വ്യാജ പീഡന പരാതിയിലെ കസ്റ്റഡി മര്‍ദ്ദനം: എസ്‌ഐയെ സ്ഥലംമാറ്റി; സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

വ്യാജ പീഡന പരാതിയിലെ കസ്റ്റഡി മര്‍ദ്ദനം: എസ്‌ഐയെ സ്ഥലംമാറ്റി; സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ


പത്തനംതിട്ട: പതിമൂന്ന് വയസ്സുകാരിയുടെ വ്യാജ പീഡന ആരോപണത്തില്‍ കസ്റ്റഡിയിലെടുത്തവരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കൂടല്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടർ ജയ്‌മോനെ സ്ഥലംമാറ്റി. സിഐക്കെതിരായ നടപടി ഡിഐജി തീരുമാനിക്കും. കോന്നി സിഐയാണ് കൂടല്‍ സ്‌റ്റേഷന്റെ ചുമതല വഹിച്ചിരുന്നത്. അച്ചടക്ക നടപടി ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി ഡിഐജിക്ക് കൈമാറിയിട്ടുണ്ട്. കൂടല്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചിരുന്നു. 

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി കസ്റ്റഡി മർദ്ദനത്തെ കുറിച്ച് അന്വേഷണം നടത്തിയത്. യുവാവിനെ കസ്റ്റഡിയില്‍ എടുക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല. എന്നാല്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചതും മര്‍ദ്ദിച്ചതും കുറ്റകൃത്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈപ്പാസ് സർജറിക്ക് വിധേയനായ 20 കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. സബ് ഇന്‍സ്‌പെക്ടറും ഏതാനും സിവില്‍ പൊലീസ് ഓഫീസര്‍മാരും ചേര്‍ന്ന് ക്വാർട്ടേഴ്സിൽ വച്ച് മര്‍ദ്ദിച്ചെന്ന് യുവാവ് മൊഴി നല്‍കിയിരുന്നു.

യുവാവും ബന്ധുക്കളും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സന്ദർശിച്ച് പരാതി നല്‍കിയിരുന്നു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ അടക്കം ആറോളം പേരെയാണ് കൂടല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബൂട്ട് കൊണ്ട് ചവിട്ടി കറക്കിയെന്നും, ചെവിയിലും തലമുടിയിലും പിടിച്ചുവലിച്ച് മര്‍ദ്ദിച്ചെന്നും യുവാവ് പറയുന്നു. പോലീസ് ഉപദ്രവിച്ചതായി കാണിച്ച് കസ്റ്റഡിയിലെടുത്ത മറ്റ് വിദ്യാര്‍ത്ഥികളും ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

ഈ മാസം ആറാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം. തന്നെ സഹപാഠികൾ അടക്കം പത്ത് പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന് 13കാരി പരാതിപ്പെട്ടതോടെയാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ ഉണ്ടാകുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിരവധി ചെറുപ്പക്കാരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പീഡനം നടത്തിയെന്ന് കണ്ടെത്താനായില്ല. വൈദ്യപരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്ന് തെളിഞ്ഞു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രണയ നൈരാശ്യത്തില്‍ പെണ്‍കുട്ടി കെട്ടിച്ചമച്ച കള്ളക്കഥയാണെന്ന് കണ്ടെത്തുകയായിരുന്നു.