ടെക്‌സാസ്: കിലിയൻ എംബാപ്പെയുടെ രണ്ടാംപകുതിയിലെ പെനാൽറ്റി ഗോളിന്റെ മികവിൽ പാരഗ്വായെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഫ്രാൻസ് ഫിഫ ലോകകപ്പ് പ്രീക്വാർട്ടർ കടന്നു. ഇതോടെ ഫ്രഞ്ച് ടീം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.
മത്സരത്തിന്റെ തുടക്കത്തിൽ ഇരുടീമുകളും സൂക്ഷ്മതയോടെയാണ് കളിച്ചത്. പന്തടക്കത്തിൽ ഫ്രാൻസിനായിരുന്നു മുൻതൂക്കമെങ്കിലും പാരഗ്വായ് പ്രതിരോധം ഫ്രഞ്ച് മുന്നേറ്റങ്ങളെ ഫലപ്രദമായി തടഞ്ഞു. മറുവശത്ത്, ഡീഗോ ഗോമസിന്റെ നേതൃത്വത്തിൽ പാരഗ്വായും ചില മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാനായില്ല.
ആദ്യപകുതിയുടെ അവസാനത്തോടെ മത്സരം ചൂടുപിടിച്ചു. എംബാപ്പെയെ തുടർച്ചയായി ഫൗൾ ചെയ്തതിനെ തുടർന്ന് ഇരുടീമിലെയും താരങ്ങൾ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. റഫറി ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
രണ്ടാംപകുതിയിൽ ആക്രമണം ശക്തമാക്കിയ ഫ്രാൻസിന് 70ാം മിനിറ്റിൽ നിർണായക അവസരം ലഭിച്ചു. ബോക്‌സിനുള്ളിൽ എംബാപ്പെയെ വീഴ്ത്തിയതിന് വാർ പരശോധനയ്ക്ക് പിന്നാലെ റഫറി പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത എംബാപ്പെ പിഴവില്ലാതെ പന്ത് വലയിലെത്തിച്ച് ഫ്രാൻസിന് ലീഡ് സമ്മാനിച്ചു.
ശേഷം സമനില ഗോൾ നേടാനുള്ള പാരഗ്വായുടെ ശ്രമങ്ങൾ ഫ്രഞ്ച് പ്രതിരോധം ചെറുത്തു. ഈ ഗോളോടെ ലോകകപ്പിൽ എംബാപ്പെയുടെ ഗോൾ നേട്ടം ഏഴായി. ഇതോടെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ അദ്ദേഹം ലയണൽ മെസ്സിക്കൊപ്പമെത്തി.
