കൊച്ചി: ഫെയ്‌സ് ക്രീം മാറ്റിവച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ അമ്മയെ കമ്പിപ്പാര ഉപയോഗിച്ച് ക്രൂരമായി മർദിച്ച് വാരിയെല്ല് ഒടിച്ച മകളെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പളം പനങ്ങാട് തിട്ടയിൽ വീട്ടിൽ താമസിക്കുന്ന സരസുവിനെ മർദ്ദിച്ച കേസിലാണ് മകൾ നിവ്യ ആക്രമിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഫെയ്‌സ് ക്രീം കാണാനില്ലെന്ന കാരണത്തിൽ തുടങ്ങിയ തർക്കത്തിനിടെ നിവ്യ ആദ്യം സരസുവിന്റെ കഴുത്തിൽ കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. തുടർന്ന് നിലത്തിട്ട് ചവിട്ടിയ ശേഷം കമ്പിപ്പാര കൊണ്ട് അടിക്കുകയായിരുന്നു. ആക്രമണത്തിൽ സരസുവിന്റെ വാരിയെല്ല് ഒടിഞ്ഞു. കരച്ചിൽ കേട്ട് എത്തിയ നാട്ടുകാർ സരസുവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സരസുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് നിവ്യയെ വയനാട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. നിവ്യയ്ക്ക് മുമ്പ് കൊലപാതകവും കഞ്ചാവ് കേസുകളും ഉൾപ്പെടെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. വിവാഹിതയായ നിവ്യ ഭർത്താവുമായി അകന്ന് കഴിയുകയാണെന്നും പൊലീസ് പറഞ്ഞു.
ഫെയ്‌സ് ക്രീം തർക്കം: അമ്മയെ കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ല് തകര്‍ത്ത മകൾ അറസ്റ്റിൽ
