ചെന്നിത്തലയെ കാണാന്‍ കടകംപള്ളിയെത്തി; ഹെല്‍മറ്റ് വയ്ക്കാതെ സ്കൂട്ടറിൽ എത്തിയതിന് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

ചെന്നിത്തലയെ കാണാന്‍ കടകംപള്ളിയെത്തി; ഹെല്‍മറ്റ് വയ്ക്കാതെ സ്കൂട്ടറിൽ എത്തിയതിന് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്


തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസും വിവാദങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടെ, ആരോപണ വിധേയനായ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ഏതാണ്ട് 15 മിനിറ്റോളം സമയം കൂടിക്കാഴ്ച നീണ്ടു. ഒന്നു രണ്ട് ചെറിയ ശുപാര്‍ശകള്‍ക്കാണ് ആഭ്യന്തരമന്ത്രിയുടെ വീട്ടിലെത്തിയതെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പിന്നീട് പറഞ്ഞത്. ഡ്രൈവര്‍ എത്താത്തതുകൊണ്ടാണ് സ്‌കൂട്ടറില്‍ വന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഹെല്‍മറ്റ് വയ്ക്കാതെ യാത്രചെയ്തതിനെതിരേ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. കടകംപള്ളി സുരേന്ദ്രന്റെ പ്രവൃത്തി തെറ്റായ സന്ദേശം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. മുന്‍മന്ത്രിയുടെ ഹെല്‍മറ്റ് ഇല്ലാത്ത യാത്രയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അമ്പലമുക്ക് രഞ്ജിത്താണ് ഗതാഗത കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഉന്നതനായ നേതാവ് ഇത്തരത്തില്‍ നിയമ ലംഘനം നടത്തിയത് ശരിയല്ല. നിയമലംഘനത്തിന് കടകംപള്ളിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. 

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രിയായി കടകംപള്ളി സുരേന്ദ്രനെതിരെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വര്‍ണക്കൊള്ളയില്‍ അടുത്ത മാസം 26നുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ( എസ്‌ഐടി) ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കേസില്‍ അടുത്തിടെ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രശാന്തിനെയും എസ്‌ഐടി പ്രതി ചേർത്തിട്ടുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയാതെ നടക്കില്ലെന്ന് മുമ്പ് രമേശ് ചെന്നിത്തല ആരോപിക്കുകയും ചെയ്തിരുന്നു.