ഇതിഹാസ യുഗത്തിന് വിരാമം, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് റൊണാൾഡോ

ഇതിഹാസ യുഗത്തിന് വിരാമം, അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് റൊണാൾഡോ


ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. രണ്ട് പതിറ്റാണ്ടിലേറെക്കാലം പോർച്ചുഗലിന്‍റെ ചുവപ്പും പച്ചയും ജേഴ്‌സിയിൽ വിസ്‌മയങ്ങൾ തീർത്ത താരം, തന്‍റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായൊരു വീഡിയോയിലൂടെയാണ് ഇനി ദേശീയ ടീമിലേക്ക് ഇല്ലെന്ന കാര്യം ലോകത്തെ അറിയിച്ചത്.

അഞ്ച് തവണ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയ താരത്തിന്‍റെ വിരമിക്കലോടെ അന്താരാഷ്ട്ര ഫുട്ബോളിലെ സമാനതകളില്ലാത്ത ഒരു സുവർണ്ണ അധ്യായത്തിനാണ് സമാപ്‌തിയാകുന്നത്. പുരുഷന്മാരുടെ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച (234 മത്സരങ്ങൾ) താരമെന്ന റെക്കോർഡും ഏറ്റവും കൂടുതൽ ഗോളുകൾ (146 ഗോളുകൾ) നേടിയ താരമെന്ന ചരിത്രനേട്ടവും സ്വന്തമാക്കിയാണ് ഇതിഹാസ നായകൻ കളം വിടുന്നത്.

തന്‍റെ വിടവാങ്ങൽ സന്ദേശത്തിൽ ഏറെ വൈകാരികമായാണ് ക്രിസ്റ്റ്യാനോ സംസാരിച്ചത്. 'പോർച്ചുഗീസ് ജനതയോടായി പറയുകയാണ്, ദേശീയ ടീമിന്‍റെ ഏഴാം നമ്പർ ജേഴ്‌സി തിരികെ നൽകാനുള്ള ദിവസം വന്നെത്തിയിരിക്കുന്നു. അത് എന്‍റേത് മാത്രമാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്നാൽ കഴിഞ്ഞ 23 വർഷമായി അത് ധരിക്കാനും സംരക്ഷിക്കാനും ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളിലേക്ക് കൊണ്ടുപോകാനും കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയൊരു ഭാഗ്യവും ഉത്തരവാദിത്തവുമായിരുന്നു. ഇന്ന് അത് ഭാവി തലമുറയ്ക്ക് കൈമാറാനുള്ള സമയമായിരിക്കുന്നു," റൊണാൾഡോ തന്‍റെ സന്ദേശത്തിൽ പറഞ്ഞു.

2003 ആഗസ്റ്റിൽ പോർച്ചുഗലിനായി അരങ്ങേറ്റം കുറിച്ചതു മുതലുള്ള തന്‍റെ സുദീർഘമായ യാത്രയെ താരം അനുസ്‌മരിച്ചു. കരിയറിൽ മറക്കാനാകാത്ത വിജയങ്ങളും അതുപോലെ തന്നെ പ്രയാസമേറിയ നിമിഷങ്ങളും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. തോൽവികളിൽ താൻ ഒരുപാട് വേദനിച്ചിട്ടുണ്ടെന്നും ചില സമയങ്ങളിൽ പോർച്ചുഗീസ് ജനത ആഗ്രഹിച്ച രീതിയിൽ പ്രകടനം പുറത്തെടുക്കാൻ കഴിയാതെ പോയിട്ടുണ്ടെന്നും സമ്മതിച്ച റൊണാൾഡോ, എങ്കിലും മാതൃരാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ താൻ എപ്പോഴും അഭിമാനിച്ചിരുന്നുവെന്നും ഒന്നിന് മുന്നിലും കീഴടങ്ങിയിട്ടില്ലെന്നും വ്യക്തമാക്കി.

തന്‍റെ നീണ്ട കരിയറിൽ ഒപ്പം നിന്ന പരിശീലകര്‍, സഹതാരങ്ങൾ, മെഡിക്കൽ സ്റ്റാഫ്, അണിയറപ്രവർത്തകർ എന്നിവർക്കെല്ലാം താരം നന്ദി രേഖപ്പെടുത്തി. ക്യാമറയ്ക്ക് മുന്നിൽ വരാത്ത ഇവരുടെ പിന്തുണയില്ലാതെ തന്‍റെ വിജയചിത്രങ്ങൾ സാധ്യമാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ദേശീയ ടീമിനായി മാറ്റിവെക്കേണ്ടി വന്ന സമയങ്ങളിലെല്ലാം ത്യാഗങ്ങൾ സഹിച്ചും തനിക്കൊപ്പം നിന്ന കുടുംബത്തിനും താരം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കളം ഒഴിയുമ്പോഴും രാജ്യത്തോടുള്ള തന്‍റെ സ്നേഹം എന്നും ഒരുപോലെ തുടരുമെന്ന് താരം പറഞ്ഞു. "ഇന്ന് ദേശീയ ടീമിനൊപ്പമുള്ള എന്‍റെ കളിമുറ്റത്തെ യാത്ര അവസാനിക്കുകയാണ്. അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ചാണ് ഞാൻ മടങ്ങുന്നത്. പോർച്ചുഗലിനായി എന്‍റെ പരമാവധി ഞാൻ നൽകിയിട്ടുണ്ട്. എങ്കിലും, ഞാൻ എന്നും നിങ്ങളിൽ ഒരാളായി തുടരും. ലോകത്തിലെ ഏറ്റവും മികച്ച രാജ്യത്തെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി എന്നതാണ് എന്‍റെ ഏറ്റവും വലിയ വിജയം. ഈ 23 വർഷത്തെ പിന്തുണയ്ക്കും എന്നിൽ വിശ്വസിച്ചതിനും നന്ദി," റൊണാൾഡോ പറഞ്ഞു നിർത്തി. ക്രിസ്റ്റ്യാനോയുടെ ഈ മടക്കം ലോക ഫുട്ബോളിലെ ഒരു സുവർണ്ണ യുഗത്തിനാണ് സമാപ്‌തി കുറിക്കുന്നത്.