ന്യൂഡല്‍ഹി: ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ബി സി സി ഐ 51 കോടി രൂപ (ഏകദേശം 5.7 മില്യണ്‍ യു എസ് ഡോളര്‍) പാരിതോഷികം പ്രഖ്യാപിച്ചു. ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് വനിതാ ഏകദിന ലോകകപ്പ് കിരീടം ആദ്യമായി സ്വന്തമാക്കിയതിനെ തുടര്‍ന്നാണ് നീലപ്പെണ്‍ പടയ്ക്ക് ബി സി സി ഐ പ്രഖ്യാപനം നടത്തിയത്.
ചരിത്രവിജയം ആഘോഷിക്കുന്ന ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന് ഈ നേട്ടം ഒരു വഴിത്തിരിവായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
1983-ല്‍ കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ലോകകപ്പ് നേടിയത് ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ കാലഘട്ടം ആരംഭിച്ചതുപോലെ തന്നെയാണ് വനിതകള്‍ നല്‍കിയ പ്രചോദനവും ആവേശവും. ഹര്‍മന്‍പ്രീത് കൗറും ടീമും നേടിയത് ട്രോഫി മാത്രമല്ലന്നും കോടിക്കണക്കിന് ഇന്ത്യന്‍ ഹൃദയങ്ങളും സ്വന്തമാക്കിയെന്നും ബി സി സി ഐ സെക്രട്ടറി ദേവ്ജിത് സൈകിയ പറഞ്ഞു. വനിതാ ക്രിക്കറ്റിന്റെ അടുത്ത തലമുറയ്ക്കുള്ള വഴിയാണ് അവര്‍ തെളിച്ചതെന്നും ഓസ്‌ട്രേലിയയെ സെമിഫൈനലില്‍ തോല്‍പ്പിച്ച നിമിഷം തന്നെയായിരുന്നു വനിതാ ക്രിക്കറ്റിന്റെ ഉയര്‍ച്ചയുടെ തുടക്കമെന്നും അദ്ദേഹം പറഞ്ഞു.
2019 മുതല്‍ 2024 വരെ ബി സി സി ഐ സെക്രട്ടറി ആയി പ്രവര്‍ത്തിച്ച ജയ്ഷാ വനിതാ ക്രിക്കറ്റില്‍ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതായി സൈകിയ കൂട്ടിച്ചേര്‍ത്തു. 'സ്ത്രീ- പുരുഷ കളിക്കാര്‍ക്ക് സമാന പ്രതിഫലം ഉറപ്പാക്കിയത് ജയ്ഷായുടെ നേതൃത്വത്തിലാണെന്നും കഴിഞ്ഞ മാസം ഐ സി സി ചെയര്‍മാന്‍ ജയ്ഷാ വനിതാ ടൂര്‍ണമെന്റുകളിലെ സമ്മാനത്തുക 300 ശതമാനം വര്‍ധിപ്പിച്ചുവെന്നും മുമ്പ് 2.88 മില്യണ്‍ ഡോളറായിരുന്നത് 14 മില്യണ്‍ ഡോളറായി ഉയര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.
വനിതാ ലോകകപ്പ് കിരീടം നേടുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവയാണ് ഇതിനുമുമ്പ് വനിതാ ലോകകപ്പ് നേടിയ രാജ്യങ്ങള്‍.
