റ് രഞ്ജിത് ചൗധരി പറഞ്ഞു.

രണ്ടുമണിക്കൂര്‍ നീണ്ട യോഗത്തില്‍ എല്ലാ ചോദ്യങ്ങളും നേരിട്ട് ചോദിച്ചതായും പൊലീസിന്റെ അന്വേഷണവും കേസുകളും ഒന്നുമില്ലെന്ന് തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് കാനഡയുടെ പുതിയ ബോര്‍ഡ് അംഗവും നോവ സ്‌കോഷ്യ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ അമിത് ജോഷിയും ഖോസയെ പിന്തുണച്ചു. ഇതുവരെ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും അംഗങ്ങള്‍ക്കറിയാവുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വിശ്വസിക്കുകയാണെന്നും ജോഷി പറഞ്ഞു.