മുഖ്യമന്ത്രി പദവിക്ക് ചെന്നിത്തലയും രംഗത്ത്; 'സീനിയോറിറ്റിയും പിന്തുണയും പരിഗണിക്കണം'

മുഖ്യമന്ത്രി പദവിക്ക് ചെന്നിത്തലയും രംഗത്ത്; 'സീനിയോറിറ്റിയും പിന്തുണയും പരിഗണിക്കണം'


തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ചകൾ ശക്തമാകുന്നതിനിടെ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അവകാശവാദവുമായി മുന്നോട്ട് വന്നു. പാർട്ടിയിലെ സീനിയർ നേതാവായതിനാൽ താൻ പരിഗണിക്കപ്പെടാമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുക പാർട്ടി നേതൃത്വത്തിന്റെ ഉത്തരവാദിത്വമാണെന്ന് ചെന്നിത്തല പറഞ്ഞു. സീനിയോറിറ്റി മാനദണ്ഡമാക്കണോ, എംഎൽഎമാരുടെ പിന്തുണ കണക്കാക്കണോ എന്നത് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് 'മോശമല്ലാത്ത' എംഎൽഎമാരുടെ പിന്തുണ ലഭിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

ഘടകകക്ഷികളുമായി യാതൊരു തർക്കവും ഉണ്ടാകില്ലെന്നും, നിലവിൽ ആരും സ്ഥാനാർത്ഥിത്വത്തിനായി തുറന്ന ക്യാൻവാസിംഗ് നടത്തുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഇതുവരെ എംഎൽഎമാരുടെ എണ്ണം കൃത്യമായി പരിശോധിച്ചിട്ടില്ലെന്നും, എല്ലാവരെയും മന്ത്രിയാക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഫലത്തിൽ പ്രതിഫലിച്ചതെന്ന് തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുമ്പോൾ, ചെന്നിത്തല പറഞ്ഞു. ജനങ്ങൾ ശക്തമായി പിണറായി വിജയനെതിരെ വിധി പ്രസ്താവിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫിന് 80ലധികം സീറ്റുകൾ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും, പോസിറ്റീവ് അജണ്ടയ്ക്ക് ലഭിച്ച അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വിലയിരുത്തി.

ധർമ്മടം മണ്ഡലത്തിൽ യഥാർത്ഥ വിജയിയായി വി.പി. അബ്ദുൾ റഷീദിനെ അദ്ദേഹം വിശേഷിപ്പിച്ചു. എംപിമാരെ മത്സരിപ്പിക്കാതിരുന്നത് കൂട്ടായ തീരുമാനമായിരുന്നുവെന്നും, ഭാവിയിൽ എംപിമാർ നിയമസഭയിലേക്ക് വരണമോയെന്ന് തീരുമാനിക്കുക ഹൈക്കമാൻഡാണെന്നും അദ്ദേഹം പറഞ്ഞു.

സമുദായ നേതാക്കളുടെ പ്രസ്താവനകളോട് പ്രതികരിക്കേണ്ടത് നിർബന്ധമല്ലെന്നും, ചില യഥാർത്ഥ കമ്യൂണിസ്റ്റുകാർ യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. 2011ൽ മുതിർന്ന നേതാവായ ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതും താനാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.