തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം പാലപുരയിൽ വാടകയ്ക്ക് താമസിച്ചിരുന്ന സുമൻ (38) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണൻ എന്നിവരുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. വിഷു ആഘോഷത്തിന് ശേഷം രാത്രി പതിനൊന്നോടെ ബാറിൽ മദ്യപിച്ചിരുന്ന പ്രതികളും മറ്റൊരാളുമായി തർക്കത്തിൽ ഏർപ്പെട്ടതായി വിവരങ്ങൾ സൂചിപ്പിക്കുന്നു. ഈ തർക്കം ഒത്തുതീർക്കാൻ സുമൻ ഇടപെട്ടതോടെ പ്രതികൾ അദ്ദേഹത്തെ ലക്ഷ്യമാക്കി മർദനം ആരംഭിച്ചതായാണ് പൊലീസ് പറയുന്നത്.
ബാറിനുള്ളിൽവെച്ച് മർദനമേറ്റ സുമൻ രക്ഷപ്പെടാനായി പുറത്തേക്ക് ഓടിയെങ്കിലും, പിന്നാലെ എത്തിയ പ്രതികൾ റോഡിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുമനെ അബോധാവസ്ഥയിൽ റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു.
വിവരം അറിഞ്ഞ് എത്തിയ വിഴിഞ്ഞം പൊലീസ് സുമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുമന്റെ തലയിലും മുഖത്തും നെഞ്ചിലും ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിഡിയോ പകർത്തിയ ആളിനെ ഭീഷണിപ്പെടുത്തുന്നതും, 'കേസായാലും പ്രശ്‌നമില്ല, അവനെ ചവിട്ടൂ' എന്ന് പ്രതികളിൽ ഒരാൾ പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ബാറിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതായാണ് വിവരം.
വിഴിഞ്ഞത്ത് ബാറിൽ തർക്കം: യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി, നാല് പേർ പിടിയിൽ
