ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെൻ സ്റ്റോക്‌സ്; ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റോടെ അന്താരാഷ്ട്ര കരിയറിന് വിരാമം

ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെൻ സ്റ്റോക്‌സ്; ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റോടെ അന്താരാഷ്ട്ര കരിയറിന് വിരാമം


ലണ്ടൻ: ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനും ലോകക്രിക്കറ്റിലെ ഏറ്റവും സ്വാധീനമുള്ള ഓൾറൗണ്ടർമാരിലൊരാളുമായ ബെൻ സ്റ്റോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ന്യൂസിലൻഡിനെതിരായ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റ് അവസാനിക്കുന്നതോടെ 15 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിന് അദ്ദേഹം വിരാമമിടും.

നാലാം ദിന മത്സരത്തിനിടെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സ്റ്റോക്‌സിന്റെ വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡ്രസിങ് റൂമിൽ സഹതാരങ്ങളോട് തീരുമാനം അറിയിക്കുന്ന സ്റ്റോക്‌സിന്റെ വീഡിയോയും ബോർഡ് പുറത്തുവിട്ടു. ഈ ടെസ്റ്റ് മത്സരമാണ് ഇംഗ്ലണ്ടിനായി ക്യാ്ര്രപനായും താരമായും തന്റെ അവസാന മത്സരമെന്ന് സ്റ്റോക്‌സ് വ്യക്തമാക്കി.

2011ൽ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച സ്റ്റോക്‌സ് രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. 2019ലെ ഏകദിന ലോകകപ്പ് ഫൈനലിൽ നിർണായക ഇന്നിങ്‌സിലൂടെ ഇംഗ്ലണ്ടിനെ ആദ്യ ലോകകിരീടത്തിലേക്ക് നയിച്ചതും 2022ലെ ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ അർധസെഞ്ചുറിയുമായി കിരീടവിജയത്തിൽ നിർണായക പങ്കുവഹിച്ചതും അദ്ദേഹത്തിന്റെ കരിയറിലെ മികച്ച നേട്ടങ്ങളാണ്.

2019ലെ ആഷസ് പരമ്പരയിലെ ലീഡ്‌സ് ടെസ്റ്റിൽ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ പുറത്തെടുത്ത ഐതിഹാസിക ഇന്നിങ്‌സ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായി ഇന്നും ഓർക്കപ്പെടുന്നു.

ഇതിനിടെ, ലോർഡ്‌സ് ടെസ്റ്റിന് ശേഷമുള്ള നൈറ്റ് ക്ലബ് വിവാദത്തെ തുടർന്ന് സ്റ്റോക്‌സിനെയും ഗസ് അറ്റ്കിൻസനെയും ഇംഗ്ലണ്ട് ടീം താൽക്കാലികമായി പുറത്താക്കിയിരുന്നു. പിന്നീട് അന്വേഷണത്തിൽ ഇരുവരും കുറ്റവിമുക്തരായതിനെ തുടർന്ന് മൂന്നാം ടെസ്റ്റിലൂടെ ടീമിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ന്യൂസിലൻഡിനെതിരായ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിൽ സ്റ്റോക്‌സ് ടീമിനായി അവസാന പോരാട്ടം തുടരുകയാണ്. ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ആധുനിക ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച നായകനെയാണ് ക്രിക്കറ്റ് ലോകം യാത്രയാക്കുന്നത്.