കാനഡയ്ക്ക് ഞെട്ടൽ; ബോസ്‌നിയക്കെതിരെ സമനിലയിൽ കുടുങ്ങി ആതിഥേയർ

കാനഡയ്ക്ക് ഞെട്ടൽ; ബോസ്‌നിയക്കെതിരെ സമനിലയിൽ കുടുങ്ങി ആതിഥേയർ


ടൊറന്റോ: ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് നിരാശ. ഗ്രൂപ്പ് ബി പോരാട്ടത്തിൽ ബോസ്‌നിയ ഹെർസെഗോവിനക്കെതിരെ കാനഡ 11 സമനിലയിൽ കുടുങ്ങി. ഇറ്റലിയെ അട്ടിമറിച്ച് ലോകകപ്പിലെത്തിയ ബോസ്‌നിയ, കാനഡയ്‌ക്കെതിരെയും മികച്ച പ്രകടനം പുറത്തെടുത്തു.

21ാം മിനിറ്റിൽ ജോവോ ലുക്കിച്ചിന്റെ ഹെഡർ ഗോളിലൂടെ ബോസ്‌നിയ മുന്നിലെത്തി. ഇവാൻ ബാസിച്ചിന്റെ കോർണറിൽ നിന്ന് സെഡ് കൊളാസിനാക് നൽകിയ പാസ് ലുക്കിച്ച് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ കാനഡ ആക്രമണം ശക്തമാക്കിയെങ്കിലും ബോസ്‌നിയയുടെ പ്രതിരോധം ഏറെ നേരം ഉറച്ചുനിന്നു.

രണ്ടാം പകുതിയിൽ തുടർച്ചയായി ആക്രമണം നടത്തിയ കാനഡയ്ക്ക് പലതവണ ഗോളിനടുത്തെത്താനായെങ്കിലും ബോസ്‌നിയൻ പ്രതിരോധം വഴങ്ങിയില്ല. 52ാം മിനിറ്റിൽ ലാറിയയുടെ ഷോട്ട് കൊളാസിനാക്കിന്റെ ഇടപെടലിൽ ക്രോസ്ബാറിൽ തട്ടി പുറത്തായി. 65ാം മിനിറ്റിൽ ടാനി ഒലുവസെയിയുടെ ഹെഡറും ഗോൾലൈനിൽ നിന്ന് രക്ഷപ്പെടുത്തി.

ഒടുവിൽ 79ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കൈൽ ലാറിൻ കാനഡയെ രക്ഷിച്ചു. ജൊനാഥൻ ഡേവിഡിന്റെ പാസിൽ നിന്നാണ് ലാറിൻ സമനില ഗോൾ നേടിയത്. അവസാന നിമിഷങ്ങളിൽ വിജയഗോളിനായി കാനഡ ശ്രമിച്ചെങ്കിലും ബോസ്‌നിയയുടെ പ്രതിരോധം ഭേദിക്കാനായില്ല.

പരിക്കേറ്റ അൽഫോൺസോ ഡേവിസിന്റെ അഭാവം കാനഡയുടെ പ്രകടനത്തിൽ വ്യക്തമായി പ്രകടമായി. സമനിലയോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം സ്വന്തമാക്കി.